ഐപിഎല്ലില്‍ ഹീറോ, എന്നാല്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ വന്‍ 'ഫ്‌ളോപ്പ്', ഇന്ത്യന്‍ താരങ്ങള്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവ് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണ്. നിരവധി യുവതാരങ്ങള്‍ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ ടീമിന്റെ ബെഞ്ച് കരുത്ത് സമീപകാലത്ത് എല്ലാ എതിരാളികളെയും ഞെട്ടിക്കുന്നതായിരുന്നു. ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ഐപിഎല്ലിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലെത്തിയവരാണ്.
എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ തിളങ്ങാന്‍ സാധിക്കാതെ പോയിട്ടുണ്ട്. അത്തരത്തില്‍ ഐപിഎല്ലില്‍ വമ്പന്‍ പ്രകടനം നടത്തുകയും അന്താരാഷ്ട്ര ടി20യില്‍ നിരാശപ്പെടുത്തുകയും ചെയ്ത അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ജയദേവ് ഉനദ്ഘട്ട്
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള ഇടം കൈയന്‍ പേസറാണ് ജയദേവ് ഉനദ്ഘട്ട്. റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ടീമിന്റെയൊക്കെ ഭാഗമാവാന്‍ ഉനദ്ഘട്ടിനായിരുന്നു. 84 ഐപിഎല്ലില്‍ നിന്ന് 8.73 ഇക്കോണമിയില്‍ 85 വിക്കറ്റാണ് ജയദേവ് വീഴ്ത്തിയത്. 2017ല്‍ 12 മത്സരത്തില്‍ നിന്ന് 24 വിക്കറ്റുകള്‍ ജയദേവ് വീഴ്ത്തിയിട്ടുണ്ട്. ഈ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലും ഇടം പിടിക്കാന്‍ താരത്തിനായി. 10 മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് ഉനദ്ഘട്ടിന്റെ പേരിലുള്ളത്. എന്നാല്‍ വലിയ അവസരങ്ങള്‍ താരത്തിന് ലഭിച്ചില്ല.

മോഹിത് ശര്‍മ
പേസ് ബൗളറായ മോഹിത് ശര്‍മ 86 ഐപിഎല്ലില്‍ നിന്നായി 92 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, പഞ്ചാബ് കിങ്‌സ് ടീമുകളുടെ ഭാഗമായിരുന്ന താരം 2013 സീസണില്‍ സിഎസ്‌കെയ്ക്കായി 20 വിക്കറ്റുകള്‍ നേടി. 2014ല്‍ 23 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപും താരം ചൂടി. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം വലിയ നേട്ടമുണ്ടാക്കാനായില്ല. എട്ട് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റാണ് നേടിയത്. ഇക്കോണമി 8.4.

കരണ്‍ ശര്‍മ
68 ഐപിഎല്ലില്‍ നിന്ന് 59 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് കരണ്‍ ശര്‍മ. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ ടീമുകളുടെയെല്ലാം ഭാഗമായിട്ടുള്ള കരണ്‍ ശര്‍മക്ക് ഇന്ത്യന്‍ ടീമില്‍ വലിയ അവസരം ലഭിച്ചില്ല. ഒരു ടി20 മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റാണ് അദ്ദേഹം നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പവും മുംബൈ ഇന്ത്യന്‍സിനൊപ്പവും സിഎസ്‌കെയ്‌ക്കൊപ്പവും കിരീടം നേടാന്‍ കരണിനായിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് സീസണില്‍ ഐപിഎല്‍ കിരീടം നേടുന്ന താരമെന്ന അപൂര്‍വ്വ റെക്കോഡിനുടമയാണ് കരണ്‍.

സന്ദീപ് ശര്‍മ
ഏറ്റവും നിര്‍ഭാഗ്യവാനായ താരങ്ങളിലൊരാളാണ് സന്ദീപ് ശര്‍മ. രണ്ട് ടി20യില്‍ നിന്ന് ഒരു വിക്കറ്റാണ് ഇന്ത്യക്കായി അദ്ദേഹം വീഴ്ത്തിയത്. സിംബാബ് വെക്കെതിരെയായിരുന്നു ഈ പ്രകടനം. 10.43 ആയിരുന്നു താരത്തിന്റെ ഇക്കോണമി. എന്നാല്‍ ഐപിഎല്ലില്‍ മികച്ച ബൗളിങ് റെക്കോഡ് അദ്ദേഹത്തിനുണ്ട്. 95 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 110 വിക്കറ്റാണ് സന്ദീപ് നേടിയത്. 2014, 2015 സീസണുകളില്‍ 31 വിക്കറ്റുകള്‍ വീതം അദ്ദേഹം വീഴ്ത്തി. എന്നാല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ വലിയ നേട്ടമുണ്ടാക്കാനായില്ല. പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കുവേണ്ടിയാണ് കളിച്ചിട്ടുള്ളത്.

മുരളി വിജയ്
ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് മുരളി വിജയ്. പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ എന്നിവര്‍ക്കുവേണ്ടിയെല്ലാം ഐപിഎല്ലില്‍ കളിച്ച മുരളി 106 ഐപിഎല്ലില്‍ നിന്ന് 2619 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 13 സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും.127 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സിഎസ്‌കെയുടെ വിശ്വസ്തനായിരുന്ന മുരളിക്ക് ഇന്ത്യന്‍ ടീമിനൊപ്പം കാര്യമായൊന്നും ടി20യില്‍ ചെയ്യാനായില്ല. 9 ടി20യില്‍ നിന്ന് വെറും 169 റണ്‍സാണ് മുരളിക്ക് നേടാനായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications