അനില്‍ കുംബ്ലെയുടെ ബൗളിങ് അനുകരിച്ച് ജസ്പ്രീത് ബൂംറ; പ്രതികരണവുമായി കുംബ്ലെ രംഗത്ത്
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഫെബ്രുവരി അഞ്ചിന് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ച് കഴിഞ്ഞു. സൂപ്പര്‍ താരങ്ങളെല്ലാം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതോടെ സജീവമായിരിക്കുകയാണ് ഇന്ത്യന്‍ ക്യാംപ്. നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂംറ മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയുടെ ബൗളിങ്ങ് അനുകരിച്ചു. ഇതിന്റെ വീഡിയോ ബിസിസിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. വൈറലായ വീഡിയോയോട് പ്രതികരിച്ച് അനില്‍ കുംബ്ലെയും രംഗത്തെത്തിയതോടെ കൂടുതല്‍ ആരാധകരും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
'നന്നായി ചെയ്തു ബൂം. അതുപോലെ തന്നെയുണ്ട്. നിന്നെ അനുകരിക്കാന്‍ ശ്രമിക്കുന്ന യുവതലമുറയ്ക്ക് പ്രചോദനമാണ് നീ. വരാനിരിക്കുന്ന പരമ്പരയ്ക്ക് എല്ലാവിധ ആശംസകളും'-അനില്‍ കുംബ്ലെ ബിസിസിഐയുടെ വീഡിയോക്ക് ചുവടെ കുറിച്ചു. ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ താരമാണ് അനില്‍ കുംബ്ലെ. 2008ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കുംബ്ലെയുടെ പേരില്‍ 619 ടെസ്റ്റ് വിക്കറ്റാണുള്ളത്. ക്യാപ്റ്റനെന്ന നിലയിലും പരിശീലകനെന്ന നിലയിലും കുംബ്ലെ ഇന്ത്യക്കായി തിളങ്ങിയിരുന്നു.

ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറാണ് കുംബ്ലെ.ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. 1999ല്‍ പാകിസ്താനെതിരേ ഡല്‍ഹി ഫിറോസ് ഷാ കോഡ്‌ല ക്രിക്കറ്റ് സ്‌റ്റേഡിയത്തിലായിരുന്നു കുംബ്ലെയുടെ പ്രകടനം. 26.3 ഓവറില്‍ 74 റണ്‍സ് വിട്ടുകൊടുത്താണ് കുംബ്ലെയുടെ 10 വിക്കറ്റ് പ്രകടനം. നിലവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുഖ്യ പരിശീലകനാണ് കുംബ്ലെ.
ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ കളിക്കാതിരുന്ന ബൂംറ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്ക് തിരിച്ചെത്തുകയായിരുന്നു. പേസ് ബൗളര്‍മാരില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ് ബൂംറ. മൂന്ന് ഫോര്‍മാറ്റിലും ബൂംറയുടെ ബൗളിങ്ങിനെ ഇന്ത്യ വളരെയേറെ ആശ്രയിക്കുന്നുണ്ട്. നെറ്റ്‌സില്‍ സജീവ പരിശീലനത്തിലുള്ള ബൂംറയുടെ പ്രകടനം ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് നിര്‍ണ്ണായകമാവും.
നാല് മത്സര ടെസ്റ്റ് പരമ്പര ഫെബ്രുവരി അഞ്ചിനാണ് ആരംഭിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്കും ചെന്നൈ വേദിയാകുമ്പോള്‍ അവസാന രണ്ട് മത്സരങ്ങളും അഹമ്മദാബാദില്‍ നടക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications