ചെന്നൈ: അവസാന ഓവറിലേക്ക് നീണ്ട ആവേശപോരാട്ടത്തില്‍ പോരാട്ടത്തില്‍ സിഎസ്‌കെയെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് പഞ്ചാബ് കിങ്‌സ്. അവസാന ഓവറിലേക്ക് നീണ്ട ആവേശ പോരാട്ടത്തിലാണ് പഞ്ചാബിന്റെ ത്രില്ലിങ് ജയം. തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാല് വിക്കറ്റിന് 200 റണ്‍സെടുത്തപ്പോള്‍ അവസാന പന്തിലാണ് പഞ്ചാബ് വിജയലക്ഷ്യം മറികടന്നത്.
അവസാന പന്തില്‍ പഞ്ചാബിന് ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സിക്കന്തര്‍ റാസ പഞ്ചാബിന് വിജയമൊരുക്കുകയായിരുന്നു. 7 പന്തില്‍ 13 റണ്‍സുമായി റാസ പുറത്താവാതെ നിന്നു. ഷാരൂഖ് ഖാനും (3 പന്തില്‍ 2*) പുറത്താവാതെ നിന്നു. ലിയാം ലിവിങ്സ്റ്റണും (40) പ്രഭ്‌സിംറാന്‍ സിങ്ങുമാണ് (42) പഞ്ചാബിന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

സിഎസ്‌കെയ്ക്കായി തുഷാര്‍ ദെശപാണ്ഡെ മൂന്നും രവീന്ദ്ര ജഡേജ രണ്ടും മതീഷ പതിരണ ഒരു വിക്കറ്റും വീഴ്ത്തി. ഡെത്ത് ഓവറില്‍ തുഷാര്‍ ദെശപാണ്ഡെ തല്ലുവാങ്ങിയത് സിഎസ്‌കെയുടെ തോല്‍വിയില്‍ നിര്‍ണ്ണായകമായി.
201 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചു. ശിഖര്‍ ധവാനും പ്രഭ്‌സിംറാന്‍ സിങ്ങും തകര്‍ത്തടിച്ചതോടെ ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടുകെട്ട് പിറന്നു. 15 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 28 റണ്‍സ് നേടിയ ധവാനെ പുറത്താക്കി തുഷാര്‍ ദെശപാണ്ഡെയാണ് കൂട്ടുകെട്ട് പൊളിച്ചത്. ധവാന്‍ മടങ്ങിയ ശേഷവും പ്രഭ്‌സിംറാന്‍ റണ്‍സുയര്‍ത്തി.
24 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 175 സ്‌ട്രൈക്കറേറ്റില്‍ കളിച്ച പ്രഭ്‌സിംറനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ എംഎസ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോള്‍ 8.3 ഓവറില്‍ 81 റണ്‍സ് പഞ്ചാബ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. അധര്‍വ ടെയ്‌ഡെ (17 പന്തില്‍ 13) നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് താരത്തിന് മടക്ക ടിക്കറ്റ് നല്‍കിയത്.
നാലാം വിക്കറ്റില്‍ ലിയാം ലിവിങ്സ്റ്റണും സാം കറെനും ചേര്‍ന്ന് ടീം സ്‌കോര്‍ മുന്നോട്ട് നയിച്ചു. 16ാം ഓവറില്‍ കടന്നാക്രമിച്ച ലിവിങ്‌സ്റ്റണ്‍ മൂന്ന് സിക്‌സുകള്‍ തുഷാര്‍ ദെശപാണ്ഡെയെ പറത്തി. എന്നാല്‍ അഞ്ചാം പന്തില്‍ ലിവിങ്സ്റ്റണെ പുറത്താക്കാന്‍ ദെശപാണ്ഡെക്കായി. 24 പന്തില്‍ ഒരു ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 40 റണ്‍സുമായാണ് ലിവിങ്സ്റ്റണ്‍ മടങ്ങിയത്.
18ാം ഓവറിലെ ആദ്യ പന്തില്‍ സാം കറെനെ (20 പന്തില്‍ 29) പതിരണ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ജിതേഷ് ശര്‍മയെ 19ാം ഓവറില്‍ ദെശപാണ്ഡെ പുറത്താക്കിയതോടെ മത്സരം ആവേശകരമായി. 10 പന്തില്‍ 21 റണ്‍സാണ് ജിതേഷ് നേടിയത്. പിന്നീടെത്തിയ സിക്കന്തര്‍ റാസയും ഷാരൂഖ് ഖാനും ചേര്‍ന്ന് പഞ്ചാബിന് ആവേശ ജയം സമ്മാനിക്കുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത സിഎസ്‌കെയ്ക്കായി ഓപ്പണിങ്ങില്‍ ഡെവോണ്‍ കോണ്‍വേയും റുതുരാജ് ഗെയ്ക് വാദും തിളങ്ങി. ഒന്നാം വിക്കറ്റില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. 31 പന്തില്‍ 37 റണ്‍സെടുത്ത റുതുരാജ് ഗെയ്ക് വാദിനെ പുറത്താക്കി സിക്കന്തര്‍ റാസയാണ് കൂട്ടുകെട്ട് പൊളിച്ചത്. നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു റുതുരാജിന്റെ പ്രകടനം.
