ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് സുനില്‍ ഗവാസ്‌കറുടെ സ്ഥാനം. വിരമിച്ച ശേഷം അംപയറുടെ റോളില്‍ ഇപ്പോഴും ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സുപരിചിതനാണ് അദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് ക്ലബ്ബിലെ ആദ്യത്തെ അംഗം ഗവാസ്‌കറായിരുന്നു. തനിക്കു പിന്നാലെ വന്നവര്‍ക്കു ഈ എലൈറ്റ് ക്ലബ്ബിലേക്കു വഴികാണിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. വളരെ ബുദ്ധിമുട്ടേറിയ പിച്ചുകളില്‍ ഹെല്‍മറ്റ് പോലുമില്ലാതെയായിരുന്നു ഗവാസ്‌കര്‍ ലോകത്തെ വിറപ്പിച്ചിരുന്ന ഫാസ്റ്റ് ബൗളര്‍മാരെ നേരിട്ടിരുന്നത്.

മുന്‍ ഇതിഹാസ പേസര്‍മാരായ മാല്‍ക്കം മാര്‍ഷല്‍, ജോള്‍ ഗാര്‍ണര്‍, ഡെന്നിസ് ലില്ലി, ഇയാന്‍ ബോത്തം, ജെഫ് ജോംസണ്‍ തുടങ്ങിയവര്‍ക്കെതിരേയെല്ലാം ഗവാസ്‌കര്‍ കളിച്ചിട്ടുണ്ട്. 140 കിമിക്കു മുകളില്‍ അനായാസം ബൗള്‍ ചെയ്യാന്‍ മിടുക്കുള്ളവരായിരുന്നു ഇവരെല്ലാം. കളിച്ചിരുന്ന കാലത്തു നേരിടാന്‍ ഏറ്റവുമധികം ഭയപ്പെട്ടിരുന്ന ബൗളര്‍മാര്‍ ആരൊക്കെയായിരുന്നുവെന്നും തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരായിരുന്നുവെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് 71 കാരനായ ഗവാസ്‌കര്‍.
വേഗം, ബൗളിങിലെ മികവ് എന്നിവ നോക്കിയാല്‍ രണ്ടു ബൗളര്‍മാരെയായിരുന്നു എനിക്കു ഏറ്റവുമധികം ഭയം. വേഗതയെടുത്താല്‍ ജെഫ് തോംസണായിരുന്നു ഏറ്റവും വേഗത്തില്‍ ബൗള്‍ ചെയ്തിരുന്നത്. ഇതിലൂടെ ഏതു ഘട്ടത്തിലും നിങ്ങളെ പുറത്താക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നു. ആന്‍ഡി റോബര്‍ട്ട്‌സായിരുന്നു എന്റെ നെഞ്ചിടിപ്പ് കൂട്ടിയിരുന്ന മറ്റൊരു ബൗളര്‍. എന്നാല്‍ മാല്‍ക്കം മാര്‍ഷല്‍, റിച്ചാര്‍ഡ് ഹാഡ്‌ലി, ഇമ്രാന്‍ ഖാന്‍ എന്നിവരൊന്നും ഇവര്‍ക്കു അധികം പിന്നിലായിരുന്നില്ല. നിങ്ങള്‍ സെഞ്ച്വറിയടിച്ച് ക്രീസില്‍ നിലയുറപ്പിച്ച് നില്‍ക്കുമ്പോള്‍ പോലും പുറത്താക്കാന്‍ ശേഷിയുണ്ടായിരുന്ന ബൗളറായിരുന്നു ആന്‍ഡി. ഏറ്റവുമധികം ശ്രദ്ധിച്ച് ബാറ്റ് ചെയ്യേണ്ടിയിരുന്നതും അദ്ദേഹത്തെയായിരുന്നുവെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി.

ഗവാസ്‌കറുടെ കാലഘട്ടത്തിലെ ഏറ്റവും വേഗമേറിയ ബൗളറെന്നായിരുന്നു ഓസ്‌ട്രേലിയയുടെ തോംസണ്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ടെസ്റ്റില്‍ 51 മല്‍സരങ്ങളില്‍ നിന്നും 3.18 എന്ന ഞെട്ടിക്കുന്ന ഇക്കോണമി റേറ്റില്‍ 200 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. 16 തവണ നാലു വിക്കറ്റ് നേട്ടവും എട്ടു തവണ അഞ്ചു വിക്കറ്റ് നേട്ടവും തോംസണിനെ തേടിയെത്തി. ഏകദിനത്തിലേക്കു വന്നാല്‍ 50 മല്‍സരങ്ങളില്‍ നിന്നും 55 വിക്കറ്റുകളാണ് ഓസീസ് ഇതിഹാസം വീഴ്ത്തിയത്.
എന്നാല്‍ വിന്‍ഡീസിന്റെ ആധുനിക പേസ് ബൗളിങിന്റെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ആന്‍ഡി റോബര്‍ട്ട്‌സ് വേഗം കൊണ്ടായിരുന്നില്ല മറിച്ച് കൃത്യതയും അസാധാരണമായ ലൈനും ലെങ്തും കൊണ്ടായിരുന്നു ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചിരുന്നത്. ടെസ്റ്റില്‍ 202ഉം ഏകദിനത്തില്‍ 87ഉം വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
അതേസമയം, തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സായിരുന്നുവെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ആരോടു ചോദിച്ചാലും റിച്ചാര്‍ഡ്‌സെന്നായിരിക്കും അവരുടെ മറുപടി. എതിര്‍ ടീം ബൗളിങ് ആക്രമണത്തിനുമേല്‍ അത്രയും ആധിപത്യം അദ്ദേഹം സ്ഥാപിച്ചിരുന്നു. മല്‍സരം തനിച്ച് തട്ടിയെടുക്കാന്‍ റിച്ചാര്‍ഡ്‌സിനാവുമായിരുന്നു. അതുകൊണ്ടു തന്നെ എതിര്‍ ടീമില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ അദ്ദേഹം തന്നെയാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.