Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭില്ലെങ്കില്‍ ഇനി ജുറേല്‍! വമ്പന്‍ പ്രൊമോഷന്‍ വരുന്നു, ഈ റോളില്‍ താരം മിന്നിക്കുമോ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മൂന്നു ഫോര്‍മാറ്റുകളിലും റിഷഭ് പന്തിന്റെ ബാക്കപ്പായി പുതിയൊരു വിക്കറ്റ് കീപ്പറെ നോട്ടമിട്ടു വച്ചിരിക്കുകയാണ് ബിസിസിഐ. റിഷഭിനെ മാറ്റി നിര്‍ത്തിയാല്‍ നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിപ്പിക്കാന്‍ സാധിക്കുന്ന ഒരു വിക്കറ്റ് കീപ്പര്‍ ഇന്ത്യക്കില്ലെന്നതു ഒരു പോരായ്മ തന്നെയാണ്. ടി20, ഏകദിനം, ടെസ്റ്റ് എന്നിവയിലെല്ലാം വ്യത്യസ്ത താരങ്ങളാണ് ബാക്കപ്പുകളായി ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് റിഷഭിനു ബാക്കപ്പായി ഒരു ഓള്‍ ഫോര്‍മാറ്റ് പ്ലെയറെയും ബിസിസിഐ തിരഞ്ഞത്.

ഒടുവില്‍ ആ താരത്തെയും ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ് വിവരം. യുവതാരം ധ്രുവ് ജുറേലാണ് എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ പുതിയ ബാക്കപ്പ് വിക്കറ്റ് കീപ്പറായി വരുന്നത്. ഇതിനെക്കുറിച്ചു ഔദ്യോഗിക പ്രഖ്യാപനമൊന്നും പുതിയ കോച്ച് ഗൗതം ഗംഭീറോ, മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറോ നടത്തിയിട്ടില്ലെങ്കിലും ഇതു തന്നെയാണ് ബിസിസിഐയുടെ പ്ലാനെന്നാണ് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

DHRUV JUREL

കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെയെല്ലാം പിന്തള്ളിയാണ് ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പറായി ജുറേല്‍ വരാന്‍ പോവുന്നത്. യഥാര്‍ഥത്തില്‍ ഈ റോളിനു ഉത്തര്‍ പ്രദേശില്‍ നിന്നുള്ള യുവ വിക്കറ്റ് കീപ്പര്‍ അര്‍ഹനാണോ? ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജുറേലിന്റെ കഴിവ് ഇനിയും വേണ്ടത്ര പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യം. കാരണം രണ്ടു ഫോര്‍മാറ്റുകളിലായി വെറും അഞ്ചു മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അനുഭവസമ്പത്ത് മാത്രമേ അദ്ദേഹത്തിനുള്ളൂ. പക്ഷെ ഇതിന്റെ പേരില്‍ മാത്രം ജുറേല്‍ മിടുക്കനല്ലെന്നു പറയാന്‍ സാധിക്കില്ല. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം മൂന്നു ടെസ്റ്റുകളും രണ്ടു ടി20കളുമാണ് ഇതിനകം കളിച്ചത്.

ഈ വര്‍ഷമാദ്യം ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തിയപ്പോഴാണ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലൂടെ ജുറേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. റിഷഭ് പരിക്കേറ്റു പുറത്തായതിനാല്‍ ഈ പരമ്പരയില്‍ കെഎസ് ഭരതായിരുന്നു ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. റിസര്‍വ് നിരയിലായിരുന്നു ജുറേലിന്റെ സ്ഥാനം. അതുകൊണ്ടു തന്നെ പരമ്പരയില്‍ അദ്ദേഹത്തിനു അരങ്ങേറാന്‍ സാധിക്കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചതുമില്ല.

