
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് എടികെയുടെ ജയം. 45ാം മിനുട്ടില്‍ ലിസ്റ്റന്‍ കൊളാക്കോയും 85ാം മിനുട്ടില്‍ മന്‍വീര്‍ സിങ്ങുമാണ് എടികെയ്ക്കായി ഗോള്‍ നേടിയത്. ജയത്തോടെ 18 മത്സരത്തില്‍ നിന്ന് 34 പോയിന്റുമായി എടികെ മൂന്നാം സ്ഥാനം നിലനിര്‍ത്തി. 19 മത്സരത്തില്‍ നിന്ന് 26 പോയിന്റുള്ള ബംഗളൂരു ആറാം സ്ഥാനത്താണ്.
ഇരു ടീമും ഒന്നിനൊന്ന് ശക്തരായ ടീമുകളായതിനാല്‍ തുടക്കം മുതല്‍ പോരാട്ടം കടുത്തു. 4-3-3 ഫോര്‍മേഷനിലാണ് ഇരു ടീമും കളത്തിലിറങ്ങിയത്. ആദ്യ പകുതിയുടെ തുടക്ക സമയങ്ങളിലെല്ലാം ഒഴുക്കന്‍ കളിയാണ് ഇരു കൂട്ടരും കാഴ്ചവെച്ചത്. എടികെ പന്തടക്കത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയപ്പോള്‍ ആദ്യ പകുതിയില്‍ ആക്രമണത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ ബംഗളൂരു എഫ്‌സിക്കായി.

40ാം മിനുട്ടില്‍ ഹ്യൂഗോ ബൗമസിനെ തിരിച്ചുവിളിച്ച് ദീപക് ടാന്‍ഗ്രിക്ക് എടികെ അവസരം നല്‍കി. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്ന് തോന്നിക്കവെ 45ാം മിനുട്ടില്‍ എടികെ ലീഡെടുത്തു. ലിസ്റ്റന്‍ കൊളാക്കോയാണ് എടികെയ്ക്കായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിക്ക് വിസില്‍ ഉയരുമ്പോള്‍ ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്താന്‍ എടികെയ്ക്ക് സാധിച്ചു.
രണ്ടാം പകുതിയില്‍ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് രണ്ട് ടീമും ഇറങ്ങിയത്. 63ാം മിനുട്ടില്‍ ബംഗളൂരു ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും എടികെ ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്. 64ാം മിനുട്ടില്‍ ഒരു മാറ്റം കൂടി ബംഗളൂരു വരുത്തി. 67ാം മിനുട്ടില്‍ ഗോള്‍ നേടിയ ലിസ്റ്റന്‍ കൊളാക്കോയെ തിരിച്ചുവിളിച്ച് പ്രഭിര്‍ ദാസിനെ എടികെ കളത്തിലിറക്കി. ഗോള്‍ മടക്കാമെന്ന പ്രതീക്ഷയോടെ കളിച്ച ബംഗളൂരുവിനെ നിരാശരാക്കി 85ാം മിനുട്ടില്‍ എടികെ രണ്ടാം ഗോള്‍ നേടി. ഇത്തവണ മന്‍വീര്‍ സിങ്ങാണ് വലകുലുക്കിയത്. 89ാം മിനുട്ടില്‍ മൂന്ന് മാറ്റങ്ങളുമായി എടികെ പ്രതിരോധം കടുപ്പിച്ചു.

ഗോള്‍ മടക്കാനുള്ള ബംഗളൂരുവിന്റെ ശ്രമങ്ങളെല്ലാം പിഴച്ചപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോള്‍ ജയം എടികെയ്‌ക്കൊപ്പം നിന്നു. മത്സരത്തില്‍ 55 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാനും എട്ടിനെതിരേ 10 ഗോള്‍ശ്രമം നടത്താനും ബംഗളൂരു എഫ്‌സിക്ക് സാധിച്ചെങ്കിലും ഭാഗ്യം എടികെയെ തുണക്കുകയായിരുന്നു.