ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. പുതിയ നിരവധി കളിക്കാരാണ് സമീകാലത്തു ടീമിലേക്കു വന്നുകൊണ്ടിരിക്കുന്നത്. ഇവരില്‍ ചിലര്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ തങ്ങളുടെ സാന്നിധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട്. ടീം ഇന്ത്യയുടെ രണ്ടും നെടുംതൂണുകളെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും കരിയറിന്റെ അവസാനത്തോടു അടുക്കുകയാണ്.
രണ്ടോ, മൂന്നോ വര്‍ഷം മാത്രമേ പരമാവധി ഇരുവരെയും ഇനി ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനിടയുളളൂ. കോലിക്കും രോഹിത്തിനും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം ആരാവുമെന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഇരുവരുടെയും പാത പിന്തുടര്‍ന്ന് ഇന്ത്യയുടെ അടുത്ത സ്റ്റാറായി മാറിയേക്കാവുന്ന യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

യശസ്വി ജയ്‌സ്വാള്‍
യുവ അഗ്രസീവ് ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ യശസ്വി ജയ്‌സ്വാളാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഈ 22 കാരന്‍ ഇതിനകം തന്നെ ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷനായി മാറിക്കഴിഞ്ഞു. ടെസ്റ്റ്, ടി20 എന്നീ ഫോര്‍മാറ്റുകളിലാണ് ജയ്‌സ്വാള്‍ കളിച്ചത്. രണ്ടിലും അദ്ദേഹം ടീം ഇന്ത്യയില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു.
മികച്ച ബാറ്റിങ് ടെക്‌നിക്കും വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള കഴിവുമാണ് ജയ്‌സ്വാളിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. മാത്രമല്ല ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പുറത്താക്കാന്‍ വളരെ ബുദ്ധിമുട്ടേറിയ താരവുമാണ് അദ്ദേഹം.
തന്റേതായ ദിവസങ്ങളില്‍ തനിച്ചു കളി ജയിപ്പിക്കാനുള്ള മിടുക്കും ജയ്‌സ്വാളിനുണ്ട്. ബാറ്റിങില്‍ മാത്രമല്ല, ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടായി മാറുന്ന താരമാണ് അദ്ദേഹം. ടെസ്റ്റില്‍ 16 കളിയില്‍ 1568ഉം ടി20യില്‍ 23 കളിയില്‍ 723 റണ്‍സും ജയ്‌സ്വാള്‍ ഇതിനകം നേടിക്കഴിഞ്ഞു.
ശുഭ്മന്‍ ഗില്‍
ഭാവി ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യയുടെ മറ്റൊരു ബാറ്റിങ് സെന്‍സേഷനായ ശുഭ്മന്‍ ഗില്ലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. മൂന്നു ഫോര്‍മാറ്റിലും ഇതിനകം കളിച്ചുകഴിഞ്ഞ അദ്ദേഹം ഒരു ടി20 പരമ്പരയില്‍ ടീമിനെ നയിക്കുകയും ചെയ്തു.
യശസ്വി ജയ്‌സ്വാളിനെപ്പോലെ തന്നെ വളരെ മികച്ച ബാറ്റിങ് ടെക്‌നിക്ക് അവകാശപ്പെടാവുന്ന താരം തന്നെയാണ് ഗില്‍. പക്ഷെ അത്രത്തോളം അഗ്രസീവ് ശൈലിയുടെ വക്താവല്ല താരം. ആങ്കര്‍ റോളുകള്‍ കളിക്കുന്നതിലാണ് ഗില്‍ കൂടുതല്‍ മിടുക്ക് പുലര്‍ത്തുന്നത്.
രോഹിത് ശര്‍മയ്ക്കു ശേഷം ടീമിന്റെ അടുത്ത ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഫേവറിറ്റ് കൂടിയാണ് അദ്ദേഹം. ടെസ്റ്റില്‍ 30 മല്‍സരങ്ങളില്‍ നിന്നും 1831ഉം ഏകദിനത്തില്‍ 47 മല്‍സരങ്ങളില്‍ നിന്നും 2328ഉം ടി20യില്‍ 21 മല്‍സരങ്ങളില്‍ നിന്നും 578ഉം റണ്‍സ് ഗില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.
റിയാന്‍ പരാഗ്
യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ബാറ്റും ബോളും കൊണ്ട് ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. കൂടാതെ കിടിലന്‍ ഫീല്‍ഡറുമാണ്. തന്റെ പ്രതിഭയോടു നീതി പുലര്‍ത്താനായാല്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ പിന്‍ഗാമിയായി മാറാനും പരാഗിനു കഴിഞ്ഞേക്കും. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം മൂന്നു ഫോര്‍മാറ്റിലും കളിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ അസ്സമിനായി നടത്തിയിട്ടുള്ള പ്രകടനങ്ങളാണ് പരാഗിനെ ശ്രദ്ധേയനാക്കിയത്. പിന്നാലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലേക്കും താരത്തിനു വിളിയെത്തുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ഒരു ഏകദിനവും ഒമ്പതു ടി20കളും പരാഗ് കളിച്ചുകഴിഞ്ഞു.

നിതീഷ് റെഡ്ഡി
യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയാണ് അടുത്തയാള്‍. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരം നേടിയതോടെയാണ് ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ഈ യുവതാരം ശ്രദ്ധിക്കപ്പെടുന്നത്. അതിനു പിന്നാലെ ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലൂടെ നിതീഷ് അരങ്ങേറുകയും ചെയ്തു.
കന്നി പരമ്പരയില്‍ തന്നെ ഫിഫ്റ്റിയടക്കം നേടി മിന്നിച്ച അദ്ദേഹം ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ ടെസ്റ്റിലും അരങ്ങേറിയിരിക്കുകയാണ്. വളരെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഇതിനകം കളിച്ച രണ്ടു ടെസ്റ്റുകളിലും നിതീഷ് പുറത്തെടുത്തത്. ഇതേ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവാന്‍ സാധിച്ചാല്‍ സൂപ്പര്‍ താര പദവിയിലേക്കു അദ്ദഹത്തിനു ഉയരാനാവുമെന്ന കാര്യത്തില്‍ സംശയമില്ല.
അഭിഷേക് ശര്‍മ
വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മയാണ് ഇക്കൂട്ടത്തിലെ അഞ്ചാമന്‍. വളരെ വേഗത്തില്‍ മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ് ഈ ഇടംകൈയന്‍ ബാറ്റര്‍. മുന്‍ ഇതിഹാസ താരം യുവരാജ് സിങിനു കീഴില്‍ നടത്തിയ പരിശീലനമാണ് അഭിഷേിന്റെ പ്രതിഭയെ കൂടുതല്‍ മിനുക്കിയെടുത്തത്.
ഇന്ത്യക്കു വേണ്ടി 12 ടി20കളിലാണ് താരം കളിച്ചിട്ടുള്ളത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 171.81 സ്‌ട്രൈക്ക് റേറ്റില്‍ 256 റണ്‍സ് അഭിഷേക് നേടുകയും ചെയ്തു. ബാറ്റിങില്‍ കുറേക്കൂടി സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞാല്‍ അദ്ദേഹം പല ബാറ്റിങ് റെക്കോര്‍ഡുകളും തിരുത്തുമെന്നുറപ്പാണ്.