ക്രിക്കറ്റ് മാറ്റങ്ങള്‍ വിധേയമായി കൊണ്ടിരിക്കുകയാണ്. ടി20 ഫോര്‍മാറ്റിന്റെ വരവിനു ശേഷം ക്രിക്കറ്റെന്ന ഗെയിം കൂടുതല്‍ ചടുലവും ആവേശകരവുമായി മാറിയെന്നതില്‍ സംശയമില്ല. പരമ്പരാഗത ശൈലിയില്‍ നിന്നും താരങ്ങള്‍ക്കും ഇപ്പോള്‍ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. പ്രത്യേകിച്ചും ബാറ്റിങിലാണ് പ്രകടമായ മാറ്റമുണ്ടായത്. സിക്‌സറുകള്‍ നേരത്തേ അത്ര എളുപ്പമുള്ള കാര്യമായിരുന്നെങ്കില്‍ ഇപ്പോള്‍ സിക്‌സറുകള്‍ക്കു യാതൊരു പഞ്ഞവുമില്ലെന്നു കാണാം. ഓപ്പണര്‍മാര്‍ മുതല്‍ വാലറ്റക്കാര്‍ വരെ യാതൊരു കൂസലുമില്ലാതെയാണ് ആധുനിക ക്രിക്കറ്റില്‍ സിക്‌സറുകള്‍ പറത്തുന്നത്.
ഏകദിനത്തിലോ, ടി20യിലോ ഇതുവരെ ഒരു സിക്‌സര്‍ പോലും നേടിയിട്ടില്ലാത്ത ചില ഇന്ത്യന്‍ താരങ്ങളുണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇതു സത്യം തന്നെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു സിക്‌സര്‍ പോലും എടുത്തു കാണിക്കാനില്ലാത്ത ചില ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ ഇടമില്ലാത്ത സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ഈ ലിസ്റ്റിലെ ഒരാള്‍. നേരത്തേ ഏകദിനത്തിലും ടി20യിലും ടീമിലെ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹത്തേ ഇപ്പോള്‍ പൂര്‍ണമായും മറന്ന മട്ടാണ്. മോശം പ്രകടനങ്ങളും കുല്‍ദീപ് യാദവിന്റെ ശക്തമായ തിരിച്ചുവരവുമാണ് ഇതിനു പിന്നിലെ കാരണം.
ഇന്ത്യക്കു വേണ്ടി 72 ഏകദിനങ്ങളില്‍ കളിച്ച ചഹല്‍ 14 ഇന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും ഒരു സിക്‌സര്‍ പോലും നേടാന്‍ അദ്ദേഹത്തിനായിട്ടില്ല. വെറും എട്ടു ഫോറുകള്‍ മാത്രമേ ഏകദിനത്തില്‍ ചഹല്‍ നേടിയിട്ടുള്ളൂ. ആകെ സമ്പാദ്യമാവട്ടെ 77 റണ്‍സ് മാത്രമാണ്. ഉയര്‍ന്ന സ്‌കോര്‍ 18 റണ്‍സുമാണ്.
ടി20 കരിയറെടുത്താല്‍ ചഹല്‍ കളിച്ചത് 80 മല്‍സരങ്ങളിലാണ്. ഇവയില്‍ ബാറ്റ് ചെയ്തതാവട്ടെ ആറിന്നിങ്‌സുകളിലുമാണ്. ഒരു സിക്‌സര്‍ പോലും താരം നേടിയിട്ടുമില്ല. മാത്രമല്ല ഫോറും നേടാന്‍ ചഹലിനു സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ മൂന്നു റണ്‍സുമാണ്.
ഇന്ത്യന്‍ സ്പിന്‍ ബൗളിങിന്റെ കുന്തമുനയായി ഇപ്പോള്‍ മാറിയ കുല്‍ദീപ് യാദവാണ് ഏകദിനത്തിലോ, ടി20യിലോ ഒരു സിക്‌സര്‍ പോലുമില്ലാത്ത രണ്ടാമത്തെയാള്‍. ബാറ്റിങില്‍ ചഹലിനേക്കാള്‍ മെച്ചപ്പെട്ട താരമാണെങ്കിലും സിക്‌സറിന്റെ കാര്യത്തില്‍ കുല്‍ദീപും ശോകം തന്നെയാണ്.
106 ഏകദിനങ്ങളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. ഇവയില്‍ 40 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത കുല്‍ദീപ് 205 റണ്‍സും സ്‌കോര്‍ ചെയ്തു. 14 ഫോറുകളടക്കമാണിത്. പക്ഷെ കന്നി സിക്‌സറടിക്കാന്‍ അദ്ദേഹത്തിനു ഇപ്പോഴുമായിട്ടില്ല. 19 റണ്‍സാണ് ഏകദിനത്തില്‍ കുല്‍ദീപിന്റെ ഉയര്‍ന്ന സ്‌കോര്‍.

ടി20 കരിയറെടുക്കുകയാണെങ്കില്‍ 40 മല്‍സരങ്ങളിലായി ഏഴിന്നിങ്‌സുകളിലാണ് കുല്‍ദീപ് ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും നേടാനായത് രണ്ടു ഫോറുകളടക്കം 46 റണ്‍സുമാണ്. പക്ഷെ ഒരു സിക്‌സര്‍ പോലും അദ്ദേഹം ഈ ഫോര്‍മാറ്റിലും നേടിയിട്ടില്ല.
മുന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ് ഇന്ത്യക്കായി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഒരു സിക്‌സര്‍ പോലും നേടിയിട്ടില്ലാത്ത മൂന്നാമത്തെ താരം. ആറടി അഞ്ച് ഇഞ്ച് ഉയരമുള്ള അദ്ദേഹം 80 ഏകദിനങ്ങളിലാണ് രാജ്യത്തിനായി കളിച്ചത്. ഇവയില്‍ 28 ഇന്നിങ്‌സുകളിലായി നേടിയത് 72 റണ്‍സുമാണ്. പക്ഷെ ഒരു സിക്‌സര്‍ പോലും ഇഷാന്തിന്റെ പേരില്‍ ഇല്ല. ടി20യില്‍ 14 മല്‍സരങ്ങളില്‍ മൂന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹത്തിനു ഈ ഫോര്‍മാറ്റിലും സിക്‌സര്‍ കുറിക്കാനായില്ല.