അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് നാണംകെട്ട് മുംബൈ ഇന്ത്യന്‍സ്. 55 റണ്‍സിനാണ് ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അച്ചടക്കമുള്ള ബൗളിങ്ങിലൂടെ ഗുജറാത്ത് കളി പിടിക്കുകയായിരുന്നു.
ഗുജറാത്തിനായി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാനും മോഹിത് ശര്‍മയും രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. ശുബ്മാന്‍ ഗില്‍ (56), ഡേവിഡ് മില്ലര്‍ (46), അഭിനവ് മനോഹര്‍ (42) എന്നിവര്‍ ഗുജറാത്തിനായി ബാറ്റിങ്ങില്‍ തിളങ്ങി. ഏഴ് മത്സരത്തില്‍ നിന്ന് അഞ്ചാം ജയത്തോടെ ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ നാലാം തോല്‍വിയോടെ മുംബൈ ഏഴാം സ്ഥാനത്ത് തുടരുകയാണ്.

208 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ കാത്തിരുന്നത് വന്‍ തകര്‍ച്ചയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മക്കും ഇഷാന്‍ കിഷനും അതിവേഗം റണ്‍സുയര്‍ത്താനായില്ല. തുടക്കം മുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ഗുജറാത്ത് ബൗളര്‍മാര്‍ക്കായി. എട്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത രോഹിത്തിനെ പുറത്താക്കി ഹര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്.
ഇഷാന്‍ കിഷന്‍ (21 പന്തില്‍ 13) ടെസ്റ്റ് ബാറ്റിങ് കാഴ്ചവെച്ച് മടങ്ങി. റാഷിദ് ഖാന്റെ പന്തില്‍ ജോഷ് ലിറ്റിലിന് ക്യാച്ച് നല്‍കിയാണ് ഇഷാന്‍ പുറത്തായത്. ഇംപാക്ട് പ്ലയറായെത്തിയ തിലക് വര്‍മ (3 പന്തില്‍ 2) റാഷിദ് ഖാന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി. ഭേദപ്പെട്ട് പ്രകടനം നടത്തി ഫോമിലേക്കെത്തിയ കാമറൂണ്‍ ഗ്രീനെ (26 പന്തില്‍ 33) നൂര്‍ അഹമ്മദ് ക്ലീന്‍ബൗള്‍ഡ് ചെയ്തു.
നേരിട്ട രണ്ടാം പന്തില്‍ ടീം ഡേവിഡും പുറത്തായി. നൂര്‍ അഹമ്മദിനെ സിക്‌സര്‍ പറത്താനുള്ള ശ്രമം അഭിനവ് മനോഹറിന്റെ കൈകളില്‍ അവസാനിച്ചു. ഡേവിഡ് പുറത്താവുമ്പോള്‍ 10.4 ഓവറില്‍ 59 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു മുംബൈ. സൂര്യകുമാര്‍ യാദവിനെയും നൂര്‍ അഹമ്മദ് പുറത്താക്കി. 12 പന്തില്‍ 23 റണ്‍സെടുത്ത സൂര്യയെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് നൂര്‍ പുറത്താക്കിയത്.
പീയൂഷ് ചൗള (12 പന്തില്‍ 18) റണ്ണൗട്ടായപ്പോള്‍ നേഹല്‍ വദേര (21 പന്തില്‍ 40) മികവ് കാട്ടി മടങ്ങി. മൂന്ന് വീതം സിക്‌സും ഫോറും പറത്തിയ താരത്തെ മോഹിത് ശര്‍മയാണ് പുറത്താക്കിയത്. പിന്നീട് മഹാത്ഭുതങ്ങള്‍ സംഭവിക്കാതിരുന്നതോടെ മുംബൈക്ക് തലതാഴ്ത്തി മടങ്ങേണ്ടി വന്നു. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ 9 പന്തില്‍ ഒരു സിക്‌സടക്കം 13 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ വൃദ്ധിമാന്‍ സാഹയെ (7 പന്തില്‍ 4) അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മടക്കി. ലെഗ്‌സൈഡിലെത്തിയ പന്ത് സാഹയുടെ ഗ്ലൗസിലുരസി ഇഷാന്‍ കിഷന് ക്യാച്ചാവുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ ഹര്‍ദിക് പാണ്ഡ്യക്കും മികച്ചൊരു പ്രകടനം നടത്താനായില്ല.

