ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനാണ് രോഹിതും സംഘവും തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 19.4 ഓവറില്‍ 172 റണ്‍സിന് കൂടാരം കയറിയപ്പോള്‍ അവസാന പന്തില്‍ മുംബൈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
രോഹിത് ശര്‍മയുടെ (65) തകര്‍പ്പന്‍ ഫിഫ്റ്റിയാണ് മുംബൈക്ക് കരുത്തായത്. തിലക് വര്‍മയും (41) നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ ഡെത്ത് ഓവറില്‍ ഡല്‍ഹി പിടിമുറുക്കിയതോടെ ജയ പരാജയങ്ങള്‍ മാറി മറിഞ്ഞു. അവസാന പന്തില്‍ മുംബൈക്ക് ജയിക്കാന്‍ 2 റണ്‍സ് വേണമെന്നിരിക്കെ ടിം ഡേവിഡ് മുംബൈയെ വിജയത്തിലേക്കെത്തിച്ചു. ടിം ഡേവിഡും (11 പന്തില്‍ 13*) കാമറൂണ്‍ ഗ്രീനും (8 പന്തില്‍ 17*) പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. പൃഥ്വി ഷാ വീണ്ടും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 10 പന്തില്‍ 15 റണ്‍സാണ് പൃഥ്വി നേടിയത്. ഇതില്‍ മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടും. സ്പിന്നര്‍ ഹൃതിക് ഷൊക്കീനെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് പൃഥ്വി പുറത്താവുമ്പോള്‍ ഡല്‍ഹി സ്‌കോര്‍ബോര്‍ഡില്‍ 33 റണ്‍സ് മാത്രം.
മൂന്നാമനായി ക്രീസിലെത്തിയ സീനിയര്‍ ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെ ഭേദപ്പെട്ട ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 18 പന്തില്‍ 26 റണ്‍സാണ് മനീഷ് അടിച്ചെടുത്തത്. അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ വലിയ സ്‌കോറിലേക്ക് ഉയരുമെന്ന് തോന്നിച്ച മനീഷിനെ പീയൂഷ് ചൗളയാണ് പുറത്താക്കിയത്. ചൗളയെ സിക്‌സറിന് ശ്രമിച്ച മനീഷിനെ ജേസന്‍ ബെഹറന്‍ഡോര്‍ഫാണ് കൈയിലൊതുക്കിയത്.
റിഷഭ് പന്തിന്റെ അഭാവം ഒരിക്കല്‍ക്കൂടി വ്യക്തമാക്കി ഡല്‍ഹിയുടെ മധ്യനിര തകര്‍ന്നടിഞ്ഞു. അരങ്ങേറ്റത്തില്‍ യാഷ് ദൂള്‍ (4 പന്തില്‍ 2) നിരാശപ്പെടുത്തി. ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നായകനായിരുന്ന ദൂള്‍ റില്ലി മെറീഡെത്തിനെ സിക്‌സറിന് ശ്രമിച്ച് നേഹല്‍ വദീരക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ബാറ്റിങ് പ്രൊമോഷനോടെയെത്തിയ റോവ്മാന്‍ പവലിനും കാര്യമായൊന്നും ചെയ്യാനായില്ല.
4 പന്തില്‍ 4 റണ്‍സ് നേടിയ പവലിനെ പീയൂഷ് ചൗള എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ലളിത് യാദവിനെ (4 പന്തില്‍ 2) പീയൂഷ് ചൗള ക്ലീന്‍ബൗള്‍ഡ് ചെയ്തതോടെ ഡല്‍ഹി വലിയ പ്രതിസന്ധിയെ മുന്നില്‍ക്കണ്ടു. അഞ്ച് വിക്കറ്റിന് 98 എന്ന നിലയിലേക്ക് പരുങ്ങിയ ഡല്‍ഹിയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് അക്ഷര്‍ പട്ടേലിന്റെ വെടിക്കെട്ടാണ്. 22 പന്തില്‍ തന്റെ കന്നി ഐപിഎല്‍ ഫിഫ്റ്റിയാണ് അക്ഷര്‍ നേടിയെടുത്തത്.