റാസയെ ക്രീസില്‍ നിന്ന് കയറിക്കളിച്ച ഗെയ്ക് വാദിനെ സ്റ്റംപിങ്ങിലൂടെ ജിതേഷ് ശര്‍മയാണ് മടക്കിയത്. മൂന്നാം നമ്പറില്‍ അജിന്‍ക്യ രഹാനെയെ തഴഞ്ഞ് ശിവം ദുബെയെയാണ് സിഎസ്‌ക ഇറക്കിയത്. അതിവേഗം റണ്‍സുയര്‍ത്തുകയെന്ന ഉദ്ദേശത്തോടെ ഇറങ്ങിയ ദുബെ 17 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 28 റണ്‍സാണ് നേടിയത്. അര്‍ഷദീപ് സിങ്ങിന്റെ പന്തില്‍ ഷാരൂഖ് ഖാന് ക്യാച്ച് നല്‍കിയാണ് ദുബെ പുറത്തായത്.

നാലാമനായെത്തിയ മോയിന്‍ അലിക്ക് വലിയൊരു പ്രകടനം കാഴ്ചവെക്കാനായില്ല. 6 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 10 റണ്‍സാണ് മോയിന്‍ നേടിയത്. രാഹുല്‍ ചഹാറിനെ ക്രീസില്‍ നിന്ന് കയറിക്കളിച്ച മോയിനെ ജിതേഷ് സ്റ്റംപിങ്ങിലൂടെ പുറത്താക്കുകയായിരുന്നു. ഒരുവശത്ത് കോണ്‍വേ റണ്‍സുയര്‍ത്തി. 30 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ കോണ്‍വേക്ക് ദൗര്‍ഭാഗ്യവശാല്‍ സെഞ്ച്വറി നേടാനായില്ല. 52 പന്തില്‍ 16 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 92 റണ്‍സുമാണ് കോണ്‍വെ പുറത്താവാതെ നിന്നു.
രവീന്ദ്ര ജഡേജ 10 പന്തില്‍ 12 റണ്‍സുമായി മടങ്ങിയപ്പോള്‍ എംഎസ് ധോണി ബാറ്റിങ്ങിനിറങ്ങി. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ധോണി നിരാശപ്പെടുത്തിയില്ല. അവസാന ഓവറിലെ സാം കറെന്റെ അവസാന രണ്ട് പന്തുകളും സിക്‌സര്‍ പറത്തി 4 പന്തില്‍ 13 റണ്‍സുമായി ധോണി പുറത്താവാതെ നിന്നു.
20ാം ഓവറിലെ ധോണിയുടെ സിക്‌സുകളുടെ എണ്ണം 59ആയി ഉയര്‍ത്താനും ഇതിഹാസത്തിനായി. 20ാം ഓവറില്‍ ഇതുവരെ 290 പന്തുകള്‍ നേരിട്ട് 790 റണ്‍സാണ് അദ്ദേഹം നേടിയത്. 59 സിക്‌സുകളും 49 ബൗണ്ടറിയുമാണ് ധോണി നേടിയത്. ഈ സീസണിലെ പ്രകടനങ്ങള്‍ 14 * (7), 12 (3), 32* (17), 1* (1), 2* (3), 13* (4) എന്നിങ്ങനെയാണ്. 6 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 74 റണ്‍സ്. 74 ശരാശരിയും 211 സ്‌ട്രൈക്കറേറ്റും ധോണിക്കുണ്ട്.
ധോണിയുടെ ഫിനിഷിങ് മികവില്‍ 201 എന്ന വമ്പന്‍ വിജയലക്ഷ്യം സിഎസ്‌കെ പഞ്ചാബിന് മുന്നില്‍ വെച്ചു. പഞ്ചാബിനായി അര്‍ഷദീപ് സിങ്, സാം കറെന്‍, രാഹുല്‍ ചഹാര്‍, സിക്കന്തര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
പ്ലേയിങ് 11-സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ്, ഡെവോണ്‍ കോണ്‍വേ, അജിന്‍ക്യ രഹാനെ, മോയിന്‍ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (c), മതീഷ പതിരണ, തുഷാര്‍ ദെശപാണ്ഡെ, മഹേഷ് തീക്ഷണ
പഞ്ചാബ് കിങ്‌സ്- ശിഖര്‍ ധവാന്‍ (c), അധര്‍വ ടെയ്‌ഡെ, ലിയാം ലിവിങ്സ്റ്റണ്‍, സിക്കന്തര്‍ റാസ, സാം കറെന്‍, ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, അര്‍ഷദീപ് സിങ്