14 പന്ത് നേരിട്ട് 13 റണ്‍സുമായാണ് ഹര്‍ദിക് മടങ്ങിയത്. പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തിലാണ് ഹര്‍ദിക്കിന്റെ മടക്കം. പീയൂഷ് ചൗളയെ സിക്‌സറിന് ശ്രമിച്ച് ലോങ് ഓഫില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച് നല്‍കുകയായിരുന്നു. ഒരുവശത്ത് ശുബ്മാന്‍ ഗില്‍ റണ്‍സുയര്‍ത്തി. 34 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സുമടക്കം 56 റണ്‍സുമായാണ് ഗില്‍ പുറത്തായത്. സീസണിലെ താരത്തിന്റെ മൂന്നാം ഫിഫ്റ്റിയാണിത്.
വിജയ് ശങ്കര്‍ പ്രതീക്ഷ നല്‍കി തുടങ്ങിയെങ്കിലും 16 പന്തില്‍ 19 റണ്‍സുമായി പുറത്തായി. പീയൂഷ് ചൗളയാണ് ശങ്കറെ മടക്കിയത്. എന്നാല്‍ ഡേവിഡ് മില്ലറും അഭിനവ് മനോഹറും ചേര്‍ന്ന് തല്ലിത്തകര്‍ത്തതോടെ ഗുജറാത്തിന്റെ സ്‌കോര്‍ബോര്‍ഡുയര്‍ന്നു. 21 പന്ത് നേരിട്ട് മൂന്ന് ഫോറും സിക്‌സും ഉള്‍പ്പെടെ 42 റണ്‍സ് നേടിയ മനോഹറിന്റെ പ്രകടനമാണ് മുംബൈയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.
മില്ലര്‍ 22 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 46 റണ്‍സാണ് നേടിയത്. അവസാന ഓവറിലാണ് മില്ലറുടെ മടക്കം. രാഹുല്‍ തെവാത്തി നേരിട്ട ആദ്യ പന്ത് മുതല്‍ ആക്രമിച്ചു. അഞ്ച് പന്തില്‍ നിര്‍ണ്ണായകമായ 20 റണ്‍സുമായി തെവാത്തിയ പുറത്താവാതെ നിന്നു. റാഷിദ് ഖാനും (1 പന്തില്‍ 2*) പുറത്താവാതെ നിന്നു. ഡെത്ത് ഓവറുകളില്‍ മുംബൈ ബൗളര്‍മാര്‍ നന്നായി തല്ലുവാങ്ങി.
ഇതോടെ ആറ് വിക്കറ്റിന് 207 എന്ന മികച്ച ടോട്ടല്‍ ഗുജറാത്ത് പടുത്തുയര്‍ത്തി. മുംബൈക്കായി പീയൂഷ് ചൗള രണ്ടും അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, റില്ലി മെറീഡത്ത്, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. അവസാന നാല് ഓവറില്‍ 70 റണ്‍സാണ് ഗുജറാത്ത് അടിച്ചെടുത്തതെന്നത് മുംബൈക്ക് വലിയ നാണക്കേടുണ്ടാക്കുന്ന കണക്കാണ്.
പ്ലേയിങ് 11-മുംബൈ ഇന്ത്യന്‍സ്-രോഹിത് ശര്‍മ (c), ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നേഹല്‍ വദീര, കുമാര്‍ കാര്‍ത്തികേയ, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, റില്ലി മെറീഡത്ത്, പീയൂഷ് ചൗള
ഗുജറാത്ത് ടൈറ്റന്‍സ്- ശുബ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്‍, ഹര്‍ദിക് പാണ്ഡ്യ (c), അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, മോഹിത് ശര്‍മ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്