
നേരത്തേയും റിഷഭ് സമാനമായ രീതിയില്‍ വിക്കറ്റ് വലിച്ചെറിഞ്ഞതിന്റെ പേരില്‍ പഴി കേട്ടിട്ടുണ്ട്. സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയിലും സമാനമായ രീതിയില്‍ താരം ഔട്ടായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടതിനു പിന്നാലെയാണ് റിഷഭിന്റെ ഷോട്ട് സെലക്ഷനെതിരേ ബട്ട് സ്വന്തം യൂട്യൂബ് ചാനലിലൂടെ ആഞ്ഞടിച്ചത്.

റിഷഭ് പന്തിനെ നോക്കൂ, അവസാന ഏകദിനത്തില്‍ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയ രീതിയ അംഗീകരിക്കാന്‍ കഴിയില്ല. ക്രീസിലെത്തിയ ശേഷം കുറച്ചു സമയമെടുത്ത് റിഷഭിനു ഷോട്ടുകള്‍ കളിക്കാമായിരുന്നു. 20-25 റണ്‍സ് പോലും താരം ഈ കളിയില്‍ സംഭാവന ചെയ്തിരുന്നെങ്കില്‍ ഇന്ത്യക്കു മല്‍സരം വിജയിക്കാമായിരുന്നു. മോശമല്ലാത്ത റണ്‍റേറ്റിലായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സ് അപ്പോള്‍ മുന്നോട്ടുപോയത്. ഒരു ബോളില്‍ ഒരു റണ്‍സെന്ന നിലയില്‍ ചേസ് ചെയ്താല്‍ പോലും ഇന്ത്യക്കു ജയസാധ്യതയുണ്ടായിരുന്നു.

ക്രീസിലെത്തിയാല്‍ ആദ്യത്തെ ബോളില്‍ തന്നെ പുറത്തേക്കിറങ്ങി ഷോട്ട് കളിക്കുമെന്നു ശപഥമെടുത്തതുപോലെയാണ് റിഷഭ് പന്ത് കളിക്കുന്നത്. ബാറ്റ് ചെയ്യാനെത്തും മുമ്പ് ഇങ്ങനെ ചെയ്യണമെന്നു അദ്ദേഹത്തോടു ആരെങ്കിലും പറയുന്നുണ്ടോയെന്ന കാര്യത്തില്‍ ഉറപ്പില്ല അതോ ആദ്യത്തെ ബോളില്‍ തന്നെ അസാധാരണമായി എന്തെങ്കിലും ചെയ്യണമെന്ന് ഭാവനയില്‍ കണ്ടാണോ റിഷഭ് എത്തുന്നതെന്നും അറിയില്ല. ഇതു തീര്‍ച്ചയായും യുക്തിസഹമല്ല. റിഷഭ് നിലവില്‍ നല്ല ഫോമിലാണ്. ക്രീസില്‍ നിലയുറപ്പിക്കുമ്പോഴെല്ലാം വലിയ സ്‌കോറുകള്‍ നേടാനും സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതു അദ്ദേഹം ഉപയോഗപ്പെടുത്തണമെന്നും സല്‍മാന്‍ ബട്ട് ആവശ്യപ്പെട്ടു.

സൗത്താഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ പരാജയത്തിന്റെ കാരണങ്ങള്‍ തിരയുകയാണെങ്കില്‍ ടീം സെലക്ഷന്‍ അത്ര മികച്ചതായിരുന്നില്ലെന്നു സല്‍മാന്‍ ബട്ട് നിരീക്ഷിച്ചു. പ്രത്യേകിച്ചും ഇന്ത്യയുടെ ബൗളിങ് ലൈനപ്പ് മോശമായിരുന്നു. ഇന്ത്യന്‍ ബൗളിങിന് വേഗത കുറവായിരുന്നു. ബാറ്റിങിലേക്കു വന്നാല്‍ ആര്‍ക്കും അവരുടെ 50-60 സ്‌കോറുകള്‍ സെഞ്ച്വറിയിലേക്കു മാറ്റാന്‍ സാധിച്ചില്ല. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതു തന്നെയായിരുന്നു. സൗത്താഫ്രിക്കന്‍ ബാറ്റര്‍മാര്‍ ക്രീസില്‍ നിലയുറപ്പിച്ച ശേഷം അവ ഇന്നിങ്‌സുകളാക്കി മാറ്റിയെടുത്തിട്ടുണ്ടെന്നും ബട്ട് വിശദീകരിച്ചു.

ഇന്ത്യയുടെ ഏതെങ്കിലുമൊരു ബാറ്റര്‍ ക്രീസില്‍ നിലയുറപ്പിച്ചാല്‍ അയാള്‍ 50-60 റണ്‍സില്‍ നില്‍ക്കെ വിക്കറ്റ് നഷ്ടപ്പെടുത്തിയതായി കാണാം. അതിനാല്‍ ഒരു ക്ലസ്റ്ററില്‍ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ അടുത്തതായി ക്രീസിലെത്തുന്നയാള്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും. അയാള്‍ക്കു സ്വതന്ത്രമായി ബാറ്റ് ചെയ്യാനും കഴിയില്ല. ടീമിനു വേണ്ടി നല്ലൊരു അടിത്തറയിട്ട ശേഷം ഒരുപാട് അശ്രദ്ധമായ ഷോട്ടുകള്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഭാഗത്തു നിന്നുണ്ടായതായി നമുക്ക് കാണാന്‍ കഴിയുമെന്നും ബട്ട് വിലയിരുത്തി.

അതേസമയം, കെഎല്‍ രാഹുലിനു കീഴില്‍ ആദ്യമായി ഇറങ്ങിയ ഇന്ത്യയെ എല്ലാ മേഖലയിലും നിഷ്പ്രഭരാക്കിയാണ് സൗത്താഫ്രിക്ക പരമ്പര തൂത്തുവാരിയത്. അവസാന കളിയില്‍ മാത്രമേ ഇന്ത്യക്കു അല്‍പ്പമെങ്കിലും അവര്‍ക്കു വെല്ലുവിളി നല്‍കാനായുള്ളൂ. തോല്‍വിയുടെ വക്കില്‍ നിന്നും ദീപക് ചാഹറിന്റെ തകര്‍പ്പന്‍ ഫിഫ്റ്റി മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിന് അരികില്‍ വരെയെത്തിച്ചിരുന്നു. പക്ഷെ ചാഹര്‍ പുറത്തായതോടെ ഇന്ത്യ നാലു റണ്‍സിന്റെ തോല്‍വിയിലേക്കു വീഴുകയായിരുന്നു.


Click it and Unblock the Notifications











