ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ട സൂര്യകുമാര്‍ യാദവ് ഈ റോളില്‍ വിജയിക്കുമോെയന്നതിനെക്കുറിച്ചു പ്രവചനം നടത്തിയിരിക്കുകയാണ് ജ്യോതിഷി. ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടം, അര്‍ജന്റീനയുടെ ലോക കിരീടമുള്‍പ്പെടെ പല പ്രവചനങ്ങളും നടത്തി ശ്രദ്ധേയനായ ഇന്ത്യന്‍ ജ്യോതിഷി ഗ്രീന്‍സ്‌റ്റോണ്‍ ലോബോയാണ് സൂര്യയുടെ ഭാവി എങ്ങനെയാവുമെന്നു പ്രവചനം നടത്തിയിരിക്കുന്നത്.
ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരേണ്ടിയിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു പകരമാണ് തീര്‍ത്തും അപ്രതീക്ഷിതമായി സൂര്യ നായകനായി നിയമിക്കപ്പെട്ടത്. നേരത്തേ രോഹിത് ശര്‍മ ടീമിനെ നയിക്കവെ വൈസ് ക്യാപ്റ്റന്റെ റോളിലുണ്ടായിരുന ഹാര്‍ദിക്കിനെ ലീഡര്‍ഷിപ്പ് റോളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തിരുന്നു. പുതിയ കോച്ച് ഗൗതം ഗംഭീറിന്റെ ഇടപെടലാണ് ഹാര്‍ദിക്കിനു പകരം ക്യാപ്റ്റനായി സൂര്യ വരാനിടയുള്ള കാരണമെന്നാണ് സൂചനകള്‍.

സൂര്യയെ ഇന്ത്യന്‍ ടി20 ക്യാപ്റ്റനായിക്കിയത് വളരെ നല്ല തീരുമാനം തന്നെയാണെന്നാണ് ജ്യോതിഷി പറയുന്നത്. ഇതിനുള്ള കാരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. സൂര്യകുമാര്‍ യാദവിന്റെ ഗ്രഹനില വളരെ മികച്ചതാണ്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടേതു പോലെയുള്ള വളരെ മികച്ച ഗ്രഹനിലയാണ് സ്‌കൈയ്ക്കുള്ളത്. അദ്ദേഹത്തിന്റെ കാര്‍മിക് ക്വാട്ടയും ഇപ്പോള്‍ മികച്ചതാണെന്നും ജ്യോതിഷി പറയുന്നു.
സൂര്യകുമാര്‍ യാദവ് നേരത്തേ പ്രധാനപ്പെട്ട ഒരു ടീമിന്റെയും ക്യാപ്റ്റനായിട്ടില്ല. ചെറിയ ചില പരമ്പരകളില്‍ നായകനായിട്ടുണ്ടെന്നല്ലാതെ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു ഒന്നും എടുത്തുകാണിക്കാനില്ല. അതുകൊണ്ടു തന്നെ ഒരു വലിയ ടൂര്‍ണമെന്റ് വിജയിക്കാനുള്ള സാധ്യത ഇപ്പോഴും സൂര്യക്കുണ്ട്. അദ്ദേഹത്തിനു കീഴില്‍ വളരെ നന്നായിട്ടു തന്നെ ടീമിനു മുന്നോട്ടുപോവാന്‍ സാധിക്കും.
അവസാനത്തെ ലോകകപ്പുകളില്‍ ജയിച്ചിട്ടുള്ള ക്യാപ്റ്റന്‍മാര്‍ 1990ലും 1987ലും ജനിച്ചിട്ടുള്ളവരാണ്. വീണ്ടും ഇത് 1990ലേക്കും തിരികെ വന്നേക്കും. 1990ലാണ് സൂര്യ ജനിച്ചത്. ലോകകപ്പ് നേടുന്ന ക്യാപ്റ്റനായി മാറാന്‍ അദ്ദേഹത്തിനും കഴിയുമെന്നും ജ്യോതിഷി പ്രവചിക്കുന്നു.
സൂര്യയെ പുതിയ ടി20 ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത് വളരെ മികച്ച തീരുമാനം തന്നെയാണ്. ഒരു ടീമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത് ക്യാപ്റ്റനാണ്. അതിപ്പോള്‍ ശരിയായി വന്നിരിക്കുകയാണ്. വളരെ മികച്ചൊരു കോച്ചിനെയാണ് ഗൗതം ഗംഭീറിലൂടെ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ മികച്ചൊരു ക്യാപ്റ്റനെയും കണ്ടെത്തിയിരിക്കുകയാണ്. ഇനി വേണ്ടത് ശരിയായ കളിക്കാരുള്‍പ്പെടുന്ന മികച്ചൊരു ടീമാണ്. അതു സംഭവിക്കുകയാണെങ്കില്‍ ലോകകപ്പുള്‍പ്പെടെ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്കു സാധിക്കുമെന്നും ജ്യോതിഷി പറയുന്നു.

ശ്രീലങ്കയ്‌ക്കെതിരേ ഈയാഴ്ച ആരംഭിക്കുന്ന മൂന്നു ടി20കളുടെ പരമ്പരയിലാണ് സൂര്യക്കു കീഴില്‍ ഇന്ത്യ ഇറങ്ങാന്‍ പോവുന്നത്. പുതിയ കോച്ച് ഗംഭീറിനു കീഴില്‍ ടീമിന്റെ കന്നി പരമ്പരയും കൂടിയാണിത്. ദേശീയ ടീമിനെ സ്‌കൈ നയിക്കുന്നത് ഇതാദ്യമായിട്ടല്ല. കഴിഞ്ഞ വര്‍ഷമവസാനം രണ്ടു ടി20 പരമ്പരകളില്‍ അദ്ദേഹം ടീമിനെ നയിച്ചിരുന്നു. രണ്ടു പരമ്പരയും ഇന്ത്യ കൈവിടുകയും ചെയ്തില്ല.
ഏകദിന ലോകകപ്പിനു പിന്നാലെ കരുത്തരായ ഓസ്‌ട്രേലിയയുമായി നാട്ടില്‍ അഞ്ചു ടി20കളുടെ പരമ്പരയാണ് സൂര്യക്കു കീഴില്‍ ഇന്ത്യ കളിച്ചത്. ഈ പരമ്പരയില്‍ ഓസീസിനെ ഇന്ത്യ 4-1നു കെട്ടുകെട്ടിക്കുകയും ചെയ്തു. അതിനു പിന്നാലെ സൗത്താഫ്രിക്കയില്‍ മൂന്നു ടി20കളുടെ പരമ്പര കളിച്ചപ്പോഴും സൂര്യയാണ് ടീമിനെ നയിച്ചത്. ഈ പരമ്പര 1-1നു അവസാനിപ്പിക്കാനും ടീമിനു സാധിച്ചു. ഒരു മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു.