Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ആളിക്കത്തി സൂര്യയും ഇഷാനും, പഞ്ചാബിനോട് കണക്കുവീട്ടി മുംബൈ! വമ്പന്‍ ജയം

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് വമ്പന്‍ ജയം. പഞ്ചാബ് മുന്നോട്ട് വെച്ച 215 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം 7 പന്തും ആറ് വിക്കറ്റും ബാക്കിയാക്കിയാണ് മുംബൈ മറികടന്നത്. ഇഷാന്‍ കിഷന്റെയും (75) സൂര്യകുമാര്‍ യാദവിന്റെയും (66) തകര്‍പ്പന്‍ ഫിഫ്റ്റിയാണ് കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ മുംബൈക്ക് കരുത്തായത്.

ഇരുവരും മടങ്ങിയ ശേഷം തിലക് വര്‍മയും (10 പന്തില്‍ 26*) ടിം ഡേവിഡും (10 പന്തില്‍ 19*) ചേര്‍ന്ന് മുംബൈക്ക് വമ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു. തിലക് ഒരു ഫോറും മൂന്ന് സിക്‌സും നേടിയപ്പോള്‍ മൂന്ന് ബൗണ്ടറിയാണ് ഡേവിഡ് നേടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ 200ലധികം വിജയലക്ഷ്യം മറികടക്കുന്നത്.

ishan kishan

215 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് ആദ്യ ഓവറില്‍ത്തന്നെ തിരിച്ചടി നേരിട്ടു. നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ മൂന്ന് പന്ത് നേരിട്ട് ഡെക്കിന് പുറത്തായി. റിഷി ധവാന്റെ പന്തിലാണ് രോഹിത്തിന്റെ മടക്കം. കാമറൂണ്‍ ഗ്രീന്‍ മികച്ച രീതിയിലാണ് തുടങ്ങിയത്. 18 പന്തില്‍ നാല് ബൗണ്ടറിയടക്കം 23 റണ്‍സ് നേടിയ ഗ്രീന്‍ പവര്‍പ്ലേയുടെ അവസാന പന്തില്‍ നതാന്‍ എല്ലിസിന് മുന്നില്‍ വീണു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 54 എന്ന നിലയിലായിരുന്നു മുംബൈ.

പിന്നീടൊത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് അതിവേഗം റണ്‍സുയര്‍ത്തി. 31 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 66 റണ്‍സില്‍ സൂര്യ പുറത്താവുമ്പോള്‍ മുംബൈ 15.1 ഓവറില്‍ 3ന് 170 എന്ന മികച്ച നിലയിലായിരുന്നു. 17ാം ഓവറിന്റെ ആദ്യ പന്തില്‍ അര്‍ഷദീപ് സിങ് ഇഷാനെ പുറത്താക്കി. 41 പന്തില്‍ 75 റണ്‍സാണ് ഇഷാന്‍ നേടിയത്. ഏഴ് ഫോറും നാല് സിക്‌സും ഇതില്‍ ഉള്‍പ്പെടും.

ആറാമനായി ക്രീസിലെത്തിയ തിലക് വര്‍മ ടിം ഡേവിഡിനൊപ്പം ചേര്‍ന്ന് കൂടുതല്‍ അപകടങ്ങളില്ലാതെ മുംബൈയെ വിജയത്തിലേക്കെത്തിച്ചു. മുംബൈയിലെ തോല്‍വിക്ക് മൊഹാലിയില്‍ മറുപടി നല്‍കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചിരിക്കുകയാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന പഞ്ചാബിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സ് മാത്രമുള്ളപ്പോള്‍ പ്രഭ്‌സിംറാന്‍ സിങ്ങിനെ നഷ്ടമായി. ഏഴ് പന്തില്‍ ഒരു ബൗണ്ടറിയടക്കം 9 റണ്‍സ് നേടിയ പ്രഭ്‌സിംറാനെ അര്‍ഷാദ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു.

നായകന്‍ ശിഖര്‍ ധവാനും മാത്യു ഷോര്‍ട്ടും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പീയൂഷ് ചൗളയെ ക്രീസില്‍ നിന്ന് കയറിക്കളിച്ച ധവാന് പിഴച്ചു. ഇഷാന്‍ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ പഞ്ചാബ് നായകന് മടക്ക ടിക്കറ്റ് നല്‍കി. 20 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 30 റണ്‍സാണ് ധവാന്‍ നേടിയത്. 26 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 27 റണ്‍സ് നേടിയ മാത്യു ഷോര്‍ട്ടിനെ പീയൂഷ് ചൗള ക്ലീന്‍ബൗള്‍ഡും ചെയ്തു.

jitesh sharma, liam livingstone

അതിന് ശേഷം ഒത്തുകൂടിയ ലിയാം ലിവിങ്‌സ്റ്റണും ജിതേഷ് ശര്‍മയും ചേര്‍ന്ന് മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തി. ലിവിങ്സ്റ്റനാണ് കൂടുതല്‍ ആക്രമിച്ചത്. ജോഫ്രാ ആര്‍ച്ചറെ മൂന്ന് തുടര്‍ സിക്‌സുകളടക്കം പറത്തിയ ലിവിങ്‌സ്റ്റണ്‍ 42 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 82 റണ്‍സുമായി പുറത്താവാതെ നിന്നു. 195.23 സ്‌ട്രൈക്കറേറ്റിലായിരുന്നു ലിവിങ്സ്റ്റണിന്റെ വെടിക്കെട്ട്.

ജിതേഷ് ശര്‍മയും മോശമാക്കിയില്ല. 27 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 49 റണ്‍സുമായി ജിതേഷ് പുറത്താവാതെ നിന്നു. 181.48 സ്‌ട്രൈക്കറേറ്റിലായിരുന്നു ജിതേഷിന്റെ ബാറ്റിങ്. മുംബെക്കായി പീയൂഷ് ചൗള രണ്ട് വിക്കറ്റും അര്‍ഷാദ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി. ജോഫ്രാ ആര്‍ച്ചര്‍ നാല് ഓവറില്‍ 56 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല.

പ്ലേയിങ് 11- പഞ്ചാബ് കിങ്‌സ്- ശിഖര്‍ ധവാന്‍ (c), പ്രഭ്‌സിംറാന്‍ സിങ്, മാത്യു ഷോര്‍ട്ട്, ലിയാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ, സാം കറെന്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, റിഷി ധവാന്‍, രാഹുല്‍ ചഹാര്‍, അര്‍ഷദീപ് സിങ്

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (c), ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ, നേഹല്‍ വദേര, ടിം ഡേവിഡ്, പീയൂഷ് ചൗള, ജോഫ്രാ ആര്‍ച്ചര്‍, കുമാര്‍ കാര്‍ത്തികേയ, അര്‍ഷാദ് ഖാന്‍, ആകാശ് മദ്‌വാള്‍

Story first published: Wednesday, May 3, 2023, 11:22 [IST]
Other articles published on May 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+