
ജയദേവ് ഉനാട്കട്ട്
വളരെ മുമ്പാണ് ജയദേവ് ഉനാട്കട്ടിനെ ഇന്ത്യ പരീക്ഷിച്ചത്. സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ എന്നിവര്‍ സജീവമായിരുന്ന കാലത്തു തന്നെയാണ് അദ്ദേഹത്തെ ഇന്ത്യ കുറച്ചു മല്‍സരങ്ങളില്‍ പരീക്ഷിച്ചത്. പക്ഷെ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ഉനാട്കട്ടിനായില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും മോശമല്ലാത്ത പ്രകടനങ്ങള്‍ താരം നടത്തുന്നുണ്ടെങ്കിലും ഇനി ദേശീയ ടീമിലേക്കു പരിഗണിക്കാന്‍ സാധ്യത തീരെ കുറവാണ്.

ശ്രീനാഥ് അരവിന്ദ്
ഐപിഎല്ലില്‍ നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സിനു വേണ്ടി നടത്തിയിട്ടുള്ള മികച്ച പ്രകടനങ്ങളായിരുന്നു ശ്രീനാഥ് അരവിന്ദിന് ഇന്ത്യന്‍ ടീമിലേക്കു വഴി തുറന്നത്. പക്ഷെ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ താരം പരീക്ഷിക്കപ്പെട്ടുള്ളൂ. അതിനു ശേഷം ഒരിക്കല്‍പ്പോലും ശ്രീനാഥിന് ദേശീയ ടീമിലിടം ലഭിച്ചില്ല. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടക ടീമിന്റെ കോച്ചിങ് സംഘത്തിലൊരാളാണ് അദ്ദേഹം.

ഖലീല്‍ അഹമ്മദ്
സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ എന്നിവര്‍ വിരമിക്കുന്നതിനു മുമ്പ് ഇന്ത്യ പരീക്ഷിച്ച മറ്റൊരു ഇടംകൈയന്‍ ഫാസ്റ്റ് ബൗളറാണ് ഖലീല്‍ അഹമ്മദ്. അണ്ടര്‍ 19 തലത്തില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയതോടെ അദ്ദേഹത്തിനു സീനിയര്‍ ടീമിലേക്കും വിളി വരികയായിരുന്നു. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ഒരുപാട് അവസരങ്ങള്‍ ഖലീലിനു ലഭിച്ചെങ്കിലും ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും തന്നെ നടത്തിയില്ല. എന്നാല്‍ ഇപ്പോഴും ചെറുപ്പമായതിനാല്‍ ദേശീയ ടീമിലേക്കുള്ള ഖലീലിന്റെ വഴി പൂര്‍ണമായി അടഞ്ഞിട്ടില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനായാല്‍ താരത്തിനു ഇനിയും മടങ്ങിവരാന്‍ സാധിച്ചേക്കും.

ബരീന്ദര്‍ സ്രാന്‍
2016ല്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരമാണ് ബരീന്ദര്‍ സ്രാന്‍. ആഭ്യന്തര ക്രിക്കറ്റിലെ മോശമല്ലാത്ത പ്രകടനവും 2016ലെ ഐപിഎല്ലിനെ പ്രകടനവുമാണ് താരത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. പക്ഷെ ടീമിലെ സ്ഥാനമുറപ്പിക്കാന്‍ സ്രാനു കഴിഞ്ഞില്ല. നിലവില്‍ ഐപിഎല്ലിലും ഒരു ടീമിന്റെയും ഭാഗമല്ല അദ്ദേഹം.

ടി നടരാജന്‍
2020ലെ ഐപിഎല്ലിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജന്‍. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ താരം ഐപിഎല്ലിനു പിന്നാലെ ദേശീയ ടീമിലുമെത്തി. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയയായിരുന്നു. ഈ പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും നടരാജന്‍ അരങ്ങേറുകയും മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പക്ഷെ പരിക്ക് അപ്രതീക്ഷിത വില്ലനായതോടെ താരം ടീമിന് പുറത്തായി. എങ്കിലും ദേശീയ ടീമിലേക്കു വീണ്ടും മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. വരാനിരിക്കുന്ന ഐപിഎല്ലില്‍ തിളങ്ങാനായാല്‍ നട്ടുവിന് ടീമില്‍ തിരിച്ചെത്താനായേക്കും.

ചേതന്‍ സക്കാരിയ
ഏറ്റവും അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ച ഇടംകൈയന്‍ പേസറാണ് ചേതന്‍ സക്കാരിയ. കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. മോശമല്ലാത്ത പ്രകടനം സക്കാരിയ കാഴ്ചവയ്ക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനോടൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് അദ്ദേഹം. റോയല്‍സിനൊപ്പമുള്ള മികച്ച പ്രകടനം സക്കാരിയക്കു ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുക്കുകയായിരുന്നു. നടരാജനെപ്പോലെ തന്നെ ഇനിയും ദേശീയ ടീമിലേക്കു മടങ്ങിവരാന്‍ സാധിക്കുന്ന താരം കൂടിയാണ് അദ്ദേഹം.


Click it and Unblock the Notifications











