സഞ്ജു ഫ്‌ളോപ്പ്, 334 സ്‌ട്രൈക്ക് റേറ്റില്‍ മിന്നിച്ച് ഇഷാന്‍! കൂട്ടിന് ചരിത്ര റെക്കോഡും
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം തകര്‍പ്പന്‍ പ്രകടനം നടത്തി മിന്നിക്കുകയാണ്. ഐപിഎല്‍ മെഗാ താരലേലം അവസാനിച്ചതിന് ശേഷവും വെടിക്കെട്ട് പ്രകടനം നടത്തി ഇന്ത്യന്‍ സെലക്ടര്‍മാരേയും ഫ്രാഞ്ചൈസി ഓണര്‍മാരേയും ഞെട്ടിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സഞ്ജു സാംസണ്‍ അവസാന അഞ്ച് ടി20യില്‍ നിന്ന് മൂന്ന് സെഞ്ച്വറി നേടിയെങ്കിലും കേരളത്തിനൊപ്പം പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല.
എന്നാല്‍ സഞ്ജുവിന്റെ തളര്‍ച്ച മുതലാക്കി ഇഷാന്‍ കിഷന്‍ കത്തിക്കയറുകയാണെന്ന് പറയാം. വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇഷാന്‍ ജാര്‍ഖണ്ഡിനായി കാഴ്ചവെക്കുന്നത്. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ എല്ലാവരേയും വിസ്മയിപ്പിക്കുന്ന ബാറ്റിങ് പ്രകടനം നടത്തിയാണ് കളം വിട്ടത്. 23 പന്ത് നേരിട്ട് 77 റണ്‍സോടെയാണ് ഇഷാന്‍ പുറത്താവാതെ നിന്നത്.
അഞ്ച് ഫോറും 9 സിക്‌സും ഉള്‍പ്പെടെയാണ് ഇഷാന്‍ കത്തിക്കയറിയത്. 94 റണ്‍സ് വിജയലക്ഷ്യം 4.3 ഓവറില്‍ ജാര്‍ഖണ്ഡ് മറികടന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 20ലധികം പന്ത് നേരിട്ട താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് എന്ന റെക്കോഡും ഇഷാന്‍ സ്വന്തം പേരിലാക്കി
ഇഷാനും ഓപ്പണിങ് നോട്ടമിടുന്നു
ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണര്‍ സ്ഥാനം നോട്ടമിടുന്ന പ്രകടനമാണ് ഇഷാന്‍ കിഷനും നടത്തുന്നത്. സഞ്ജു സാംസണ്‍ മികച്ച പ്രകടനം ഓപ്പണര്‍ റോളില്‍ നടത്തിയെങ്കിലും ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചെന്ന് പറയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ മറ്റ് താരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരമുണ്ട്. ഓപ്പണിങ്ങില്‍ വളരാന്‍ കാത്തിരിക്കുന്ന നിരവധി താരങ്ങളുണ്ട്. അതിലൊരാളാണ് ഇഷാന്‍ കിഷന്‍. നേരത്തെ ഇന്ത്യക്കായി ഓപ്പണറായിട്ടുള്ള താരമാണ് ഇഷാന്‍.
കടന്നാക്രമിച്ച് കളിക്കുന്ന ഇഷാന്‍ സഞ്ജുവിനെക്കാളും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്നു. സഞ്ജുവിനെക്കാളും കൂടുതല്‍ സാഹസിക ഷോട്ട് കളിക്കുന്ന താരമാണ് ഇഷാന്‍ കിഷന്‍. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ താരത്തിന് കഴിവുണ്ട്. ഇഷാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇതേ മികവ് തുടര്‍ന്നാല്‍ അദ്ദേഹത്തിനെ ഇന്ത്യ ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചേക്കും. ഇത് സഞ്ജുവിന് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കും.

ഹൈദരാബാദിന്റേയും ഓപ്പണര്‍?
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് എന്നിവര്‍ ഓപ്പണര്‍ റോളിലുണ്ട്. രണ്ട് പേരും മികച്ച പ്രകടനം നടത്തുന്ന താരങ്ങളുമാണ്. എന്നാല്‍ അഭിഷേകിന്റെ സ്ഥിരത അല്‍പ്പം പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ഹൈദരാബാദ് ഓപ്പണിങ്ങിലേക്ക് ഇഷാന്‍ കിഷനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഫോമിലേക്കെത്തിയാല്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് ഇഷാന്‍ കിഷന്‍.
പോക്കറ്റ് ഡൈനാമോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇഷാന്‍ മുംബൈ ഇന്ത്യന്‍സ് വിട്ട് ഹൈദരാബാദിലേക്കെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ഓപ്പണര്‍ റോളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടമെന്നതാവും ഇഷാന്റെ ലക്ഷ്യം. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് ഇഷാന്‍ കിഷന്‍. ഹൈദരാബാദിന്റെ ഓപ്പണര്‍ റോളില്‍ ഇഷാന്‍ എത്തുകയും മിന്നിക്കുകയും ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം.
സഞ്ജുവിന് സ്ഥിരത വേണം
സഞ്ജു സാംസണിന് ഓപ്പണര്‍ റോള്‍ ഉറപ്പിക്കാന്‍ സ്ഥിരതയോടെ കളിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. ഒപ്പം സ്ഥിരതയും നിലനിര്‍ത്തണം. ഇഷാന്‍ കിഷനും റിഷഭ് പന്തുമെല്ലാം സഞ്ജുവിന്റെ ഓപ്പണര്‍ റോള്‍ ലക്ഷ്യമിട്ടാണിറങ്ങുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ നിര്‍ണ്ണായകമാണ്.
സ്ഥിരതയോടെ കളിക്കാനാവാത്ത പക്ഷം സഞ്ജു സാംസണിന് അധികനാള്‍ ഓപ്പണര്‍ റോളില്‍ മുന്നോട്ട് പോകാനായേക്കില്ല. റുതുരാജ് ഗെയ്ക് വാദും വിക്കറ്റ് കീപ്പര്‍ റോളിലേക്ക് തിരിയാനൊരുങ്ങുകയാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications