
ക്രിക്കറ്റില്‍ പന്തു മിനുക്കുന്നതൊരു കീഴവഴക്കമാണ്. ബൗളര്‍മാര്‍ക്ക് പന്തിനെ അതിവേഗം സ്വിങ് ചെയ്യിക്കാന്‍ ഇതുവഴി സാധിക്കും. ക്രിക്കറ്റിലെ നിയമം പ്രകാരം തുപ്പലുതൊട്ടും വിയര്‍പ്പുതൊട്ടും പന്തിനെ മിനുക്കാന്‍ കളിക്കാര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ കൊറോണ ഭീതി പിടിമുറുക്കവെ ഈ ചട്ടം പൊളിച്ചെഴുതപ്പെടുമെന്നാണ് വിവരം.

വിഷയത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ജേസണ്‍ ഗില്ലസ്പി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഓരോ ഓവര്‍ അവസാനിക്കുമ്പോഴും അംപയര്‍മാര്‍ക്ക് മുന്നില്‍ വെച്ചു മാത്രമായിരിക്കണം താരങ്ങള്‍ പന്തു മിനുക്കേണ്ടതെന്ന് ഗില്ലസ്പി പറയുന്നു. ഇതേസമയം, തുപ്പലിന് പകരം വിയര്‍പ്പു മാത്രംകൊണ്ട് പന്തു മിനുക്കുന്നത് എന്തുമാത്രം പ്രായോഗികമാണെന്ന് ഗില്ലസ്പിക്ക് സംശയമുണ്ട്.

എന്തായാലും വരുംദിവസങ്ങളില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഇക്കാര്യം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുമെന്ന് ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗില്ലസ്പി വ്യക്തമാക്കി. അടുത്തിടെ സച്ചിനെയും ലാറയെയും കുറിച്ച് ഗില്ലസ്പി നടത്തിയ വെളിപ്പെടുത്തലും ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ലാറയോ സച്ചിനോ, ആരെ പുറത്താക്കാനാണ് കൂടുതല്‍ വിഷമം? ഇതിനുത്തരമാണ് ഗില്ലസ്പി മുന്നോട്ടുവെച്ചത്. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ അപേക്ഷിച്ച് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ പുറത്താക്കുകയാണ് കൂടുതല്‍ വിഷമമെന്ന് ഗില്ലസ്പി പറയുന്നു.

ലാറയെക്കാള്‍ മികച്ച പ്രതിരോധമാണ് സച്ചിനുള്ളത്. അതുകൊണ്ട് സച്ചിനെ പുറത്താക്കുക ഏറെ വിഷമകരമാണ്, ഗില്ലസ്പി അറിയിച്ചു. സച്ചിനുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി വിപുലമാര്‍ന്നാണ് ക്രീസില്‍ ലാറ കളിക്കാറും ഷോട്ടുകള്‍ കളിക്കാറും. ഇക്കാരണത്താല്‍ ലാറയുടെ വിക്കറ്റ് എളുപ്പം കിട്ടും, ഗില്ലസ്പി കൂട്ടിച്ചേര്‍ത്തു.
ഇതൊക്കെയാണെങ്കിലും ലാറയെക്കാള്‍ സച്ചിനെയാണ് ജേസണ്‍ ഗില്ലസ്പി കരിയറില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയിട്ടുള്ളത്. 18 മത്സരങ്ങളില്‍ സച്ചിനും ഗില്ലസ്പിയും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ എട്ടു തവണ സച്ചിന്‍ ഗില്ലസ്പിക്ക് മുന്നില്‍ വീണു.
Most Read: 'ബ്രദര്‍' ധോണിക്ക് പാട്ട് സമര്‍പ്പിച്ച് ബ്രാവോ... ടീസര്‍ വിട്ടു, ധോണി മയം, വീഡിയോ കാണാം

മറുഭാഗത്ത് 22 ഇന്നിങ്‌സുകളില്‍ ലാറയും ഗില്ലസ്പിയും മുഖാമുഖം വന്നിട്ടുണ്ട്. എന്നാല്‍ മൂന്നു തവണ മാത്രമേ ലാറയുടെ വിക്കറ്റ് ഗില്ലസ്പി നേടിയിട്ടുള്ളൂ. നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് സച്ചിന്‍. ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനാണ് (400*) ബ്രയാന്‍ ലാറ അറിയപ്പെടുന്നത്.


Click it and Unblock the Notifications