മെല്‍ബണ്‍: ഒരുപാട് വെല്ലുവിളികളെ മറികടന്ന് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആധികാരിക വിജയം കൊയ്തതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ. വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ച അദ്ദേഹം മാന്‍ ഓഫ്ദി മാച്ചായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യ ഇന്നിങ്‌സില്‍ രഹാനെ നേടിയ 112 റണ്‍സാണ് ടെസ്റ്റില്‍ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കം നേടിത്തന്നത്. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളെ രഹാനെ മല്‍സരശേഷം വാനോളം പുകഴ്ത്തി.

ടീമിന്റെ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ട്. വളരെ നന്നായി കളിച്ചു. അരങ്ങേറ്റക്കാരായ ഗില്ലും സിറാജും വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നു. അഡ്‌ലെയ്ഡിലെ തോല്‍വിക്കു ശേഷം ടീം കാണിച്ച പോരാട്ടവീര്യം ശ്രദ്ധേയമാണ്. ഉമേഷ് യാദവിനെ രണ്ടാമിന്നിങ്‌സില്‍ നഷ്ടമായിട്ടും ടീം തളര്‍ന്നില്ല. അഞ്ചു ബൗളര്‍മാരെന്ന ഗെയിം പ്ലാന്‍ നന്നായി വര്‍ക്ക് ചെയ്തുവെന്നും രഹാനെ മല്‍സരശേഷം വിശദമാക്കി.
രവീന്ദ്ര ജഡേജ ഇന്ത്യയെ സംബന്ധിച്ച് ഗംഭീര പ്രകടനമായിരുന്നു പുറത്തെടുത്തത്. ശുഭ്മാന്റെ ഫസ്റ്റ് ക്ലാസ് കരിയറിനെക്കുറിച്ച് നമുക്ക് നന്നായറിയാം. ഈ ലെവവിലും മികച്ച ഷോട്ടുകള്‍ കളിക്കാന്‍ തനിക്കാവുമെന്ന് അവന്‍ കാണിച്ചുതന്നു. വളരെ മികവുറ്റ ഇന്നിങ്‌സായിരുന്നു ഗില്ലിന്റേത്. അച്ചടക്കത്തോടെ ബൗള്‍ ചെയ്യാന്‍ കഴിയുമെന്ന് സിറാജ് കാണിച്ചുതന്നു. അരങ്ങേറ്റത്തില്‍ അച്ചടക്കമുള്ള ബൗളിങ് കാഴ്ചവയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അവിടെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മല്‍സരപരിചയം സിറാജിനു തുണയായത്.
കളിക്കളത്തില്‍ പോരാട്ടവീര്യത്തോടൊപ്പം ലക്ഷ്യബോധത്തെ കളിക്കുകയെന്നതാണ് പ്രധാനം. ഇതാണ് വിജയത്തില്‍ നിര്‍ണായകമായത്. ഉമേഷ് പരിക്കില്‍ നിന്നും മോചിതനായി വരികയാണ്. ടീം മാനേജ്‌മെന്റും മെഡിക്കല്‍ സംഘവുമായിരിക്കും അദ്ദേഹത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. രോഹിത്തിന്റെ മടങ്ങിവരവ് ടീമിനെ ആവേശത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹവുമായി സംസാരിച്ചിരുന്നു. ടീമിനൊപ്പം ചേരാന്‍ രോഹിത് കാത്തിരിക്കുകയാണെന്നും രഹാനെ വിശദമാക്കി.

രോഹിത് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുന്നത് ഇന്ത്യന്‍ ബാറ്റിങിന് കൂടുതല്‍ കരുത്തേകും. മൂന്നാം ടെസ്റ്റില്‍ അദ്ദേഹം ഓപ്പണറായി ഇറങ്ങിയാല്‍ ആരെയും ഒഴിവാക്കുകയെന്നതാവും ഇന്ത്യക്കു മുന്നിലുള്ള ചോദ്യം. ഇതുവരെ നടന്ന രണ്ടു ടെസ്റ്റുകളിലും കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതിരുന്ന മായങ്ക് അഗര്‍വാളിനെയാവും ഇന്ത്യ മാറ്റിനിര്‍ത്തിയേക്കുക. മെല്‍ബണ്‍ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും മികച്ച ബാറ്റിങ് കാഴ്ചവച്ച ഗില്ലിനെ ഇന്ത്യ നിലനിര്‍ത്തിയേക്കും. അങ്ങനെയാണെങ്കില്‍ രോഹിത്- ഗില്‍ ജോടിയായിരിക്കും മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക.