
ടെസ്റ്റിലെ ഓവറോള്‍ റെക്കോര്‍ഡ്
യുവരാജിന്റെ ടെസ്റ്റിലെ ഓവറേള്‍ റെക്കോര്‍ഡ് നോക്കിയാല്‍ 40 ടെസ്റ്റുകളില്‍ 62 ഇന്നിങ്‌സുകളില്‍ നിന്നായി 1900 റണ്‍സാണ് നേടിയിട്ടുള്ളതെന്നു കാണാം. 33.92 ശരാശരിയിലായിരുന്നു ഇത്. യുവിയെപ്പോലെ താരപ്പകിട്ടുള്ള ഒരു കളിക്കാരനില്‍ നിന്നും ഇതല്ല നമ്മള്‍ പ്രതീക്ഷിക്കുന്നത്.
ഓപ്പണിങ് മുതല്‍ ഏഴാം നമ്പറില്‍ വരെ യുവി കളിച്ചിട്ടുണ്ട്. ആറാം നമ്പറിലാണ് അദ്ദേഹം കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. ഈ പൊസിഷനില്‍ 44 ഇന്നിങ്‌സുകളിലായി മൂന്നു സെഞ്ച്വറികളും ഒമ്പത് ഫിഫ്റ്റികളുമടക്കം യുവി 1484 റണ്‍സെടുത്തു. മൂന്നു സെഞ്ച്വറികളും പാകിസ്താനെതിരേയായിരുന്നു. അഞ്ചാമായി 227ഉം (ഒരു ഫിഫ്റ്റി) ഏഴാമനായി 174ഉം (ഒരു ഫിഫ്റ്റി) താരം നേടി. ഓപ്പണറായി ണ്ടിന്നിങ്‌സകളില്‍ നിന്നും യുവിയെടുത്തത് 15 റണ്‍സ് മാത്രമാണ്.

പകരക്കാരനായി ടീമിലെത്തി
ഇന്ത്യന്‍ ടീമിലെ ചില പ്രധാനപ്പെട്ട താരങ്ങള്‍ക്കു പകരമാണ് യുവി പലപ്പോഴും ടെസ്റ്റില്‍ പ്ലെയിങ് ഇലവനിലെത്തിയത്. മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കു പകരമായിരുന്നു കൂടുതലും കളിച്ചത് (28 ടെസ്റ്റുകള്‍). ഇതില്‍ 17ഉം ഗാംഗുലിയുടെ വിരമിക്കലിനു ശേഷമായിരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടെന്നീസ് എല്‍ബോ പരിക്കുകാരണം പുറത്തിരുന്നപ്പോള്‍ യുവി അഞ്ചു ടെസ്റ്റുകള്‍ പകരക്കാരനായി ഇറങ്ങി. രാഹുല്‍ ദ്രാവിഡ് ഓപ്പണിങിലേക്കു മാറിയപ്പോള്‍ മധ്യനിരയിലെ വിടവ് നികത്താന്‍ നാലു ടെസ്റ്റുകളില്‍ യുവിക്കു അവസരം ലഭിച്ചു. വിവിഎസ് ലക്ഷ്മണിനു പകരം രണ്ടും പാാര്‍ഥീവ് പട്ടേല്‍ ഓപ്പണറായതോടെ ഒരു ടെസ്റ്റിലും അദ്ദേഹത്തിനു നറുക്കുവീണു. സച്ചിന്‍, രാഹുല്‍, വീരേന്ദര്‍, ലക്ഷ്മണ്‍, സൗരവ് എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്നു യുവി മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

ആറാം നമ്പറുകാരുടെ പ്രകടനം
യുവിയുടെ കാലത്ത് ഇന്ത്യക്കു വേണ്ടി ആറാം നമ്പറില്‍ കളിച്ചിരുന്ന താരങ്ങളുടെ പ്രകടനം വിലയിരുത്തുമ്പോള്‍ വിവിഎസ് ലക്ഷ്മണായിരുന്നു മുന്നില്‍. 2003 മുതല്‍ 11 വരെ ആറാം നമ്പറില്‍ 36 ഇന്നിങ്‌സുകളില്‍ നിന്നായി 52.75 ശരാശരിയില്‍ മൂന്നു സെഞ്ച്വറികളും 11 ഫിഫ്റ്റികളുമടക്കം 1477 റണ്‍സ് ലക്ഷ്മണ്‍ നേടിയിരുന്നു. യുവി രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ സുരേഷ് റെയ്‌ന (22 ഇന്നിങ്‌സ്, 701 റണ്‍സ്), സൗരവ് ഗാംഗുലി (19, 577), എംഎസ് ധോണി (11, 518), മുഹമ്മദ് കൈഫ് (13, 419) എന്നിങ്ങനെയാണ് മറ്റു ആറാം നമ്പറുകാരുടെ പ്രകടനം.
ലക്ഷ്മണ്‍ മികച്ച പ്രകടനത്തിലൂടെ ഈ സ്ഥാനം ഭദ്രമാക്കിയതോടെ യുവിക്കു അവസരങ്ങള്‍ക്കായി ഗാംഗുലിയുടെ വിരമിക്കല്‍ വരെ കാത്തിരിക്കേണ്ടി വന്നു.

