Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IRANI CUP: ടി20യ്ക്കില്ല, എന്നിട്ടും കോലിയും രോഹിത്തും ഇറാനി കപ്പിനില്ല? കാരണം അറിയാം

മുംബൈ: ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് ടി20 പരമ്പരക്കില്ലാത്ത പല താരങ്ങളും റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇടം നേടിയിട്ടുണ്ട്. റുതുരാജ് ഗെയ്ക് വാദാണ് റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ നയിക്കുന്നത്. മുംബൈ ടീമിനെ അജിന്‍ക്യ രഹാനെയും നയിക്കും. ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്ന ദ്രുവ് ജുറേലിനേയും സര്‍ഫറാസ് ഖാനേയുമെല്ലാം ഇറാനി കപ്പിലേക്ക് പരിഗണിച്ചിട്ടുണ്ട്.

എന്നാല്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഇറാനി കപ്പിനുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവര്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചവരാണ്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇവര്‍ ടീമില്‍ ഉള്‍പ്പെടില്ലെന്ന കാര്യം ഉറപ്പാണ്. ന്യൂസീലന്‍ഡ് പരമ്പരക്ക് മുമ്പ് സമയമുള്ളതിനാല്‍ ഇവരെ ഇറാനി കപ്പിലേക്ക് പരിഗണിക്കാവുന്നതായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇവരെ പരിഗണിക്കാതിരുന്നത്. കാരണം അറിയാം.

ഇവര്‍ക്ക് വിശ്രമം അനിവാര്യം

ഇന്ത്യയുടെ സീനിയര്‍ താരങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. രണ്ട് പേരും ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകങ്ങളാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കെത്താന്‍ വരാനിരിക്കുന്ന ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പരകള്‍ സ്വന്തമാക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിന് നായകന്‍ രോഹിത്തിന്റേയും സൂപ്പര്‍ താരം കോലിയുടേയും മികച്ച പ്രകടനങ്ങള്‍ അത്യാവശ്യമാണ്. ഇവരുടെ സീനിയോരിറ്റി പരിഗണിക്കുമ്പോള്‍ വിശ്രമം അനുവദിക്കേണ്ടത് അനിവാര്യമായ കാര്യമാണ്.

ന്യൂസീലന്‍ഡ് പരമ്പരക്ക് മുമ്പ് ഇവര്‍ക്ക് വിശ്രമം നല്‍കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇവരുടെ ടീമിലെ സീറ്റ് ഫോം തെളിയിച്ച് നല്‍കേണ്ടതല്ല. ഇതിഹാസ താരങ്ങളെന്ന നിലയില്‍ ടീമിന്റെ അഭിവാജ്യമാണ് ഇരുവരും. യുവതാരങ്ങള്‍ക്കൊപ്പം ഇറാനി കപ്പ് കളിക്കേണ്ട കാര്യം ഇരുവര്‍ക്കുമില്ല. അങ്ങനെ കളിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുന്ന യുവതാരങ്ങളുടെ വഴി കൂടിയാണ് അടക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ രോഹിത്തിനും കോലിക്കും വിശ്രമം നല്‍കിയത് മികച്ച തീരുമാനമാണ്.

virat kohli

കോലി രഞ്ജി ട്രോഫി കളിച്ചേക്കും

വിരാട് കോലിയുടെ സമീപകാല ഫോം വളരെ മോശമാണ്. സൂപ്പര്‍ താരത്തിന്റെ സമീപകാലത്തെ പ്രകടനങ്ങളിലേക്ക് വരുമ്പോള്‍ സ്പിന്നിനെതിരേ പതറുന്നതാണ് കാണാനാവുന്നത്. ശ്രീലങ്കന്‍ ഏകദിന പരമ്പരയില്‍ കോലി തീര്‍ത്തും നിറം മങ്ങി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും കോലിക്ക് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. അതുകൊണ്ടുതന്നെ കോലി ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്.

വരാനിരിക്കുന്ന രഞ്ജി ട്രോഫിയില്‍ വിരാട് കോലി ഡല്‍ഹിക്കായി കളിക്കുമെന്നാണ് വിവരം. സാധ്യതാ ടീമില്‍ റിഷഭ് പന്തും വിരാട് കോലിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കോലിയുടെ തീരുമാനമാണ് അന്തിമം. ഇതിനോടകം ടി20യില്‍ നിന്ന് വിരമിച്ച കോലിക്ക് ടെസ്റ്റിലും ഏകദിനത്തിലും ഇനിയും ഏറെ മുന്നോട്ട് പോകാനാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ കോലിയുടെ സമീപകാലത്തെ പ്രകടനങ്ങളൊന്നും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തുന്നില്ലെന്നതാണ് വസ്തുത.

ന്യൂസീലന്‍ഡ് പരമ്പര നിര്‍ണ്ണായകം

ഇത്തവണ ഹാട്രിക് പരമ്പര മോഹവുമായാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. അതിന് മുമ്പ് ഇന്ത്യക്ക് ന്യൂസീലന്‍ഡ് പരീക്ഷ പാസാവണം. കിവീസ് നിസാരക്കാരല്ല. ശക്തമായ താരനിരയുള്ള ന്യൂസീലന്‍ഡിനെ ഇന്ത്യക്ക് തോല്‍പ്പിക്കാനായാല്‍ അത് മാനസികമായി കരുത്ത് നല്‍കും. ഓസീസ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് ശക്തമായ ബാക്കപ്പ് താരങ്ങളെക്കൂടി കണ്ടെത്തേണ്ടതായുണ്ട്.

ഇറാനി കപ്പില്‍ തിളങ്ങിയാല്‍ അജിന്‍ക്യ രഹാനെയെ അപ്രതീക്ഷിതമായി തിരിച്ചുവിളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇറാനി കപ്പിലെ പ്രകടനം ഇന്ത്യന്‍ സെലക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്ക് തിളങ്ങേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം.

Story first published: Wednesday, September 25, 2024, 11:00 [IST]
Other articles published on Sep 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+