ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഭിമാനമാകുന്ന പ്രകടനത്തോടെ സമീപകാലത്ത് തിളങ്ങുകയാണ് സഞ്ജു സാംസണ്‍. ടി20യില്‍ മൂന്ന് സെഞ്ച്വറിയടക്കം അടിച്ചെടുത്ത് നിരവധി റെക്കോഡുകളാണ് സഞ്ജു ഈ വര്‍ഷം സ്വന്തം പേരിലാക്കിയത്. ഒരു കലണ്ടര്‍വര്‍ഷം മൂന്ന് ടി20 സെഞ്ച്വറി, തുടര്‍ച്ചയായി രണ്ട് ടി20 സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരന്‍ ഇങ്ങനെ തുടങ്ങി പല വമ്പന്‍ റെക്കോഡുകളും ഇതിനോടകം സഞ്ജു സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണര്‍ സ്ഥാനം ഏറെക്കുറെ സഞ്ജു ഉറപ്പിച്ചെന്ന് പറയാം.
വിക്കറ്റ് കീപ്പര്‍ റോളില്‍ എല്ലാവരേയും ഞെട്ടിക്കുന്ന പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. റിഷഭ് പന്ത്, ഇഷാ്ന്‍ കിഷന്‍ തുടങ്ങി പല പ്രധാന വിക്കറ്റ് കീപ്പര്‍മാരുടേയും വഴി അടച്ചാണ് സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണര്‍ സ്ഥാനത്ത് മിന്നിക്കുന്നത്. ഇന്ത്യയുടെ മറ്റ് വിക്കറ്റ് കീപ്പര്‍മാരെ അപേക്ഷിച്ച് സഞ്ജു സാംസണ്‍ പല കാര്യത്തിലും ഒരുപടി മുന്നിലാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെക്കാള്‍ ഗംഭീര കണക്കാണ് സഞ്ജുവിന് ടി20യിലുള്ളതെന്ന് പറയാം.
സഞ്ജു സാംസണ്‍ ടി20യില്‍ ധോണിയെക്കാള്‍ കേമനാണെന്ന് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
എല്ലാ മേഖലയിലും ഒരുപോലെ മികവ്
എംഎസ് ധോണിയുടെ സവിശേഷത അദ്ദേഹം ചില മേഖലകളില്‍ മാത്രം മികവ് കാട്ടിയിരുന്ന താരമാണ് എന്നതാണ്. വിക്കറ്റ് കീപ്പര്‍, നായകന്‍, ഫിനിഷര്‍ എന്നീ റോളുകളില്‍ ധോണി തിളങ്ങിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ടി20യില്‍ 98 മത്സരം കളിച്ചിട്ടും രണ്ട് അര്‍ധ സെഞ്ച്വറി മാത്രമാണ് ധോണിയുടെ പേരിലുള്ളത്. കൂടാതെ ധോണി മികച്ച വിക്കറ്റ് കീപ്പറാണെങ്കിലും മികച്ച ഫീല്‍ഡറാണെന്ന് പറയാനാവില്ല. കൂടാതെ ധോണി തന്റെ ബാറ്റിങ് പൊസിഷനുകള്‍ മാറി കളിച്ചപ്പോള്‍ മികവ് കാട്ടിയിട്ടില്ല.
എന്നാല്‍ സഞ്ജു സാംസണ്‍ ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. കൂടാതെ നായകനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ഫീല്‍ഡറെന്ന നിലയിലും പവര്‍ ഹിറ്ററെന്ന നിലയിലും ഓപ്പണറെന്ന നിലയിലുമെല്ലാം മികവ് കാട്ടുന്നുണ്ട്. ഇത്തരത്തില്‍ എല്ലാ മേഖലയിലും കഴിവുകാട്ടുന്ന സഞ്ജുവിന്റെ മിടുക്കിനൊപ്പം നില്‍ക്കാന്‍ സാധിക്കുന്ന മറ്റൊരു വിക്കറ്റ് കീപ്പറും നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമില്ലെന്ന് തന്നെ പറയാം.

ധോണിയെക്കാള്‍ മികച്ച ആക്രമണകാരി
ധോണിയെ ഏറ്റവും മികച്ച ഫിനിഷറായും ആക്രമണകാരിയായ ബാറ്റ്‌സ്മാനായുമെല്ലാമാണ് വിലയിരുത്തുന്നത്. എന്നാല്‍ ഇതെല്ലാം ഐപിഎല്ലിലാണ് കൂടുതല്‍ അദ്ദേഹത്തിന് കാട്ടാനായിരിക്കുന്നത്. അന്താരാഷ്ട്ര ടി20യില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ ധോണിക്ക് സാധിച്ചിട്ടില്ലെന്ന് പറയാം. ധോണി ടി20യില്‍ ഇന്ത്യക്കായി നേടിയത് 1617 റണ്‍സാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 126.13 മാത്രമാണ്. 37.6 എന്ന മികച്ച ശരാശരി ധോണിക്കുണ്ട്.
സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് ധോണിയെക്കാള്‍ മുകളിലാണ്. 27.93 ശരാശരിയുള്ള സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 155.17 ആണ്. ധോണി അന്താരാഷ്ട്ര ടി20യില്‍ ആകെ നേടിയത് 52 സിക്‌സുകള്‍ മാത്രമാണ്. എന്നാല്‍ ഇതിനോടകം 46 സിക്‌സുകള്‍ പറത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് അസാധ്യ കഴിവുണ്ട്. സാഹസ ഷോട്ടുകള്‍ കളിക്കുന്നത് കുറവാണെങ്കിലും ക്ലാസിക് ശൈലിയില്‍ കസറാന്‍ സഞ്ജുവിന് കഴിവുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലടക്കം കണ്ടതാണ്.
സഞ്ജുവിനെ ഇന്ത്യ വേണ്ടവിധം ഉപയോഗിച്ചില്ല
2015 മുതല്‍ അന്താരാഷ്ട്ര ടി20യുടെ ഭാഗമായ താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ അദ്ദേഹത്തിനെ വേണ്ടവിധം ഉപയോഗിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. 2024ല്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷമാണ് സഞ്ജുവിന് തുടര്‍ച്ചയായി അവസരം ലഭിക്കുന്നത്. അനുയോജ്യമായ ബാറ്റിങ് പൊസിഷനിലേക്ക് സഞ്ജു എത്തിയപ്പോള്‍ മൂന്ന് സെഞ്ച്വറിയടക്കം നേടി എല്ലാവരേയും ഞെട്ടിക്കാനും സഞ്ജുവിനായി. നേരത്തെ ഈ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പല ടി20 റെക്കോഡുകളും സഞ്ജു സ്വന്തം പേരിലാക്കുമായിരുന്നുവെന്ന് ഉറപ്പാണ്.