ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ താരങ്ങളെയെടുത്താല്‍ അക്കൂട്ടത്തില്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനെയും നമുക്കു കാണാന്‍ സാധിക്കും. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ അതേ കാലത്തു തന്നെ കളിക്കേണ്ടി വന്നതു കാരണം ദേശീയ ടീമില്‍ മതിയായ അവസരങ്ങള്‍ ലഭിക്കാതെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നയാളാണ് ഡിക്കെ.
യഥാര്‍ഥത്തില്‍ അതേ ഗതി തന്നെയാണോ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനും വരാന്‍ പോവുന്നത്? നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അടുത്ത ഡിക്കെയെന്നു തന്നെ നമുക്കു സഞ്ജുവിനെയും വിളിക്കേണ്ടതായി വരും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് ഒമ്പതു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ ഗസ്റ്റ് റോളാണ് അദ്ദേഹത്തിനുള്ളത്.

ഈ ഒമ്പതു വര്‍ഷത്തിനിടെ വെറും 46 മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നതാണ് ഞെട്ടിക്കുന്ന കാര്യം. അതു മാത്രമല്ല 2015ല്‍ അരങ്ങേറിയ ശേഷം 2019 ഡിസംബര്‍ വരെ ഒരു മല്‍സരത്തില്‍ പോലും സഞ്ജു ഇന്ത്യക്കായി കളിച്ചിട്ടില്ലെന്നതും വിചിത്രമായി തന്നെ തോന്നാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10ാം വര്‍ഷത്തിലേക്കു കടക്കവെയും അദ്ദേഹം എന്തുകൊണ്ട് 50 മല്‍സരങ്ങള്‍ തികച്ചില്ല എന്നതിന് ഒരു ഉത്തരം മാത്രമേയുള്ളൂ- റിഷഭ് പന്ത് എന്നായിരിക്കും ഇത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള ശക്തമായ മല്‍സരമാണ് സഞ്ജുവിന്റെ കരിയറിനെ ദോഷകരമായി ബാധിച്ചിട്ടുള്ളതെന്നു കാണാം. കൂടുതല്‍ ലോകകപ്പുകളും ഐസിസി ട്രോഫികളും നേടിയിട്ടുള്ളത് ഓസ്‌ട്രേലിയ ആണെങ്കിലും താരസമ്പത്ത് പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ അടുത്ത് പോലും മറ്റൊരു രാജ്യവുമെത്തില്ല. അത്ര മാത്രം പ്രതിഭാശാലികളായ താരങ്ങളാണ് ദേശീയ ടീമിലെ 11 പേരില്‍ ഒരാളാവാന്‍ ആവുന്നതിനു വേണ്ടി മല്‍സരിക്കുന്നത്. ഒരു താരത്തിനു പകരം നിരവധി ബാക്കപ്പ് കളിക്കാരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.
ഒരു ഉദാഹരണമെടുത്താല്‍ ഈ വര്‍ഷം നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നിലവിലെ വൈറ്റ് ബോള്‍ വൈസ് ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിനു സ്ഥാനം പോലും ലഭിച്ചില്ല. പകരം മറ്റൊരു യുവ ബാറ്റിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാളിനാണ് പ്രധാന ടീമിന്റെ ഭാഗമാവാന്‍ സാധിച്ചത്. അത്ര മാത്രം കടുപ്പമേറിയ മല്‍സരമാണ് ഇപ്പോള്‍ ടീമിലെ ഓരോ സ്ഥാനത്തിനു വേണ്ടിയും നടക്കുന്നത്. ഈ കാരണത്താല്‍ തന്നെ ലഭിക്കുന്ന അവസരങ്ങള്‍ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്നവര്‍ക്കു മാത്രമേ ടീമില്‍ അവസരവുമുള്ളൂ.
