ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. 57 റണ്‍സിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
സീസണിലെ ഡല്‍ഹിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. പഞ്ചാബ് കിങ്‌സിനോട് തോറ്റതിന്റെ ക്ഷീണം മാറ്റാന്‍ രാജസ്ഥാനായി. രാജസ്ഥാനായി ജോസ് ബട്‌ലറും (79) യശ്വസി ജയ്‌സ്വാളും (60) ബാറ്റിങ്ങില്‍ തിളങ്ങി. ഡല്‍ഹിക്കായി ഡേവിഡ് വാര്‍ണര്‍ (55 പന്തില്‍ 65) ഫിഫ്റ്റി നേടി. മൂന്ന് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടും യുസ് വേന്ദ്ര ചഹാലുമാണ് ഡല്‍ഹിയെ തകര്‍ത്തത്. ആര്‍ അശ്വിന്‍ രണ്ടും സന്ദീപ് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന രാജസ്ഥാന് വെടിക്കെട്ട് തുടക്കമാണ് യശ്വസി ജയ്‌സ്വാളും ജോസ് ബട്‌ലറും ചേര്‍ന്ന് നല്‍കിയത്. ഖലീല്‍ അഹമ്മദിന്റെ ആദ്യ ഓവറില്‍ അഞ്ച് ബൗണ്ടറിയടക്കം 20 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ഇരുവരും തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ 68 റണ്‍സ് രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു.
കടന്നാക്രമിച്ച ജയ്‌സ്വാള്‍ മുകേഷ് കുമാറിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഒന്നാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു. 31 പന്തില്‍ 11 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 60 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. സീസണിലെ താരത്തിന്റെ രണ്ടാം ഫിഫ്റ്റിയാണിത്. മൂന്നാമനായി ഇറങ്ങിയ സഞ്ജു സാംസണ്‍ (4 പന്തില്‍ 0) അക്കൗണ്ട് തുറക്കാതെ പുറത്തായി.
കുല്‍ദീപ് യാദവിനെ സിക്‌സറിന് ശ്രമിച്ച സഞ്ജുവിന് പാളിയപ്പോള്‍ ആന്‍ റിച്ച് നോക്കിയേക്ക് ക്യാച്ച്. ആദ്യ രണ്ട് മത്സരത്തിലും തിളങ്ങിയ സഞ്ജുവില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിച്ചിരുന്നെങ്കിലും താരം നിരാശപ്പെടുത്തി മടങ്ങിയത് രാജസ്ഥാന് കടുത്ത തിരിച്ചടിയായി. ഇതോടെ സഞ്ജുവിന്റെ സ്ഥിരത വീണ്ടും ചര്‍ച്ചയായി ഉയരുകയാണ്.
ജയ്‌സ്വാളും സഞ്ജുവും ചെറിയ ഇടവേളയില്‍ മടങ്ങിയെങ്കിലും ഒരുവശത്ത് ബട്‌ലര്‍ റണ്‍സുയര്‍ത്തി. നാലാമനായെത്തിയ റിയാന്‍ പരാഗ് (11 പന്തില്‍ 7) വീണ്ടും ഫ്‌ളോപ്പായി. ആദ്യ രണ്ട് മത്സരങ്ങളിലും കാര്യമായ പ്രകടനം നടത്താന്‍ പരാഗിനായിരുന്നില്ല. ഷിംറോന്‍ ഹെറ്റ്‌മെയറിനൊപ്പം അതിവേഗം റണ്‍സുയര്‍ത്തിയ ബട്‌ലറും സീസണിലെ രണ്ടാം ഫിഫ്റ്റി നേടി. 51 പന്തില്‍ 11 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 79 റണ്‍സ് നേടിയാണ് ബട്‌ലര്‍ പുറത്തായത്.

മുകേഷ് കുമാറാണ് ബട്‌ലറെയും റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയത്. ഹെറ്റ്‌മെയര്‍ 21 പന്തില്‍ 1 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സുമായി പുറത്താവാതെ നിന്നു. 185.71 സ്‌ട്രൈക്കറേറ്റിലാണ് ഹെറ്റ്‌മെയറുടെ പ്രകടനം. ദേവ്ദത്ത് പടിക്കലിന്റെ പകരക്കാരനായെത്തിയ ദ്രുവ് ജൂറല്‍ (3 പന്തില്‍ 8) പുറത്താവാതെ നിന്നു. മുകേഷ് കുമാര്‍ നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് യാദവും റോവ്മാന്‍ പവലും ഓരോ വിക്കറ്റും വീഴ്ത്തി.
200 റണ്‍സ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്ന് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ പൃഥ്വി ഷാ ആദ്യം മടങ്ങി. സഞ്ജുവിന്റെ ഗംഭീര ക്യാച്ചില്‍ ട്രന്റ് ബോള്‍ട്ടിനായിരുന്നു വിക്കറ്റ്. ഇതേ ഓവറില്‍ മനീഷ് പാണ്ഡെയും ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയതോടെ ആദ്യ ഓവറില്‍ത്തന്നെ ഡല്‍ഹിക്ക് രണ്ട് വിക്കറ്റ് നഷ്ടം. മെയ്ഡന്‍ ഓവറാക്കി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത് ബോള്‍ട്ട് വീണ്ടും കൈയടി നേടി.
റില്ലി റൂസോയെ (12 പന്തില്‍ 14) ആര്‍ അശ്വിനും പുറത്താക്കിയതോടെ പവര്‍പ്ലേക്കുള്ളില്‍ ഡല്‍ഹിക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഒരുവശത്ത് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയ ലളിത് യാദവിനെ (24 പന്തില്‍ 38) ബോള്‍ട്ട് ക്ലീന്‍ബൗള്‍ഡ് ചെയ്തു. അഞ്ച് ബൗണ്ടറികളാണ് താരത്തിന്റെ സമ്പാദ്യം. അക്ഷര്‍ പട്ടേലിനെ (6 പന്തില്‍ 2) യുസ് വേന്ദ്ര ചഹാലിന്റെ പന്തില്‍ സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി.
വമ്പനടിക്കാരന്‍ റോവ്മാന്‍ പവലിനെ (2) അശ്വിനും കൂടാരം കയറ്റിയതോടെ ഡല്‍ഹി തോല്‍വി ഉറപ്പിച്ചു. വാലറ്റത്തിനും അത്ഭുതം സൃഷ്ടിക്കാനാവാതെ പോയതോടെ ഡല്‍ഹിക്ക് ഹാട്രിക്ക് തോല്‍വിയോടെ നാണംകെടേണ്ടി വന്നു.
പ്ലേയിങ് 11- രാജസ്ഥാന്‍- ജോസ് ബട്‌ലര്‍സ, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (c), ദ്രുവ് ജൂറല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ജേസന്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ
ഡല്‍ഹി ക്യാപിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍ (c) , മനീഷ് പാണ്ഡെ, റില്ലി റൂസോ, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, അഭിഷേക് പോറല്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ആന്‍ റിച്ച് നോക്കിയേ