IND vs SL: ദ്രാവിഡ് അന്നു പറഞ്ഞത് ഒരിക്കലും മറക്കില്ല, ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമെന്നു സഞ്ജു
ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ കളിക്കാനും പലതും പഠിക്കാനും സാധിക്കുന്നത് ഭാഗ്യമായാണ് കാണുന്നതെന്നു മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കു മുന്നോടിയായി സംസാരിക്കുകയായിരുന്നു സഞ്ജു.
ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ ഭാഗമാണ് അദ്ദേഹം. ഇഷാന്‍ കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. 18നാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇതിനു ശേഷമാണ് മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര.

അന്നു ദ്രാവിഡ് പറഞ്ഞത്
ഇന്ത്യന്‍ എ ടീം, ജൂനിയര്‍ ടീം എന്നിവ വഴി സീനിയര്‍ ടീമിലെക്കിത്തിയവര്‍ക്കെല്ലാം രാഹുല്‍ ദ്രാവിഡിനു കീഴില്‍ കളിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നും ക്രിക്കറ്റ് പഠിക്കാനായത് ഞങ്ങളുടെയെല്ലാം ഭാഗ്യമാണ്.
രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തത് എനികക്ക് ഇപ്പോഴും ഓര്‍മയുണ്ട്. നന്നായി ബാറ്റ് ചെയ്യാന്‍ എനിക്കു കഴിഞ്ഞു. ഇതു കണ്ട് ദ്രാവിഡ് എന്റെയടുത്തേക്ക് വന്നു ചോദിച്ചത് നീ എന്റെ ടീമില്‍ കളിക്കാമോയെന്നായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തമായിരുന്നു ഇത്, എനിക്കൊരിക്കലും അത് മറക്കാനാവില്ല. എത്ര വലിയ മനുഷ്യനാണ് അദ്ദേഹമെന്നു ഇതു കാണിച്ചുതരുന്നു. ദ്രാവിഡിന്റെ കമ്പനി ഞാന്‍ ശരിക്കും ആസ്വദിക്കുന്നതായും സഞ്ജു സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു പറഞ്ഞു.

പഠിച്ചത് ഒരേ സ്‌കൂളിലെന്നു ദേവ്ദത്ത്
ദ്രാവിഡിനെ ഉപദേശകനായി ലഭിച്ചത് മഹത്തായ അനുഭവമാണെന്നു ഇന്ത്യന്‍ ടീമിലെ മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കല്‍ വ്യക്തമാക്കി. അദ്ദേഹം പഠിച്ച അതേ സ്‌കൂളിലായിരുന്നു ഞാനും പഠിച്ചത്. ഒരിക്കല്‍ ഞങ്ങളുടെ സ്‌പോര്‍ട്‌സ് ഡേ ദിനത്തിലെ ചടങ്ങില്‍ ദ്രാവിഡ് വന്നിരുന്നു. അന്നു അദ്ദേഹത്തിനു ബൊക്കെ നല്‍കിയത് താനായിരുന്നുവെന്നു ദേവ്ദത്ത് വെളിപ്പെടുത്തി.

അദ്ഭുതപ്പെടുത്തിയ വ്യക്തി
സ്‌കൂളില്‍ നടന്ന ഈ ചടങ്ങില്‍ വച്ചായിരുന്നു ആദ്യമായി അദ്ദേഹത്തോടു ഞാന്‍ സംസാരിച്ചത്. അവിശ്വസനീയമാംവിധം ശാന്തനും സൗമ്യനുമായ അദ്ദേഹം എന്നെ ആശ്ചര്യപ്പെടുത്തി. ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടും അദ്ദേഹത്തിന്റെ താഴ്മയും ദയയുമെല്ലാം ആശ്ചര്യപ്പെടുത്തി. അങ്ങനെയുള്ള ദ്രാവിഡിനെ കോച്ചായി ലഭിച്ചപ്പോള്‍ കൂടുതലൊന്നും ആവശ്യമില്ലായിരുന്നു. അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ദേവ്ദത്ത് കൂട്ടിച്ചേര്‍ത്തു.

വിക്കറ്റ് കീപ്പറാവാന്‍ സഞ്ജു
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം തനിക്കു തന്നെ ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് സഞ്ജു. ഈ പര്യടനത്തില്‍ മികച്ച പ്രകടനം നടത്താനായാല്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാനാവുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
മല്‍സരപരിചയവും ഫോമുമെല്ലാം ഇഷാനു മേല്‍ സഞ്ജുവിനാണ് ശ്രീലങ്കയ്‌ക്കെതിരേയുള്ള മുന്‍തൂക്കം നല്‍കുന്നത്. ലഭിക്കുന്ന അവസരം പരമാവധി പ്രയോജപ്പെടുത്താനായിരിക്കും അദ്ദേഹം ശ്രമിക്കുകയെന്നുറപ്പാണ്. കാരണം ഇത്രയും മികച്ചൊരു ഇനി സഞ്ജുവിന് ലഭിച്ചെന്നു വരില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications