സിഡ്‌നി: നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ സംഭവത്തിനു ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ അടിമുടി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഓസീസ് പരിശീലകസ്ഥാനത്തു നിന്നു ഡാരന്‍ ലേമാന്‍ രാജിവയ്ക്കുകയും ടീമിന്റെ നായകസ്ഥാനത്ത് സ്റ്റീവ് സ്മിത്തിനു പകരം ടിം പെയ്ന്‍ എത്തിയതിനും പിന്നാലെ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തും മാറ്റം. ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്നു ജെയിംസ് സതര്‍ലാന്റ് രാജിവച്ചതാണ് പുതിയ സംഭവം. അദ്ദേഹത്തിന്റെ രാജിക്ക് പന്ത് ചുരണ്ടല്‍ സംഭവവുമായി ബന്ധമില്ലെന്നാണ് സൂചന.

17 വര്‍ഷം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഭരണം നിയന്ത്രിച്ച ശേഷമാണ് 53 കാരനായ സതര്‍ലാന്റ് തികച്ചും അപ്രതീക്ഷിതമായി പടിയിറങ്ങുന്നത്. പുതിയ സിഇഒയെ കണ്ടെത്തുന്നതുവരെ അദ്ദേഹം തല്‍സ്ഥാനത്തു തുടരും. 2001ലാണ് സതര്‍ലാന്റ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സിഇഒയായി ചുമതലയേല്‍ക്കുന്നത്. അദ്ദേഹം തലപ്പത്തു നില്‍ക്കവെ ലോകകപ്പ് വിജയമടക്കം നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ ഓസീസ് ടീമിനായെങ്കിലും ഏറ്റവും ഒടുവിലത്തെ പന്ത് ചുരണ്ടല്‍ സംഭവം കനത്ത ആഘാതമായി.
20 വര്‍ഷത്തിനടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സിഇഒയായി പ്രവര്‍ത്തിച്ച തനിക്ക് സ്ഥാനമൊഴിയാനുള്ള ഉചിതമായ സമയം ഇതാണെന്നു വാര്‍ത്താസമ്മേളനത്തില്‍ സതര്‍ലാന്റ് വ്യക്തമാക്കി. ഇത്രയും കാലം ഈ സ്ഥാനം വഹിക്കാനായതില്‍ വലിയ അഭിമാനമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊള്ളാന്‍ സാധിച്ചു. ഭാവിയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനു ഏറെ ഗുണം ചെയ്യുന്നതാവും ഈ നീക്കങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.