ഗാംഗുലിയുടെ വിരമിക്കല്‍
ഗാംഗുലിയുടെ വിരമിക്കലിനു ശേഷം ഇംഗ്ലണ്ടിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ യുവി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയായിരുന്നു. ഏകദിന പരമ്പരയിലെ മികച്ച പ്രകടനമായിരുന്നു ഇതിനു വഴിയൊരുക്കിയത്. ടെസ്റ്റില്‍ ലക്ഷ്മണ്‍ അഞ്ചാം നമ്പറിലേക്കു മാറിയപ്പോള്‍ ആറാമനായി യുവി കളിച്ചു.
ചെന്നൈയിലെ ആദ്യ ടെസ്റ്റിന്റെ നാലാമിന്നിങ്‌സില്‍ പുറത്താവാതെ 85 റണ്‍സോടെ യുവി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പക്ഷെ പിന്നീട് ഇതുപോലെയുള്ള പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല.

ഗാംഗുലിക്കു പകരം കളിച്ചു
ഗാംഗുലി വിരമിച്ച ശേഷം കളിച്ച 26 ഇന്നിങ്‌സുകളില്‍ 23ലും യുവി ആറാമനായാണ് ഇറങ്ങിയത്. മൂന്നെണ്ണത്തില്‍ ഏഴാം നമ്പറിലും കളിച്ചു. ആറാമനായി 38.09 ശരാശരിയില്‍ എട്ടു ഫിഫ്റ്റികളോടെ 800 റണ്‍സാണ് അദ്ദേഹെ നേടിയത്. ഏഴാമനായി മൂന്നിന്നിങ്‌സുകളില്‍ നിന്നു നേടാനായത് 50 റണ്‍സ് മാത്രം. 25 ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍.

ദാദയ്ക്കു പകരം ആറാമനായി കളിച്ചവര്‍
ഗാംഗുലിയുടെ വിരമിക്കലിനു ശേഷം നാലു പേരാണ് ആറാം നമ്പറില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിച്ചത്. യുവിയെക്കൂടാതെ റെയ്‌ന, വിരാട് കോലി, ലക്ഷ്മണ്‍ എന്നിവരായിരുന്നു ഇത്. യുവി 23 ഇന്നിങ്‌സുകളില്‍ 38.09 ശരാശരിയില്‍ 800 റണ്‍സെടുത്തപ്പോള്‍ ലക്ഷ്്മണും കോലിയുമായിരുന്നു കൂടുതല്‍ മികച്ച പ്രകടനം നടത്തിയത്. ലക്ഷ്മണ്‍ ആറിന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കം 309 റണ്‍സ് വാരിക്കൂട്ടി (ശരാശരി 103). കോലിയാവട്ടെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കം 404 റണ്‍സുമെടുത്തു. റെയ്‌നയ്ക്കു 22 ഇന്നിങ്‌സുകളില്‍ നേടായത് 701 റണ്‍സായിരുന്നു (ശരാശി 33.88, ഒരു സെഞ്ച്വറി, 7 ഫിഫ്റ്റി).
എന്നാല്‍ ഒരു സെഞ്ച്വറി പോലും യുവിക്കു നേടാനായില്ല. 2011ല്‍ വീണ്ടും ടെസ്റ്റില്‍ മടങ്ങിയെത്തിയെങ്കിലും വലിയ ഇന്നിങ്‌സുകളൊന്നുമില്ലായിരുന്നു. കോലി, ചേതേശ്വര്‍ പുജാരയടക്കമുള്ളവര്‍ ഇതിനിടെ മികച്ച പ്രകടനങ്ങളോടെ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

ഞങ്ങളൊന്നു പറയട്ടെ...
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംപിടിക്കുകയെന്നത് ആ സമയത്ത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്ന യുവരാജിന്റെ അഭിപ്രായത്തില്‍ തെറ്റില്ല. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞില്ലെന്നത് യുവിയുടെ പോരായ്മ തന്നെയാണ്. ടെസ്റ്റ് ടീമില്‍ താന്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നു വലിയ ഇന്നിങ്‌സുകളിലൂടെ അദ്ദേഹം തെളിയിക്കേണ്ടിയിരുന്നു. അതു സാധിക്കാതിരുന്നത് കാരണമാണ് ഗാംഗുലിയുടെ വിരമിക്കലിനു ശേഷവും യുവിയെക്കൂടാതെ പല താരങ്ങളെയും ഇന്ത്യ ആറാം നമ്പറില്‍ പരീക്ഷിച്ചത്.


Click it and Unblock the Notifications











