ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ യുവതാരം അഭിഷേക് ശര്‍മ ഇന്ത്യയുടെ ഓപ്പണിങ് റോള്‍ ഭദ്രമാക്കിയപ്പോള്‍ അടുത്ത പരമ്പരയില്‍ പങ്കാളിയായി ആരെ കളിപ്പിക്കുമെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇംഗ്ലണ്ടിനെതിരേ ഓപ്പണിങില്‍ തികഞ്ഞ പരാജയമായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും വെറും 51 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഇതോടെ വരാനിരിക്കുന്ന ടി20 പരമ്പരകളില്‍ സഞ്ജുവിനു ടീമില്‍ സ്ഥാനം ലഭിക്കുമോയെന്ന കാര്യം പോലും സംശയത്തിലാണ്.
ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവര്‍ അടുത്ത പരമ്പരയില്‍ ടീമിലേക്കു മടങ്ങിയെത്തിയേക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ അഭിഷേകിന്റെ ഓപ്പണിങ് പങ്കാളിയായി ഈ മൂന്നു പേരില്‍ ആരെയാണ് കളിപ്പിക്കേണ്ടതെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്നു സ്ഥാനമുറപ്പിച്ചത് സഞ്ജു, ഇപ്പോള്‍ അഭിഷേക്?
ഇതു വളരെ രസകരമായിട്ടുള്ള ഒരു വിഷയമായിട്ടാണ് എനിക്കു തോന്നുന്നത്. കാരണം സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പര അവസാനിക്കുകയും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയും ചെയ്ത സമയത്തു സഞ്ജു സാംസണ്‍ ഓപ്പണിങില്‍ സ്ഥാനമുറപ്പിച്ചെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.
കാരണം മൂന്നു സെഞ്ച്വറികളാണ് രണ്ടു ടി20 പരമ്പരകള്‍ക്കിടെ അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഒന്ന് ബംഗ്ലാദേശിനെതിരേ ആയിരുന്നെങ്കില്‍ രണ്ടെണ്ണം സൗത്താഫ്രിക്കയ്‌ക്കെതിരേയും ആയിരുന്നെന്നും ആകാശ് ചോപ്ര പറയുന്നു.
അഭിഷേക് ശര്‍മയായിരുന്നു ഈ രണ്ടു ടി20 പരമ്പരകളിലും സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളി. സിംബാബ്‌വെയുമായുള്ള ടി20 പരമ്പരയില്‍ സെഞ്ച്വറി നേടിയതിനു ശേഷം അവന്റെ ഫോം അല്‍പ്പം താഴേക്കുമായിരുന്നു. അഭിഷേക് കഴിവുറ്റ താരമാണ്. പ്രതീക്ഷയും നല്‍കിയിരുന്നു. പക്ഷെ പ്രകടനത്തില്‍ സ്ഥിരതയില്ലായിരുന്നു.
അതുകൊണ്ടു തന്നെ യശസ്വി ജയ്‌സ്വാള്‍ തിരിച്ചെത്തിയാല്‍ അവനു ടി20 ടീമില്‍ സ്ഥാനം നഷ്ടമാവുമെന്നും ആ സമയത്തു ചൂണ്ടിക്കാണിക്കപ്പെട്ടു. അങ്ങനെ പറഞ്ഞവരില്‍ താനുമുണ്ടായിരുന്നുവെന്നും ചോപ്ര വിശദമാക്കി.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സിംബാബ്‌വെയുമായുള്ള ടി20 പരമ്പരയിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഭിഷേക് അരങ്ങേറിയത്. 47 ബോളില്‍ 100 റണ്‍സുമായി അന്നു താരം വരവറിയിക്കുകയും ചെയ്തു. ഈ സെഞ്ച്വറി കൂടാതെ കഴിഞ്ഞ വര്‍ഷം കളിച്ച 10 ടി20 ഇന്നിങ്‌സുകളില്‍ നിന്നും 15.60 ശരാശരിയില്‍ വെറും 156 റണ്‍സ് മാത്രമേ അഭിഷേക് സ്‌കോര്‍ ചെയ്തിരുന്നുള്ളൂ.
ഇതോടെ ടീമില്‍ നിന്നും താരം പുറത്താവലിന്റെ വക്കിലുമെത്തി. എന്നാല്‍ ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 279 റണ്‍സ് വാരിക്കൂട്ടിയ അഭിഷേക് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

സഞ്ജുവിനെ മാറ്റരുത്
ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ തിളങ്ങാനായില്ല എന്ന കാരണം കൊണ്ടു മാത്രം ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണര്‍ സ്ഥാനത്തു നിന്നും സഞ്ജു സാംസണിനെ മാറ്റരുതെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കു മുമ്പ് സഞ്ജു സാംസണായിരുന്നു സ്ഥാനമുറപ്പിച്ചതെങ്കില്‍ ഇപ്പോള്‍ അതു ആകെ മാറി. അഭിഷേക് ശര്‍മയാണ് ഇപ്പോള്‍ ടീമില്‍ സ്ഥാനമുറപ്പിച്ചയാള്‍.
അഭിഷേകിനൊപ്പം ആരെന്നതാണ് ഇനിയുള്ള ചോദ്യം. കാത്തിരുന്നു കാണാമെന്നാണ് എനിക്കു തോന്നുന്നത്. സഞ്ജുവിനു തീര്‍ച്ചയായും ടീമില്‍ ഇനിയും അവസരങ്ങള്‍ നല്‍കണം. കാരണം ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ നേടുകയെന്നത് എളുപ്പമല്ല. അദ്ദേഹം അതിനു സാധിക്കുകയും ചെയ്തിട്ടുള്ള ബാറ്ററാണ്. ഒരുപാട് ശേഷി സഞ്ജുവിനുണ്ടെന്നതാണ് ഇതിന്റെ അര്‍ഥമെന്നും ചോപ്ര വിലയിരുത്തി.
വേഗമേറിയ ഷോര്‍ട്ട് ബോളുകള്‍ സഞ്ജുവിനു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ അഞ്ചു തവണയും ഈ ബോളുകളില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു. ഇതു വേദനിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ എന്നു വച്ച് പാലില്‍ നിന്നും നിങ്ങള്‍ ഈച്ചയെ എടുത്തു കളയുമോ, ഒരിക്കലുമില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആരെങ്കിലും മുന്നു സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അയാളെ അല്‍പ്പം ബഹുമാനിക്കണം, കൂടുതല്‍ അവസരങ്ങളും നല്‍കണമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.