Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- പാക് പരമ്പരയോ? ഇപ്പോള്‍ അത് അസാധ്യം- പുതിയ പിസിബി മേധാവി റമീസ് രാജ

1

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുകയെന്നത് നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണെന്നു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) പുതിയ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട റമീസ് രാജ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തിരക്കില്ലെന്നും ആഭ്യന്തര ക്രിക്കറ്റിനെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിലാണ് കൂടുതല്‍ ശ്രദ്ധയെന്നും രാജ പറഞ്ഞു. പാക് മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനും പ്രശസ്ത കമന്റേറ്ററുമായ രാജ എതിരില്ലാതെയാണ് പിസിബി മേധാവിയി തിരഞ്ഞെടുക്കപ്പെട്ടത്.

പുതിയ സ്ഥാനം വളരെയധികം വെല്ലുവിളിയുയര്‍ത്തുന്നതാണ്. ഈ കടുപ്പമേറിയ ജോലി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നെ ഏല്‍പ്പിക്കുന്നതിനു മുമ്പ് ഒരുപാട് ബോക്‌സുകള്‍ ടിക്ക് ചെയ്യേണ്ടിവന്നതായും വാര്‍ത്താസമ്മേളനത്തില്‍ 59 കാരനായ രാജ പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഇപ്പോള്‍ അതു അസാധ്യമാണ്. കാരണം കായികമാതൃക രാഷ്ട്രീയത്താല്‍ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ അതു നിശ്ചലമായി നില്‍ക്കുകയാണ്. ഈ വിഷയത്തില്‍ ഞങ്ങള്‍ക്കു തിടുക്കമില്ല. കാരണം ഞങ്ങള്‍ക്കു ആഭ്യന്തര, പ്രാദേശിക ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

2

പാകിസ്താനും ന്യൂസിലാന്‍ഡും തമ്മില്‍ റാവല്‍പിണ്ടിയില്‍ നടക്കാനിരിക്കുന്ന നിശ്ചിത ഓവര്‍ പരമ്പരയില്‍ ഡിആര്‍എസ് സംവിധാനം ഉണ്ടാവില്ലെന്നതില്‍ രാജ അതൃപ്തി പ്രകടിപ്പിച്ചു. ഡിആര്‍എസ് പരമ്പയില്‍ ഉണ്ടാവില്ലെന്നത് ഒരു പ്രശ്‌നത്തെയാണ് പ്രതിഫലിപ്പിക്കുന്നത്, ഈ വിഷയത്തില്‍ ഇടപെടുമെന്നും മുന്‍ ക്യാപറ്റന്‍ കൂടിയായ അദ്ദേഹം അറിയിച്ചു. ദേശീയ ടീമിനു വേണ്ടി 1984 മുതല്‍ 97 വരെയുള്ള കാലയളവില്‍ 255 മല്‍സരങ്ങളില്‍ രാജ കളിച്ചിട്ടുണ്ട്. 8674 റണ്‍സും നേടി.

വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ പാകിസ്താന്‍- ഇന്ത്യ പോരാട്ടം ലോകം മുഴുവന്‍ ഉറ്റുനോക്കുന്നതാണ്. പാകിസ്താന്‍ ടീമംഗങ്ങളെ ഞാന്‍ കണ്ടിരുന്നു. ഇത്തവണ നമുക്ക് ചരിത്രം തിരുത്തണമെന്നും അവരോടു പറഞ്ഞു. ഈ മല്‍സരത്തിനായി 100 ശതമാനവും മികവ് പുറത്തെടുക്കണമെന്നും ഇതിനായി തയ്യാറെടുപ്പുകള്‍ നടത്താനും അവരോട് ആവശ്യപ്പെട്ടതായും രാജ കൂട്ടിച്ചേര്‍ത്തു. പ്രശ്‌നങ്ങള്‍ നേരിടാന്‍ നമ്മള്‍ തയ്യാറെടുക്കണം, മല്‍സരങ്ങള്‍ തോല്‍ക്കുകയും ചെയ്‌തേക്കാം. പക്ഷെ ടീമിലെ സ്ഥാനത്തിന്റെ സുരക്ഷയെക്കുറിച്ച് ബോധവാന്‍മാരാവാതെ നിര്‍ഭയമായി ക്രിക്കറ്റ് കളിക്കാനാണ് അവരോടു ഞാന്‍ പറഞ്ഞത്. ഈ പാതയില്‍ സഞ്ചരിക്കുമ്പോള്‍ നമുക്ക് വിജയങ്ങളേക്കാള്‍ പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് എനിക്കറിയാം. എന്നാല്‍ ലോക ക്രിക്കറ്റില്‍ കൂടുതല്‍ പ്രാധാന്യം നേടണമെങ്കില്‍ നമ്മള്‍ അതു ചെയ്‌തേ തീരൂ. കാരണം ഇതൊരു പ്രക്രിയയാണ്, നമ്മുടെ കളിക്കാരുടെ മാനസികാവസ്ഥ മാറ്റിയെടുക്കേണ്ടതുണ്ടെന്നും രാജ വിശദമാക്കി.

നേരത്തേ 2003-04 കാലയളവില്‍ പിസിബിയുടെ ചീഫ് എക്‌സിക്യൂട്ടീവായി രാജ പ്രവര്‍ത്തിച്ചിരുന്നു. ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പാകിസ്താനെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ എംസിസി ലോക ക്രിക്കറ്റ് കമ്മിറ്റിയിലെ അംഗമാണ് അദ്ദേഹം.

ഹെയ്ഡനും ഫിലാന്‍ഡറും പുതിയ കോച്ചുമാര്‍

ടി20 ലോകകപ്പിനുള്ള പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ കോച്ചായി ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡനെയും സൗത്താഫ്രിക്കയുടെ മുന്‍ പേസര്‍ വെര്‍ണോണ്‍ ഫിലാന്‍ഡറെയും നിയമിച്ചതായി റമീസ് രാജ പ്രഖ്യാപിച്ചു. പാക് ടീമിനെ കൂടുതല്‍ അഗ്രസീവാക്കി മാറ്റാന്‍ ഹെയ്ഡന്‍ സഹായിക്കും. ലോകകപ്പുകള്‍ നേടിയതിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിന്നുണ്ട്, കൂടാതെ ലോകോത്തര താരവുമായിരുന്നു. ഒരു ഓസ്‌ട്രേലിയക്കാരന്‍ ഡ്രസിങ് റൂമിലുണ്ടെന്നത് ടീമിനു വലിയ ഗുണം ചെയ്യുമെന്നും രാജ പറഞ്ഞു.

എനിക്കു ഫിലാന്‍ഡറെ അറിയാം. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള ലോക ക്രിക്കറ്റിലെ മുന്‍നി ര ടീമുകള്‍ക്കെതിരേ അദ്ദേഹം ഐതിഹാസിക പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഹെയ്ഡനും ഫിലാന്‍ഡറും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്താനെ നന്നായി പെര്‍ഫോം ചെയ്യാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, September 13, 2021, 19:16 [IST]
Other articles published on Sep 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+