സഞ്ജുവിന്റെ കാര്യമെടുത്താല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള പ്രധാന ഭീഷണി റിഷഭ് മാത്രമല്ല. ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, ജിതേഷ് ശര്‍മ എന്നിവരെല്ലാം മല്‍സരരംഗത്തുണ്ട്. കൂടാതെ ധ്രുവ് ജുറേലിനെപ്പോലെയുള്ള പുതിയ യുവ വിക്കറ്റ് കീപ്പര്‍മാരും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. ഇവരോടെല്ലാം പോരടിച്ച് ഇന്ത്യന്‍ ടീമിലെ രണ്ടു വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാവുകയെന്നതു കഠിനം തന്നെയാണ്.
നേരത്തേ ഡിക്കെയും ഈ തരത്തിലുള്ള മല്‍സരം കാരണം ദേശീയ ടീമില്‍ നിന്നും തഴയപ്പെട്ടു കൊണ്ടിരുന്ന താരമാണ്. അന്നു പക്ഷെ സഞ്ജുവിനോളം എതിരാളികള്‍ അദ്ദേഹത്തിനു ഇല്ലായിരുന്നു. കാര്‍ത്തികിന്റെ പ്രധാന വെല്ലുവിളി ധോണി തന്നെയായിരുന്നു. വിക്കറ്റ് കീപ്പറായി വന്ന അദ്ദേഹം ക്യാപ്റ്റനും കൂടി ആയതോടെ ഡിക്കെയ്ക്കു കാര്യങ്ങള്‍ കടുപ്പമായി മാറി. ദേശീയ ടീമിനായി ധോണിയേക്കാള്‍ മൂന്നു മാസം മുമ്പ് അരങ്ങേറിയ താരം കൂടിയാണ് അദ്ദേഹം.

വിവിധ ഫോര്‍മാറ്റുകളിലായി ഇന്ത്യക്കു വേണ്ടി 160 മല്‍സരങ്ങളിലാണ് കാര്‍ത്തിക് കളിച്ചത്. ധോണിയാവട്ടെ 538 മല്‍സരങ്ങള്‍ക്കു ശേഷമാണ് വിരമിച്ചത്. ധോണി 2019ല്‍ വിരമിച്ചിട്ടും ഈ വര്‍ഷം വരെ കളി തുടര്‍ന്ന ഡിക്കെയ്ക്കു 200 മല്‍സരങ്ങള്‍ പോലും ലഭിച്ചില്ല. ഡിക്കെയുടെ അത്രയും മല്‍സരങ്ങള്‍ സഞ്ജുവിനു കളിക്കാന്‍ സാധിക്കുമോയെന്ന കാര്യം സംശയം തന്നെയാണ്.
സഞ്ജു അരങ്ങേറി ഒന്നര വര്‍ഷത്തിനു ശേഷമാണ് റിഷഭ് ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചത്. മലയാളി താരത്തേക്കാള്‍ 94 അധികം മല്‍സരങ്ങള്‍ അദ്ദേഹം ഇതിനകം കളിക്കുകയും ചെയ്തിട്ടുണ്ട്. സഞ്ജുവാകട്ടെ ഇനിയും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ടെസ്റ്റില്‍ ഇനി അരങ്ങേറാന്‍ അവസരം ലഭിക്കുമോയെന്ന കാര്യവും സംശയമാണ്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ സഞ്ജുവിനേക്കാള്‍ കേമനാണ് റിഷഭെന്നാണ് പലരും വിലയിരുത്തുന്നത്. ഇതു ടീമില്‍ അദ്ദേഹത്തിനു മുന്‍തൂക്കം നല്‍കുന്ന ഒരു ഘടകമാണ്.
സഞ്ജുവിനേക്കാള്‍ മൂന്നു വയസ് കുറവാണെന്നതും ഇടംകൈയന്‍ ബാറ്ററാണെന്നതുമെല്ലാം റിഷഭിന്റെ മറ്റു പ്ലസ് പോയിന്റുകളാണ്. സഞ്ജുവിന്റെ കരിയറില്‍ ഇനിയും വലിയ മാറ്റങ്ങളൊന്നും സംഭവിക്കാനുള്ള സാധ്യത കുറവാണ്. ഇതേ രീതിയില്‍ ടീമിന് അകത്തും പുറത്തുമായി തന്നെ ഇതു അവസാനിക്കാന്‍ തന്നെയാണ് സാധ്യത.