ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളില്‍ വിക്കറ്റ് കീപ്പര്‍ റോളിനായി താരങ്ങള്‍ക്കിടയില്‍ വലിയ പിടിവലിയാണ് ഇപ്പോഴുള്ളത്. ഏകദിനത്തില്‍ ടീമിന്റെ നിലവിലെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ കെഎല്‍ രാഹുലും ടി20യില്‍ സഞ്ജു സാംസണുമാണ്. എന്നാല്‍ ഇരുവര്‍ക്കും ഭീഷണിയുയര്‍ത്തി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍.
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജുവിന്റെ ബാക്കപ്പായി അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തി കഴിഞ്ഞു. രണ്ടു വര്‍ഷത്തെ ഗ്യാപ്പിനു ശേഷമാണ് ഇഷാന്‍ ദേശീയ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഇനി ന്യൂസിലാന്‍ഡുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും അദ്ദേഹത്തിനു സ്ഥാനം ലഭിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.
മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. നിലവില്‍ റിഷഭ് പന്താണ് ഏകദിനത്തില്‍ രാഹുലിന്റെ ബാക്കപ്പായി പരിഗണിക്കപ്പെടാറുള്ളത്. പക്ഷെ അടുത്ത പരമ്പരയില്‍ റിഷഭിനു പകരം ഇഷാനെ ബാക്കപ്പായി ടമിലെടുക്കണം. ഇതിന്റെ കാരണമറിയാം.

എന്തുകൊണ്ട് ഇഷാന്‍?
ഇഷാന്‍ കിഷനെ ഏകദിനത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കേണ്ടതിന്റെ ആദ്യത്തെ കാരണം നിലവിലെ തകര്‍പ്പന്‍ ഫോം തന്നെയാണ്. കരിയര്‍ ബെസ്റ്റ് ഫോമിലാണ് ജാര്‍ഖണ്ഡിന്റെ ഇടംകൈയന്‍ ബാറ്റര്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ വെറും 33 ബോളിലായിരുന്നു ഇഷാന്‍ ഇടിവെട്ട് സെഞ്ച്വറി കുറിച്ചത്. അതിനു തൊട്ടുമുമ്പ് കളിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും അദ്ദേഹം മാജിക്കല്‍ പ്രകടനമാണ് നടത്തിയത്.
രണ്ടു സെഞ്ച്വറികളടക്കം 500ന് മുകളില്‍ റണ്‍സ് ഇഷാന്‍ വാരിക്കൂട്ടുകയും ചെയ്തു. 200നടുത്ത് സ്‌ട്രൈക്ക് റേറ്റിലാണിത്. ഇത്രയും മികച്ച ഫോമില്‍ അദ്ദേഹം കളിച്ചുകൊണ്ടിരിക്കവെ അതു പരമാവധി മുതലെടുക്കാനായിരിക്കണം ഇന്ത്യ ശ്രമിക്കേണ്ടത്.
ഇഷാനെ ഏകദിന ടീമിലേക്കു പരിഗണിക്കേണ്ടതിന്റെ രണ്ടാമത്തെ കാരണം കെഎല്‍ രാഹുലിനെപ്പോലെ ബാറ്റിങില്‍ എവിടെയും ഇറങ്ങി മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നതാണ്. നിലവിലെ ഇന്ത്യന്‍ ഏകദിന ടീമില്‍ ടോപ്പ് ഫോറിലെ എല്ലാ സ്‌പോട്ടകളിലും മികച്ച താരങ്ങളുണ്ട്. അതുകൊണ്ടു തന്നെ മധ്യനിരയില്‍ മാത്രമേ ഒഴിവുള്ളൂ.
അഞ്ച്, ആറ് സ്ഥാനങ്ങളിലാണ് രാഹുല്‍ നിലവിവല്‍ ടീമിനായി ബാറ്റ് ചെയ്യാറുള്ളത്. ഇതേ റോളില്‍ മിന്നിക്കാന്‍ ഇഷാനും സാധിക്കും. വിജയ് ഹസാരെയില്‍ കര്‍ണാടകയുമായുള്ള ആദ്യ മല്‍സരത്തില്‍ ജാര്‍ഖണ്ഡിനായി മധ്യനിരയില്‍ ഇറങ്ങിയാണ് വെറും 33 ബോളില്‍ അദ്ദേഹം സെഞ്ച്വറി അടിച്ചെടുത്തത്. കര്‍ണാടകയുടെ ശക്തമായ ബൗളിങ് നിരയ്‌ക്കെതിരേ വളരെ അനായാസമാണ് വമ്പന്‍ ഷോട്ടുകളുമായി ഇഷാന്‍ കളം നിറഞ്ഞത്.

രാഹുലിന്റെ ബാക്കപ്പായി അദ്ദേഹത്തെ ഏകദിന ടീമിലെടുക്കേണ്ടതിന്റെ രണ്ടാമത്തെ കാരണം റിഷഭ് പന്തിന്റെ റെക്കോര്‍ഡാണ്. സൗത്താഫ്രിക്കയുമായി അവസാനം കളിച്ച മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍ പോലും അവസരമില്ലാതെ ബെഞ്ചില്‍ ഇരിക്കേണ്ടിവരികയായിരുന്നു.
റിഷഭിന്റെ ഏകദിന റെക്കോര്‍ഡ് നോക്കിയാല്‍ അതു അത്ര ഗംഭീരമല്ലെന്നു കാണാം. 31 മല്‍സരങ്ങളില്‍ നിന്നും 33.50 ശരാശരിയില്‍ 871 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 106.21 ആണ് സ്‌ട്രൈക്ക് റേറ്റ്.
എന്നാല്‍ റിഷഭുമായി താരതമ്യം ചെയ്യുമ്പോള്‍ കുറേക്കൂടി മികച്ചതാണ് ഇഷാന്റെ റെക്കോര്‍ഡ്. 27 മല്‍സരങ്ങളില്‍ നിന്നും 42.40 ശരാശരിയില്‍ 102.19 സ്‌ട്രൈക്ക് റേറ്റില്‍ 933 റണ്‍സാണ് സമ്പാദ്യം. ഒരു ഡബിള്‍ സെഞ്ച്വറിയും ഏഴു ഫിഫ്റ്റികളുമടക്കമാണിത്.