ഇന്ത്യന്‍ ടീമിലേക്കു തന്റെ മടങ്ങിവരവ് ഉറപ്പിച്ചിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. ബുച്ചി ബാബു റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ടീമിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചിരിക്കുകയാണ്. മധ്യപ്രദേശുമായുള്ള കളിയിലാണ് ആവേശകരമായ റണ്‍ചേസില്‍ ഇഷാന്റെ ടീം രണ്ടു വിക്കറ്റിന്റെ ആവേശോജ്വല ജയം സ്വന്തമാക്കിയത്. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുായി ഹീറോയായ ഇഷാന്‍ രണ്ടാമിന്നിങ്‌സിലും ക്യാപ്റ്റന്റി കളി കെട്ടഴിച്ച് കൈയടി വാങ്ങി.
റണ്‍ചേസില്‍ ജാര്‍ഖണ്ഡ് ടീം പതറിയെങ്കിലും ക്രീസിന്റെ മറുഭാഗത്തു അവസാനം വരെ നിലയുറപ്പിച്ച ഇഷാന്‍ വിജയ റണ്‍സും കുറിക്കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ നിര്‍ണായക ലീഡ് കൈക്കലാക്കിയ ജാര്‍ഖണ്ഡിനു 175 റണ്‍സിന്റെ വിജയലക്ഷ്യമാണ് മധ്യപ്രദേശ് നല്‍കിയത്. ഒരു വിക്കറ്റിനു 37 റണ്‍സെന്ന നിലയിലാണ് നാലാം ദിനത്തില്‍ ജാര്‍ഖണ്ഡ് കളി പുനരാരംഭിച്ചത്. ലക്ഷ്യത്തിലേക്കു ടീമിനു പകുതിയിലേറെ റണ്‍സ് വേണമെന്നിരിക്കെയാണ് ഇഷാന്‍ ക്രീസിലെത്തിയത്.

പക്ഷെ ജാര്‍ഖണ്ഡിനു വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നഷ്ടമായിക്കൊണ്ടിരുന്നു. ക്രീസിന്റെ മറുഭാഗത്ത് ബാറ്റിങ് പങ്കാളികളെ ഒന്നിനു പിറകെ ഒന്നായി നഷ്ടമായെങ്കിലും ഇഷാന്‍ വിട്ടുകൊടുത്തില്ല. അദ്ദേഹം ക്രീസില്‍ ഉറച്ചുതന്നെ നിന്നു. ഒടുവില്‍ രണ്ടു വിക്കറ്റ് കൈയിലിരിക്കെ ജാര്‍ഖണ്ഡിനു ജയിക്കാന്‍ വേണ്ടത് 12 റണ്‍സ്. ഇഷാനെക്കൂടാതെ ബാറ്റ് ചെയ്യാനുള്ളത് വാലറ്റത്തെ രണ്ടു പേര്‍ മാത്രം.
മല്‍സരം എങ്ങോട്ടു വേണമെങ്കിലും മാറിമറിഞ്ഞേക്കാമെന്ന നിമിഷമായിരുന്നു അത്. പക്ഷെ ഇഷാന്‍ പ്രതിരോധത്തിലേക്കു വലിയാന്‍ തയ്യാറായിരുന്നില്ല. വെറും മൂന്നു ബോളില്‍ അദ്ദേഹം കളി തീര്‍ക്കുകയായിരുന്നു. ഇടയ്ക്കുള്ള ഒരു ബോളില്‍ റണ്ണൊന്നും ലഭിക്കാതെ പോയപ്പോള്‍ മറ്റു രണ്ടു ബോളും ഇഷാന്‍ സിക്‌സറിലേക്കു പറത്തുകയായിരുന്നു. ലെഗ് സ്പിന്നര്‍ ആകാശ് രജാവത്തിന്റെ ഓവറിലാണ് അദ്ദേഹം വിജയ റണ്‍സ് കുറിച്ചത്.
ആദ്യം ഒരു സ്ലോഗ് സ്വീപ്പിലൂടെയാണ് ഇഷാന്‍ സിക്‌സര്‍ കണ്ടെത്തിയത്. സ്‌ക്വയര്‍ ലെഗിനു മുകളിലൂടെയായിരുന്നു ഈ ഷോട്ട്. ടീമിനു ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ്. അടുത്ത ബോളില്‍ റണ്ണൊന്നുമില്ല. എന്നാല്‍ മൂന്നാമത്തെ ബോളില്‍ ടീമിന്റെ വിജയം പൂര്‍ത്തിയാക്കി ഇഷാന്റെ മറ്റൊരു മനോഹരമായ സിക്‌സര്‍. മിഡ് വിക്കറ്റ് ഏരിയയിലൂടെ സ്ലോഗ് സ്വീപ്പിലൂടെയാണ് അദ്ദേഹം സിക്‌സര്‍ കണ്ടെത്തിയത്. ടീമിന്റെ വിജയം പൂര്‍ത്തിയാവുമ്പോള്‍ 58 ബോളില്‍ 41 റണ്‍സുമായി ഇഷാന്‍ ക്രീസിലുണ്ടായിരുന്നു.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയും നേടാന്‍ ഇഷാന് സാധിച്ചിരുന്നു. 86 ബോളുകളില്‍ നിന്നാണ് അദ്ദേഹം മൂന്നക്കത്തിലെത്തിയത്. 107 ബോളില്‍ 114 റണ്‍സ് അടിച്ചെടുത്താണ് ഇഷാന്‍ ക്രീസ് വിട്ടത്. 10 സിക്‌സറും അഞ്ചു ഫോറുകളും ഇതിലുള്‍പ്പെടും. വ്യക്തിഗത സ്‌കോര്‍ 92ല്‍ നില്‍ക്കവെ തുടര്‍ച്ചയായി രണ്ടു സിക്‌സറുകള്‍ പറത്തിയാണ് ഇഷാന്‍ സെഞ്ച്വറിയിലേക്കു കുതിച്ചത്. ടീമിനെ ലീഡിലേക്കു നയിച്ചതും അദ്ദേഹത്തിന്റെ ഇന്നിങ്‌സ് തന്നെയാണ്.
പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഇഷാനെ തേടിയെത്തി. ജാര്‍ഖണ്ഡിനായി രണ്ടിന്നിങ്‌സുകളിലെയും മാച്ച് വിന്നിങ് പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ സെലക്ടര്‍മാരുടെയും കോച്ച് ഗൗതം ഗംഭീറിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇഷാന്‍. അടുത്ത മാസം ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന ടെസ്റ്റ്, ടി20 പരമ്പരകളില്‍ അദ്ദേഹം ടീമിലേക്കു മടങ്ങിയെത്താനുള്ള സാധ്യതകളും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയിലാണ് ഇന്ത്യക്കു വേണ്ടി ഇഷാന്‍ അവസാനമായി കളിച്ചത്.