ആദ്യ രണ്ടു ടെസ്റ്റിലും ഭരത് ബാറ്റിങില്‍ നിരാശപ്പെടുത്തിയതോടെ ജുറേലിനെ പ്രധാന ടീമിലേക്കു ഇന്ത്യ പ്രൊമോട്ട് ചെയ്യുകയായിരുന്നു. മൂന്നാം ടെസ്റ്റിലൂടെ താരം അരങ്ങേറുകയും ചെയ്തു. കന്നി ടെസ്റ്റില്‍ തന്നെ ലോവര്‍ ഓര്‍ഡറില്‍ 46 റണ്‍സോടെ വരവറിയിക്കാന്‍ ജുറേലിനു സാധിച്ചു.

ഇന്ത്യ അഞ്ചു വിക്കറ്റിനു ജയിച്ച നാലാം ടെസ്റ്റിലാണ് ജുറേലിന്റെ യഥാര്‍ഥ മികവ് ലോകം കണ്ടത്. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ ഏഴിനു 177ലേക്കു വീണപ്പോള്‍ രക്ഷകനായത് ജുറേലായിരുന്നു. ഇംഗ്ലീഷ് ബൗളിങിനെ ചങ്കൂറ്റത്തോടെ നേരിട്ട അദ്ദേഹം 90 റണ്‍സുമായി ടീമിന്റെ ഹീറോയായി മാറി. രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 39 റണ്‍സും ജുറേല്‍ സ്‌കോര്‍ ചെയ്തിരുന്നു. ഈ കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം മാറി.

ജുറേലിന്റെ പക്വതയും സമ്മര്‍ദ്ദ ഘട്ടങ്ങളിലും അഗ്രസീവായി ബാറ്റ് ചെയ്യാനുള്ള കഴിവും കാണിച്ചുതന്ന ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ഈ മല്‍സരം. റിഷഭുമായി ചില സാമ്യതകളും അദ്ദേഹത്തില്‍ നമുക്കു കാണാം. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇതേ രീതിയില്‍ വലിയ ഇന്നിങ്‌സുകള്‍ തന്റെ സ്വതസിദ്ധമായ അഗ്രസീവ് ശൈലിയില്‍ കളിക്കുന്നയാളാണ് റിഷഭ്.

DHRUV JUREL

ജുറേലിനും ഇതേ കഴിവുണ്ടെന്നു ഇംഗ്ലണ്ടുമായുള്ള പരമ്പര ശരിവയ്ക്കുന്നു. വിക്കറ്റ് കീപ്പിങിലെ ജുറേലിന്റെ കഴിവും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. മാത്രമല്ല റിഷഭിനെപ്പോലെ ബാറ്റിങില്‍ ഏതു പൊസിഷനിലും കളിക്കാനവുള്ള കഴിവും ജുറേലിനുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഓപ്പണറായുള്‍പ്പെടെ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം.

ആഭ്യന്തര ക്രിക്കറ്റിലും ജുറേലിന്റെ പ്രകടനം ശ്രദ്ധേയമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 18 മല്‍സരങ്ങളില്‍ നിന്നും 49 ശരാശരിയില്‍ ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളുമടക്കം 980 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ലിസ്റ്റ് എയില്‍ 10 കളിയില്‍ നിന്നും 47.25 ശരാശരിയില്‍ 189 റണ്‍സും ജുറേല്‍ സ്‌കോര്‍ ചെയ്തു.

ടി20യില്‍ 40 മല്‍സരങ്ങളാണ് താരം കളിച്ചത്. ഇവയില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 445 റണ്‍സും നേടി. ഇവയെല്ലാം വിലയിരുത്തുമ്പോള്‍ തീര്‍ച്ചയായും റിഷഭിന്റെ പിന്‍ഗാമിയാവാന്‍ അനുയോജ്യനായ താരം തന്നെയാണ് ജുറേലെന്നു ഉറപ്പിക്കാം. ഫോമും ഫിറ്റ്‌നസും നിലനിര്‍ത്താനായാല്‍ ദീര്‍ഘകാലം ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവാനും അദ്ദേഹത്തിനു സാധിക്കുകയും ചെയ്യും.

Story first published: Tuesday, July 23, 2024, 14:20 [IST]
Other articles published on Jul 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+