Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Irani Cup 2024: സഞ്ജുവില്ല!! ഇഷാന്റെ സമയം തെളിഞ്ഞു, നയിക്കാന്‍ റുതുരാജ്; ടീം പ്രഖ്യാപിച്ചു

മുംബൈ: റുതുരാജ് ഗെയ്ക്വാദിനെ നായകനാക്കി ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. സമാപിച്ച ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ടീമിലുണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും തഴയപ്പെട്ടു. പകരം ഇഷാന്‍ കിഷനും ധ്രുവ് ജുറേലുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലിടം പിടിച്ചത്.

രഞ്ജി ട്രോഫി ചാംപ്യന്‍മാരായ മുംബൈയുമായിട്ടാണ് ഇറാനി കപ്പിനായി റെസ്റ്റ് ഓഫ് ഇന്ത്യ ഏറ്റുമുട്ടുന്നത്. റെഡ് ബോള്‍ ഫോര്‍മാറ്റിലുള്ള ഈ സൂപ്പര്‍ പോരാട്ടം അടുത്ത മാസം ഒന്നു മുതല്‍ അഞ്ചു വരെ ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

RUTURAJ GAIKWAD

ദുലീപ് ട്രോഫിയിലെ പ്രകടനം

ദുലീപ് ട്രോഫി റെഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ പ്രകടനം കൂടി പരിഗണിച്ചാണ് ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. വിവിധ ടീമുകള്‍ക്കായി മൂന്നു റൗണ്ടുകളുടെ ടൂര്‍ണമെന്റില്‍ തിളങ്ങിയ പലരും റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡിന്റെ ഭാഗമാണ്. റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനാണ്.

സമാപിച്ച ദുലീപ് ട്രോഫിയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് റണ്ണറപ്പായ ഇന്ത്യ സി ടീമിനെ നയിച്ചതും റുതുരാജായിരുന്നു. ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും അദ്ദേഹം തിളങ്ങുകയും ചെയ്തിരുന്നു. ദുലീപ് ട്രോഫിയില്‍ കസറിയ റിക്കി ഭൂയ്, ശശ്വത്ത് റാവത്ത്, സായ് സുദര്‍ശന്‍, മാനവ് സുതര്‍, ദേവ്ദത്ത് പടിക്കല്‍, മുകേഷ് കുമാര്‍ എന്നിവരെല്ലാം റെസ്റ്റ് ഓഫ് ഇന്ത്യ സംഘത്തിലുണ്ട്.

എന്തുകൊണ്ട് സഞ്ജുവില്ല?

ദുലീപ് ട്രോഫിയില്‍ ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യ ഡി ടീമിനു വേണ്ടി രണ്ടു മല്‍സരങ്ങളില്‍ വിക്കറ്റ് കാത്തത് സഞ്ജു സാംസണായിരുന്നു. നാലു ഇന്നിങ്‌സുകളില്‍ നിന്നും 95.60 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 196 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ഒരു സെഞ്ച്വറിയുള്‍പ്പെടെയായിരുന്നു ഇത്.

ഇന്ത്യ ബിയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് മല്‍സരത്തില്‍ ആദ്യ ഇന്നിങ്‌സിലായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറു നേട്ടം. 101 ബോളില്‍ 12 ഫോറുകളും മൂന്നു സിക്‌സറുമടക്കം 106 റണ്‍സ് നേടിയാണ് അദ്ദേഹം പുറത്തായത്. അതുകൊണ്ടു തന്നെ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലേക്കും സഞ്ജു വിളി പ്രതീക്ഷിച്ചിരുന്നു. പക്ഷെ ആരാധകരെ നിരാശരാക്കിക്കൊണ്ട് അദ്ദേഹം തഴയപ്പെടുകയായിരുന്നു.

SANJU SAMSON

പകരം ഇഷാന്‍ കിഷനും ധ്രുവ് ജുറേലും വിക്കറ്റ് കീപ്പര്‍മാരായി ടീമിലേക്കു വരികയും ചെയ്തു. ദുലീപ് ട്രോഫിയില്‍ ഒരു സെഞ്ച്വറി കുറിച്ചിരുന്നെങ്കിലും സഞ്ജുവിനോളം റണ്‍സ് ഇഷാന്‍ നേടിയിരുന്നില്ല. നാലിന്നിങ്‌സുകളില്‍ നിന്നും 33.50 ശരാശരിയില്‍ 79.28 സ്‌ട്രൈക്ക് റേറ്റില്‍ 134 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നിട്ടും സഞ്ജുവിനു പകരം ഇഷാന് നറുക്കുവീഴുകയായിരുന്നു.

ജുറേലാവട്ടെ ദുലീപ് ട്രോഫിയില്‍ ഒരു മല്‍സരം മാത്രമേ കളിച്ചിരുന്നുള്ളൂ. ഇതില്‍ തിളങ്ങിയതുമില്ല. ഇപ്പോള്‍ ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറാണ് അദ്ദേഹം. ഇതിനിടെയാണ് റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ജുറേലിനു സ്ഥാനം ലഭിച്ചിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള രണ്ടാംടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ ഇടം നേടിയില്ലെങ്കില്‍ മാത്രമേ ജുറേല്‍ ഇറാനി കപ്പില്‍ ടീമിനൊപ്പം ചേരുകയുള്ളൂ.

റെസ്റ്റ് ഓഫ് ഇന്ത്യ ടീം

റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, റിക്കി ഭൂയ്, ശശ്വത്ത് റാവത്ത്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സുതര്‍, സാരാന്‍ഷ് ജെയിന്‍, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, രാഹുല്‍ ചാഹര്‍.

Story first published: Tuesday, September 24, 2024, 18:04 [IST]
Other articles published on Sep 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+