മുംബൈ: ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്നതാണ് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും ആഗ്രഹം. ടി20 ക്രിക്കറ്റിനെ നെഞ്ചേറ്റുന്ന തലമുറയ്ക്കിടയിലും ടെസ്റ്റ് ക്രിക്കറ്റ് തലയുയര്‍ത്തി നില്‍ക്കുന്നത് ഈ ഫോര്‍മാറ്റിന് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ചില സവിശേഷതകള്‍ക്കൊണ്ടാണ്. ക്ഷമയും പ്രതിഭയും തന്ത്രങ്ങളുമെല്ലാം ഒരുപോലെ ഉപയോഗിക്കപ്പെടുത്താതെ ടെസ്റ്റ് ക്രിക്കറ്റില്‍ വലിയൊരു കരിയര്‍ സൃഷ്ടിക്കുക പ്രയാസമാണ്.
ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കാണ് കൂടുതല്‍ വെല്ലുവിളി. പിച്ചിനെ മനസിലാക്കി പതിയെ നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു ദിവസമെങ്കിലും ക്രീസില്‍ പിടിച്ചുനില്‍ക്കുകയെന്നത് ദുഷ്‌കരമാണെന്നിരിക്കെ ടെസ്റ്റില്‍ അഞ്ച് ദിവസവും ബാറ്റുചെയ്ത ഞെട്ടിച്ച ചില താരങ്ങളുണ്ട്. ചരിത്രത്തില്‍ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഇന്ത്യക്കാരനായ എംഎല്‍ ജയ്‌സിംഹയാണ് ഈ പട്ടികയിലെ ഒരാള്‍. 1960ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അദ്ദേഹം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കാലുകളെ മനോഹരമായി ഉപയോഗപ്പെടുത്തി കളിക്കുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. 3 സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 2056 റണ്‍സുമായാണ് ജയ്‌സിംഹ തന്റെ കരിയര്‍ അവസാനിപ്പിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീനും വിവിഎസ് ലക്ഷ്മണും റോള്‍ മോഡലായി കണ്ടിരുന്ന താരമാണ് ജയ്‌സിംഹ.
സര്‍ ജെഫ്രി ബോയ്‌കോട്ടാണ് മറ്റൊരാള്‍. മുന്‍ ഇംഗ്ലണ്ട് താരമായ ജെഫ്രി 1977ല്‍ ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റിലൂടെയാണ് ഈ അപൂര്‍വ്വ നേട്ടത്തില്‍ പേരുചേര്‍ത്തത്. യോക്‌ഷെയറിനായും ഏറെ നാള്‍ കളിച്ച താരമാണ് ജെഫ്രി. കരിയറില്‍ 8000ലധികം ടെസ്റ്റ് റണ്‍സ് നേടിയാണ് അദ്ദേഹം വിരമിച്ചത്. കിം ഹ്യൂസാണ് മറ്റൊരു താരം. 1980ല്‍ ഓസ്‌ട്രേലിയക്കാരനായ ഹ്യൂസ് ഇംഗ്ലണ്ടിനെതിരേയാണ് അഞ്ച് ദിവസവും ബാറ്റ് ചെയ്തത്. 26ാം വയസിലാണ് അദ്ദേഹത്തിന്റെ ഈ നേട്ടം.

