ഇന്ത്യന്‍ ടീമിനു സമീപകാലത്തു തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് മുഖ്യ കോച്ചും മുന്‍ ഓപ്പണറുമായ ഗൗതം ഗംഭീര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടു ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യക്കു തോല്‍വി നേരിട്ടത്. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ 0-3ന് തൂത്തുവാരപ്പെട്ട ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയയോടു 1-3നും ബോര്‍ഡല്‍ ഗവാസ്‌കര്‍ ട്രോഫിയും അടിയറ വച്ചു.
ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ കാരണം താരങ്ങളെ ഗംഭീര്‍ ശകാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ ഇന്ത്യയുടെ മുന്‍ വിവാദ കോച്ചും ഓസ്‌ട്രേലിയക്കാരനുമായ ഗ്രെഗ് ചാപ്പലുമായി ഗംഭീറിനെ പലരും താരതമ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. നേരത്തേ ചാപ്പല്‍ കോച്ചായിരിക്കെ വലിയ പൊട്ടിത്തെറികള്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.

സീനിയര്‍ താരങ്ങളടക്കം അദ്ദേഹത്തിനെതിരേ പിന്നീട് പരസ്യമായി രംഗത്തു വരികയും ചെയ്തു. ഗംഭീറും ചാപ്പലും തമ്മില്‍ പരിശീലകരെന്ന നിലയില്‍ എന്തെങ്കിലും സാമ്യതയുണ്ടോയെന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പ. ലല്ലന്‍ടോപ്പിന്റെ (Lallantop) യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാപ്പലുമായി സാമ്യമില്ല
ഇന്ത്യയുടെ മുന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലിന്റെ രീതികളുമായി ഗൗതം ഗംഭീറിനു സാമ്യതകളില്ലെന്നു റോബിന്‍ ഉത്തപ്പ വ്യക്തമാക്കി. ഗംഭീറിന്റെ ശൈലിക്ക് ഗ്രെഗ് ചാപ്പലുമായി സാമ്യമുണ്ടെന്ന നിങ്ങളോടു വാക്കുകളോടു ഞാന്‍ യോജിക്കുന്നില്ല. ഗൗട്ടിയെപ്പോലെ (ഗൗതം ഗംഭീര്‍) സത്യസന്ധനായിട്ടുള്ള മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം എല്ലാം വളരെ സ്‌ട്രെയിറ്റായി ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ്.
ഗംഭീര്‍ പറയുന്നത് ചിലപ്പോള്‍ നിങ്ങള്‍ക്കു ഇഷ്ടപ്പെടില്ലായിരിക്കാം. പക്ഷെ അദ്ദേഹം പറയേണ്ട കാര്യം നിങ്ങളുടെ മുഖത്തു നോക്കിത്തന്നെ പറയും. ഈ തരത്തില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന പറയുന്നവരെ എനിക്കിഷ്ടമാണ്. ഇതു പോലെയുള്ള ആളുകള്‍ക്കു നല്ല ജീവിതമുണ്ടാവുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
എന്താണോ തോന്നുന്നത് അവര്‍ അതു തുറന്നു പറയുക തന്നെ ചെയ്യും. ഇതു തന്നെയാണ് വേണ്ടത്. മറ്റുള്ളവരുടെ പിറകില്‍ നിന്ന് വ്യത്യസ്തനായ ഒരാളായി മാറുന്നതിനേക്കാള്‍ നല്ലതും ഇതാണ്. എന്നോടു സത്യസന്ധനായിരിക്കുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഗൗട്ടി ഭായിയും വളരെയധികം സത്യസന്ധനായിട്ടുള്ള ആളാണെന്നും ഉത്തപ്പ വ്യക്തമാക്കി.
ജോലി കടുപ്പം
രാഹുല്‍ ദ്രാവിഡിന്റെ പകരം ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചായി വന്നതിനു ശേഷം ഗൗതം ഗംഭീറിന്റെ ജോലി വളരെ കടുപ്പമേറിയതാണെന്നു റോബിന്‍ ഉത്തപ്പ വ്യക്തമാക്കി. ഇതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു.
ലോകകപ്പിനു ശേഷം കോച്ചായി വന്നപ്പോള്‍ രണ്ടു വ്യത്യസ്ത ടീമുകള്‍ക്കൊപ്പമാണ് ഗംഭീര്‍ ചേര്‍ന്നത്. രണ്ടു വ്യത്യസ്ത നായകരുമാണ് ഇന്ത്യക്കുള്ളത്. ഏകദിനത്തിലും ടെസ്റ്റിലും രോഹിത് ശര്‍മയും ടി20യില്‍ സൂര്യകുമാര്‍ യാദവുമാണ് ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്.
രണ്ടു വ്യത്യസ്ത ശൈലിയിലുള്ള ക്യാപ്റ്റന്‍മാരായതിനാല്‍ തന്നെ അവരുമായി ഗംഭീറിനു പൊരുത്തപ്പെടേണ്ടതുണ്ട്. ടി20യിലാണ് ഇപ്പോള്‍ അദ്ദേഹത്തിനു സമ്പൂര്‍ണ നിയന്ത്രണമുള്ളത്. ഈ ഫോര്‍മാറ്റില്‍ ടീമിനെ നന്നായി മുന്നോട്ടു കൊണ്ടുപോവുന്നതൊപ്പം സ്‌കൈയെ (സൂര്യകുമാര്‍ യാദവ്) മികച്ചൊരു ക്യാപ്റ്റനായി വളര്‍ത്തിയെടുക്കുകയും ചെയ്യുകയാണ്. അവിടെ സ്വാതന്ത്ര്യവുമുണ്ടെന്നും ഉത്തപ്പ വ്യക്തമാക്കി.

രോഹിത്തിന് പിന്തുണയില്ല?
ഗൗതം ഗംഭീറും ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും തമ്മില്‍ അത്ര നല്ല ബന്ധമില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ റോബിന്‍ ഉത്തപ്പ തള്ളി. രോഹിത്തുമായി നല്ലൊരു കെമിസ്ട്രി ഇനിയുമുണ്ടാക്കാന്‍ ഗംഭീറിനു സാധിക്കുന്നേയുള്ളൂ.
എന്നാല്‍ ജസ്പ്രീത് ബുംറയുമായി ഇതു സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് ബുംറയായിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ക്കിടയിലുള്ള കെമിസ്ട്രിയും വളരെ മികച്ചതായിരുന്നു. ചിലര്‍ പെട്ടെന്നു ക്ലിക്കാവും, ചിലര്‍ തമ്മില്‍ സമയമെടുക്കുകയും ചെയ്യും.
ഗംഭീറും രോഹിത്തും തമ്മില്‍ നല്ലൊരു കെമിസ്ട്രിയില്ലെന്നു പറയാന്‍ കഴിയില്ല. ഗംഭീറിന്റെ അഭിമുഖങ്ങള്‍ കണ്ടാല്‍ അതുണ്ടെന്നു തന്നെ നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. രോഹിത്തിനെ ഒരുപാട് ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നായാളാണ് അദ്ദേഹം. ചില സമയങ്ങളില്‍ ബന്ധങ്ങള്‍ക്കു സമയമെടുക്കും. രണ്ടു ലീഡര്‍മാര്‍ക്കും അവരുടേതായ ശൈലികളുണ്ടെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.