ഇന്ത്യന്‍ ടീമിലേക്കു ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ് യുവ ഇടംകൈയന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. സമീപകാലത്തു ടീമിന്റെ വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരുടെയൊന്നും പ്രകടനം അത്ര ആശാവഹമല്ല. അതുകൊണ്ടു തന്നെ ഇഷാനെ തിരികെയെത്തിക്കുന്നതിനായി സെലക്ടര്‍മാര്‍ തന്നെ പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ദേശീയ ടീമിനു വേണ്ടി ഒരു മല്‍സരം പോലും അദ്ദേഹം കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷമവസാനത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് ഇഷാന്‍ അവസാനമായി ദേശീയ ടീമിനായി കളിച്ചത്.
സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റ് ടീമിനോടൊപ്പമുണ്ടായിരുന്ന ഇഷാന്‍ പക്ഷെ പരമ്പര തുടങ്ങും മുമ്പ് ടീം വിടുകയായിരുന്നു. തനിക്കു ചെറിയൊരു ബ്രേക്ക് ആവശ്യമാണെന്ന് താരം അഭ്യര്‍ഥിക്കുകയും ടീം മാനേജ്‌മെന്റ് ഇതു അംഗീകരിക്കുകയും ചെയ്യുകായിരുന്നു. അതിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇഷാന്‍ രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കളിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഇതുണ്ടായില്ല. രഞ്ജി കളിക്കാതെ 'മുങ്ങിനടന്ന' ഇഷാന്‍ എവിടെയാണെന്നു പോലും ആഴ്ചകളോളം ആര്‍ക്കും അറിയില്ലായിരുന്നു.

ഇതിനിടെ ബിസിസിഐയുമായി കരാറുള്ള കളിക്കാര്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്തപ്പോള്‍ നിര്‍ബന്ധമായും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കണമെന്നു അന്നത്തെ കോച്ചായ രാഹുല്‍ ദ്രാവിഡും ബിസിസിഐ സെക്രട്ടറി ജയ് ഷായും പരസ്യമായി പറഞ്ഞിട്ടും ഇഷാന്‍ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചാണ് കളിക്കളത്തിലേക്കു ഇഷാന്‍ മടങ്ങിയെത്തിയത്. ഇതിനിടെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ മാറി നിന്നതിനെ തുടര്‍ന്ന് ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും അദ്ദേഹത്തെ പുറത്താകുകയും ചെയ്തു.
ഐപിഎല്ലിനു ശേഷം ടി20 ലോകകപ്പ്, സിംബാബ്‌വെ പര്യടനം, ശ്രീലങ്കന്‍ പര്യടനം എന്നിവയിലെല്ലാം ഇന്ത്യ കളിച്ചെങ്കിലും ഇവയിലൊന്നും ടീമിലേക്കു ഇഷാന്‍ പരിഗണിക്കപ്പെട്ടില്ല. ഇപ്പോഴിതാ അദ്ദേഹത്തെ ഈ വര്‍ഷം തന്നെ ദേശീയ ടീമിലേക്കു തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് സെലക്ടര്‍മാര്‍. ഇതിനായി ചില പ്ലാനുകളും അവര്‍ ഒരുക്കിയിട്ടുമുണ്ട്. റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചുകൊണ്ട് മടങ്ങിയെത്താനാണ് ഇഷാനോടു സെലക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദുലീപ് ട്രോഫിയാണ് ഈ വര്‍ഷം നടക്കാനിരിക്കുന്ന ആദ്യത്തെ റെഡ് ബോള്‍ ടൂര്‍ണമെന്റ്. അതുകൊണ്ടു തന്നെ ഈ ടൂര്‍ണമെന്റില്‍ ഉറപ്പായും കളിക്കണമെന്നാണ് ഇഷാനോടു സെലക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത മാസമാദ്യം നടക്കാനിരിക്കുന്ന ദുലീപ് ട്രോഫിയിലൂടെ ദേശീയ ടീമിലേക്കും വമ്പന്‍ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരിക്കും അദ്ദേഹം.
ടൂര്‍ണമെന്റില്‍ തിളങ്ങിയാല്‍ അതു ഇഷാനെ സംബന്ധിച്ച് മാത്രമല്ല ഇന്ത്യന്‍ ടീമിനും വലിയ ആശ്വാസമായിരിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ കസറിയ ശേഷം ദേശീയ ടീമിലേക്കു മടങ്ങിയെത്തിയാല്‍ വീണ്ടും ബിസിസിഐയുടെ മുഖ്യ കരാറിലും അദ്ദേഹം ഇടം പിടിക്കാന്‍ സാധ്യതയുണ്ട്.
ഫോം വീണ്ടെടുത്ത് ഇഷാന്‍ തിരിച്ചെത്തിയാല്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുക റിഷഭിനും സഞ്ജുവിനുമായിരിക്കും. കൂടാതെ രാഹുലും പേടിക്കണം. റിഷഭ് മൂന്നു ഫോര്‍മാറ്റുകളിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണെങ്കിലും ടെസ്റ്റിലൊഴികെ മറ്റു രണ്ടിലും ബാറ്റിങില്‍ അത്ര മികച്ച പ്രകടനമല്ല നടത്തിക്കൊണ്ടിരിക്കുന്നത്.
സഞ്ജുവാകട്ടെ ഏകദിനത്തില്‍ മാത്രമാണ് തിളങ്ങുന്നത്. രാഹുലിന്റെ കാര്യമെടുത്താല്‍ അദ്ദേഹം ഏകദിനത്തില്‍ മാത്രമേ അവിഭാജ്യ ഘടകമായിട്ടുള്ളൂ. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ ഇഷാന് വലിയ സാധ്യതകളാണ് മുന്നിലുള്ളത്. ഉജ്ജ്വല ഫോമില്‍ കളിക്കാനായാല്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവാനും ടെസ്റ്റില്‍ ബാക്കപ്പായി മാറാനും അദ്ദേഹത്തിനു സാധിക്കും.