കൂടാതെ അഞ്ച് ദിവസവും ഒരു സിക്‌സറെങ്കിലും നേടിയ ആദ്യത്തെ താരമായി മാറാനും ഹ്യൂസിന് സാധിച്ചു. ഇംഗ്ലണ്ടിന്റെ അലന്‍ ലാമ്പും ഈ നേട്ടത്തില്‍ പേരുചേര്‍ത്ത താരമാണ്. 1984ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ലാമ്പിന്റെ നേട്ടം. മധ്യനിരയില്‍ മികവുകാട്ടിയ താരം 4656 റണ്‍സുമായാണ് ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത്. ഇന്ത്യന്‍ ഓള്‍റൗണ്ടറും മുന്‍ പരിശീലകനും അവതാരകനുമായ രവി ശാസ്ത്രിയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
1984ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു രവി ശാസ്ത്രിയുടെ നേട്ടം. പരമ്പരയിലെ മൂന്നാം ടെസ്റ്റിലൂടെയാണ് ചരിത്ര നേട്ടത്തിലേക്ക് ശാസ്ത്രിയെത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഏറെ നാള്‍ ഇന്ത്യയുടെ മാച്ച് വിന്നറായിരുന്നു രവി ശാസ്ത്രി. വെസ്റ്റ് ഇന്‍ഡീസിന്റെ അഡ്രിയാന്‍ ഗ്രിഫിത്തും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 1999ല്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ഈ നേട്ടത്തിലെത്തിയ ആദ്യ വെസ്റ്റ് ഇന്‍ഡീസ് താരമാണ് അഡ്രിയാന്‍ ഗ്രിഫിത്ത്.
ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫും ഈ നേട്ടത്തില്‍ പേരുചേര്‍ത്തിട്ടുണ്ട്. 2006ല്‍ ഇന്ത്യക്കെതിരേയായിരുന്നു അദ്ദേഹം അഞ്ച് ദിവസവും ബാറ്റുചെയ്തത്. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരമാണ് ഫ്‌ളിന്റോഫ്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരിക്കെയാണ് ഫ്‌ളിന്റോഫിന്റെ ഈ നേട്ടമെന്നതാണ് എടുത്തു പറയേണ്ടത്. ദക്ഷിണാഫ്രിക്കയുടെ അല്‍വാരോ പീറ്റേഴ്‌സനും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2012ല്‍ ന്യൂസീലന്‍ഡിനെതിരേയാണ് പീറ്റേഴ്‌സണിന്റെ നേട്ടം.
ഓപ്പണറായ താരം 36 ടെസ്റ്റില്‍ നിന്ന് 2093 റണ്‍സാണ് കരിയറില്‍ നേടിയത്. ഇന്ത്യയുടെ ക്ലാസിക് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയും ഈ നേട്ടത്തിന്റെ ഭാഗമായിട്ടുണ്ട്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് പുജാരയുടെ നേട്ടം. മഴ കളിച്ച മത്സരത്തില്‍ നിരവധി സമയം കളി മുടങ്ങിയിരുന്നു. മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന പുജാര ഇപ്പോള്‍ ടീമിന് പുറത്താണുള്ളത്. ഇംഗ്ലണ്ടിന്റെ റോറി ബേണ്‍സാണ് ഈ പട്ടികയിലെ മറ്റൊരാള്‍.
2019ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അഞ്ച് ദിവസവും താരം ബാറ്റുചെയ്തത്. ഓസീസ് 251 റണ്‍സിന് ഈ മത്സരം ജയിച്ചെങ്കിലും അപൂര്‍വ്വ നേട്ടത്തില്‍ പേരുചേര്‍ക്കാന്‍ ബേണ്‍സിനായി. ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിന്റെ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും ഈ നേട്ടം സ്വന്തമാക്കി. ഇതേ മത്സരത്തിലൂടെ വെസ്റ്റ് ഇന്‍ഡീസിന്റെ ടാഗനറൈന്‍ ചന്ദ്രപോളും ഇതേ നേട്ടം സ്വന്തമാക്കി. ഏറ്റവും ഒടുവിലായി ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖ്വാജയാണ് ഈ പട്ടികയുടെ ഭാഗമായത്.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ആഷസ് ടെസ്റ്റിലൂടെയാണ് ഖ്വാജയുടെ നേട്ടം. ഈ മത്സരത്തില്‍ സെഞ്ച്വറിയും ഫിഫ്റ്റിയും നേടിയ ഖ്വാജയുടെ ബാറ്റിങ് മികവിലാണ് ഓസീസ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഇനിയും ഈ പട്ടിക നീണ്ടേക്കും. ആരൊക്കെ ഈ പട്ടികയിലേക്കെത്തുമെന്ന് കാത്തിരുന്ന് കണ്ടറിയാം.