ഇന്ത്യന്‍ ടീമിലേക്കുള്ള ശക്തമായ തിരിച്ചുവരവിനുള്ള ആദ്യത്തെ കടമ്പ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. ആഭ്യന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ അദ്ദേഹം ബുച്ചി ബാബു ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ തന്നെ സെഞ്ച്വറിയോടെ കസറി. മധ്യപ്രദേശുമായുള്ള മല്‍സരത്തിലാണ് ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ കൂടിയായ ഇഷാന്‍ തകര്‍പ്പന്‍ സെഞ്ച്വറി കണ്ടെത്തിയത്.
ഈ പ്രകടനത്തിലൂടെ മലയാളി താരം സഞ്ജു സാംസണിനു മാത്രമല്ല ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും മുട്ടന്‍ പണിയാണ് ഇഷാന്‍ നല്‍കിയിരിക്കുന്നത്. റിഷഭിന്റെ ട്രേഡ് മാര്‍ക്ക് സിക്‌സര്‍ വിജയകരമായി പരീക്ഷിച്ചാണ് തനിക്കും ഇതിനു സാധിക്കുമെന്നു അദ്ദേഹം കാണിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വ്യക്തിഗത സ്‌കോര്‍ 92ല്‍ നില്‍ക്കെ തുടര്‍ച്ചയായി രണ്ടു സിക്‌സറുകളുടെ അകമ്പടിയോടെയാണ് ഇഷാന്‍ മൂന്നക്കത്തിലെത്തിയത്. സ്പിന്നര്‍ അധീര്‍ പ്രതാപ് സിങെറിഞ്ഞ 70ാം ഓവറിലായിരുന്നു സംഭവം. ആദ്യമൊരു ഷോര്‍ട്ട് ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയാണ് അദ്ദേഹം സിക്‌സറിലെത്തിച്ചത്. ഇതോടെ താരം 98ലെത്തുകയും ചെയ്തു. രണ്ടു സിംഗിളുകള്‍ നേടി ഇഷാന്‍ സെഞ്ച്വറി തികയ്ക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ താരത്തിന്റെ പ്ലാന്‍ മറ്റൊന്നായിരുന്നു.
ഇഷാന്‍ കിഷന്റെ ഒറ്റക്കൈന്‍ സിക്‌സര്‍, വീഡിയോ കാണാം
ക്രീസിനു പുറത്തേക്കിറങ്ങിയ ഇഷാന്‍ ഒറ്റക്കൈ കൊണ്ട് ബോള്‍ കവര്‍ ഏരിയയിലൂടെ സിക്‌സറിലേക്കു പറത്തി സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഇന്ത്യന്‍ കുപ്പായത്തിലും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കുപ്പായത്തിലുമെല്ലാം റിഷഭ് വിജയകരമായി പരീക്ഷിച്ച് കൈയടി നേടിയിട്ടുള്ള ഷോട്ടായിരുന്നു ഇത്. നേരത്തേ വിക്കറ്റ് കീപ്പിങിലും ക്യാപ്റ്റന്‍സിയിലുമെല്ലാം തിളങ്ങിയ ശേഷമാണ് ബാറ്റിങിലും തന്റെ പ്രഹരശേഷിക്കു കുറവ് വന്നിട്ടില്ലെന്നു ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കും കോച്ച് ഗൗതം ഗംഭീറിനും ഇഷാന്‍ കാണിച്ചുകൊടുത്തത്.
മധ്യപ്രദേശിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലിനു മറുപടിയുമായി ക്രീസിലെത്തിയ ജാര്‍ഖണ്ഡിനായി പല ബാറ്റര്‍മാരും മോശമല്ലാതെ തുടങ്ങിയെങ്കിലും അതു വലിയ ഇന്നിങ്‌സായി മാറ്റിയെടുക്കാന്‍ സാധിച്ചില്ല. പക്ഷെ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ഇഷാന്‍ ടീമിന്റെ രക്ഷയ്‌ക്കെത്തി. 114 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. 107 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 10 സിക്‌സറും അഞ്ചു ഫോറുമുള്‍പ്പെട്ടിരുന്നു.

ഇഷാനെ സംബന്ധിച്ച് ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ ഇതിനേക്കാള്‍ മികച്ചൊരു തുടക്കം ഇനി ലഭിക്കാനില്ല.. അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്നു സംശയിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് അദ്ദേഹത്തിന്റെ ഈ പ്രകടനം. ഈ സെഞ്ച്വറിയോടെ ഇഷാന്‍ വൈകാതെ ദേശീയ ടീമിലേക്കു മടങ്ങിയെത്താനുള്ള സാധ്യതകളും വര്‍ധിച്ചിരിക്കുകയാണ്. അടുത്ത മാസം ബംഗ്ലാദേശുമായി നാട്ടില്‍ ടെസ്റ്റ്, ടി20 പരമ്പരകള്‍ ഇന്ത്യന്‍ ടീം കളിക്കാനിരിക്കെ ഇവയിലേക്കു അദ്ദേഹത്തെ തിരിച്ചുവിളിച്ചേക്കുകയും ചെയ്യും.
ഈ വര്‍ഷം ഇന്ത്യക്കായി ഒരു മല്‍സരത്തില്‍ പോലും ഇഷാന് കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയക്കെതിരേ ടി20യില്‍ കളിച്ചതിനു ശേഷം അദ്ദേഹം ദേശീയ ടീമിനു പുറത്താണ്. ഈ വര്‍ഷമാദ്യം രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കളിക്കാന്‍ ഇഷാന്‍ തയ്യാറായിരുന്നില്ല.
ഇതേ തുടര്‍ന്നു ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും താരം ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള കളിക്കാര്‍ നിര്‍ബന്ധമായും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കണമെന്നാണ് ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ബുച്ചി ബാബു ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇഷാന്‍ തയ്യാറായത്.