ഓസ്‌ട്രേലിയയുടെ കിരീടധാരണത്തിനു ശേഷം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് മൂന്നാം സീസണിലേക്കു കടന്നിരിക്കുകയാണ്. ഇനിയുള്ള രണ്ടു വര്‍ഷം അടുത്ത കലാശപ്പോരാട്ടത്തിനു വേണ്ടിയുള്ള തീപാറും മല്‍സരങ്ങള്‍ നമുക്കു കാണാന്‍ സാധിക്കും. 2022 മുതലുള്ള ടെസ്റ്റ് മല്‍സരങ്ങളെടുത്താല്‍ നിരവധി ശ്രദ്ധേയമായ ബാറ്റിങ് പ്രകടനങ്ങള്‍ നമുക്കു കാണാന്‍ സാധിച്ചിട്ടുണ്ട്.
വൈറ്റ് ബോള്‍ ക്രിക്കറ്റിനെ അപേക്ഷിച്ച് വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കും ക്ഷമയും പോരാട്ടവീര്യവുമെല്ലാം ടെസ്റ്റില്‍ ഒരു ബാറ്റര്‍ക്കു ആവശ്യമാണ്. ഇതിനാല്‍ തന്നെ ടെസ്റ്റ് ഫോര്‍മാറ്റില്‍ സ്വന്തം ടീമിനായി നന്നായി പെര്‍ഫോം ചെയ്യുകയെന്നതു ഏതൊരു ബാറ്ററുടെയു സ്വപ്‌നമാണ്.

2022 മുതല്‍ ഇതുവരെയുള്ള ടെസ്റ്റുകളെടുത്താല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ലോകത്തിലെ 10 ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ഇന്ത്യയുടെ ഒരു താരം പോലും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് നിരാശാജനകമായ കാര്യം.
പത്താം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയന്‍ മധ്യനിര ബാറ്റര്‍ ട്രാവിസ് ഹെഡാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 312ഉം സൗത്താഫ്രിക്കയ്‌ക്കെതിരേ 213ഉം റണ്‍സ് താരം നേടി. 2022ല്‍ ടെസ്റ്റില്‍ 15 ഇന്നിങിങ്‌സുകളില്‍ നിന്നും 655 റണ്‍സാണ് ഹെഡിന്റെ സമ്പാദ്യം. ഈ വര്‍ഷം ഇന്ത്യക്കെതിരേ 235ഉം ഡബ്ല്യുടിസി ഫൈനലിലെ ആദ്യ ഇന്നിങ്‌സില്‍ 163ഉം റണ്‍സ് നേടാന്‍ അദ്ദേഹത്തിനു സാധിച്ചു.
ന്യൂസിലാന്‍ഡിന്റെ ഡാരില്‍ മിച്ചെലാണ് ഒമ്പതാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 11 ഇന്നിങ്‌സുകളില്‍ നിന്നും 683 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. ഇതില്‍ 538 റണ്‍സും മിച്ചെല്‍ നേടിയത് ഇംഗ്ലണ്ടിനെതിരേയാണ്.
ഇംഗ്ലണ്ടിന്റെ മധ്യനിര ബാറ്റര്‍ ഓലി പോപ്പാണ് എട്ടാംസ്ഥാനത്ത്. 2018 മുതല്‍ അദ്ദേഹം ഇംഗ്ലീഷ് ടീമിന്റെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷം 11 ഇന്നിങ്‌സുകളില്‍ നിന്നും പോപ്പിന്റെ സമ്പാദ്യം 713 റണ്‍സാണ്. ഇംഗ്ലണ്ടിന്റെ തന്നെ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്‌സാണ് ഏഴാംസ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ദേശീയ ടീമിനു വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ താരം അദ്ദേഹമാണ്. 26 ഇന്നിങ്‌സുകളില്‍ നിന്നും 870 റണ്‍സ് സ്റ്റോക്‌സ് കഴിഞ്ഞ വര്‍ഷം അടിച്ചെടുത്തിരുന്നു.
ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്താണ് ആറാംസ്ഥാനത്തു നില്‍ക്കുന്നത്. 18 ഇന്നിങ്‌സുളില്‍ നിന്നും അദ്ദേഹം നേടിയത് 876 റണ്‍സായിരുന്നു. കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യക്കെതിരേയും ഓസീസ് വിജയത്തില്‍ സ്മിത്ത് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയോടെയാണ് അദ്ദേഹം മിന്നിച്ചത്.

ഓസ്‌ട്രേലിയയുടെ മറ്റൊരു മധ്യനിര ബാറ്റര്‍ മാര്‍നസ് ലബ്യുഷെയ്‌നാണ് അഞ്ചാംസ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഓസീസിനായി 19 ഇന്നിങ്‌സുകളില്‍ നിന്നും 957 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. വിന്‍ഡീസിനെ ഓസീസ് 2-0നു തൂത്തുവാരിയ പരമ്പരയില്‍ ലബ്യുഷെയ്ന്‍ നേടിയത് 502 റണ്‍സായിരുന്നു.
പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമാണ് ലിസ്റ്റിലെ നാലാമന്‍. 17 ഇന്നിങ്‌സുകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം അദ്ദേഹം വാരിക്കൂട്ടിയത് 1184 റണ്‍സാണ്. ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും അറ്റാക്കിങ് ബാറ്ററുമായ ജോണി ബെയര്‍സ്‌റ്റോയ്ക്കാണ് മൂന്നാംസ്ഥനം. 19 ഇന്നിങ്‌സുകളില്‍ നിന്നും 1061 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ന്യൂസിലാന്‍ഡിനെ ഇംഗ്ലണ്ട് 3-0നു തൂത്തുവാരിയ പരമ്പരയില്‍ ബെര്‍സ്റ്റോ സ്‌കോര്‍ ചെയ്തത് 394 റണ്‍സാണ്. താരത്തിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതു തന്നെ.
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ബാറ്റര്‍മാരിലെ രണ്ടാമന്‍. കഴിഞ്ഞ വര്‍ഷം 20 ഇന്നിങ്‌സുകളില്‍ നിന്നും 1080 റണ്‍സ് അദ്ദേഹം നേടി. ഇംഗ്ലണ്ട് മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ടാണ് തലപ്പത്ത്. 27 ഇന്നിങ്‌സുകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ സമ്പാദ്യം 1098 റണ്‍സായിരുന്നു. അഞ്ചു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കമായിരുന്നു ഇത്. കഴിഞ്ഞ ജൂണില്‍ ന്യൂസിലാന്‍ഡിനെതിരേ ആറു ഇന്നിങ്‌സുകളില്‍ നിന്നും 396 റണ്‍സെടുത്തതാണ് റൂട്ടിന്റെ ഏറ്റവും മികച്ച പ്രകടനം.