മുംബൈ ബൗളര്‍മാരെ ശരിക്കും വിറപ്പിച്ച അക്ഷര്‍ 25 പന്തില്‍ 4 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 54 റണ്‍സുമായി പുറത്താവുമ്പോള്‍ ഡല്‍ഹി 18.1 ഓവറില്‍ 165 എന്ന നിലയിലായിരുന്നു. എന്നാല്‍ ജേസന്‍ ബെഹറന്‍ഡോര്‍ഫ് എറിഞ്ഞ 19ാം ഓവറില്‍ ഡല്‍ഹിയുടെ നാല് വിക്കറ്റ് വീണത് തിരിച്ചടിയായി. ആദ്യം അക്ഷര്‍ മടങ്ങി. പിന്നാലെ നായകന്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായി. 47 പന്തില്‍ 51 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. 6 ബൗണ്ടറികള്‍ ഉള്‍പ്പെട്ട ഇന്നിങ്‌സില്‍ സ്‌ട്രൈക്കറേറ്റ് 108.51 ആയിരുന്നു.

ഇതേ ഓവറില്‍ കുല്‍ദീപ് യാദവ് (0) റണ്ണൗട്ടായപ്പോള്‍ അഭിഷേക് പോറല്‍ ക്യാച്ചിലൂടെയും മടങ്ങി. ആന്‍ റിച്ച് നോക്കിയേയെ (5) മെറീഡത്ത് ക്ലീന്‍ബൗള്‍ഡാക്കിയതോടെ 19.4 ഓവറില്‍ 172 റണ്‍സില്‍ ഡല്‍ഹി ഇന്നിങ്‌സ് അവസാനിച്ചു. മുംബെക്കായി ചൗളയും ബെഹറന്‍ഡോര്‍ഫും മൂന്ന് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ മെറീഡത്ത് രണ്ടും ഷൊക്കീന്‍ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ മുംബൈക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 71 റണ്‍സാണ് രോഹിത്തും ഇഷാനും ചേര്‍ന്ന് സൃഷ്ടിച്ചത്. 26 പന്തില്‍ 31 റണ്‍സെടുത്ത ഇഷാനാണ് ആദ്യം മടങ്ങിയത്. ഒരുവശത്ത് വെടിക്കെട്ട് കാഴ്ചവെച്ച രോഹിത് ശര്‍മ 24 ഇന്നിങ്‌സുകള്‍ക്ക് ശേഷം ഐപിഎല്ലില്‍ ഫിഫ്റ്റി നേടി. യുവതാരം തിലക് വര്‍മ 29 പന്തില്‍ 41 റണ്‍സുമായി തിളങ്ങി. 1 ഫോറും 4 സിക്‌സുമാണ് തിലക് നേടിയത്.
എന്നാല്‍ തിലകിനെയും സൂര്യകുമാറിനെയും (1 പന്തില്‍ 0) മുകേഷ് കുമാര്‍ തുടര്‍ച്ചയായ പന്തുകളില്‍ മടക്കിയതോടെ മുംബൈ സമ്മര്‍ദ്ദത്തിലായി. രോഹിത് ശര്‍മയെ മുസ്തഫിസുര്‍ റഹ്‌മാനും പുറത്താക്കിയതോടെ മത്സരത്തിന്റെ ആവേശമുയര്‍ന്നു. 45 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് 65 റണ്‍സ് നേടിയത്.

ഡെത്ത് ഓവറുകളില്‍ ഡല്‍ഹി ബൗളര്‍മാര്‍ റണ്‍സ് വഴങ്ങാന്‍ നന്നായി മടികാട്ടി. അവസാന രണ്ട് ഓവറില്‍ 20 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ കാമറൂണ്‍ ഗ്രീനും ടിം ഡേവിഡും ചേര്‍ന്ന് മുംബൈക്ക് സീസണിലെ ആദ്യ ജയം സമ്മാനിക്കുകയായിരുന്നു.
പ്ലേയിങ് 11-ഡല്‍ഹി ക്യാപിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍ (c), പൃഥ്വി ഷാ, മനീഷ് പാണ്ഡെ, യാഷ് ദൂള്‍, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, അഭിഷേക് പോറല്‍, കുല്‍ദീപ് യാദവ്, ആന്‍ റിച്ച് നോക്കിയേ, മുസ്തഫിസുര്‍ റഹ്‌മാന്‍
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (c), ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നേഹല്‍ വദീര, ഹൃതിക് ഷൊക്കീന്‍, റില്ലി മെറീഡത്ത്, അര്‍ഷാദ് ഖാന്‍, പീയൂഷ് ചാള, ജേസന്‍ ബെഹറന്‍ഡോര്‍ഫ്