ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് തട്ടകത്തില്‍ തോറ്റിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 213 എന്ന കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ട് വെച്ചിട്ടും ലഖ്‌നൗവിനോട് ആര്‍സിബി തോറ്റിരിക്കുകയാണ്. ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ചിന്നസ്വാമിയില്‍ ര്‍സിബി നാണംകെടുകയായിരുന്നു. ടീമിന്റെ ബാറ്റിങ് നിര ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.
ഫഫ് ഡുപ്ലെസിസ് (79), വിരാട് കോലി (61) ഗ്ലെന്‍ മാക്‌സ് വെല്‍ (59) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനം ആര്‍സിബിക്ക് വമ്പന്‍ ടോട്ടല്‍ തന്നെ സമ്മാനിച്ചു. എന്നാല്‍ ബൗളര്‍മാര്‍ക്ക് തങ്ങളുടെ ജോലി ഭംഗിയാക്കാനാവില്ല. ലഖ്‌നൗവിന്റെ ടോപ് ഫോര്‍ ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുകെട്ടാന്‍ ആര്‍സിബിക്ക് സാധിച്ചെങ്കിലും പിന്നീടങ്ങോട്ട് കളി കൈവിടുകയായിരുന്നു.

ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് തടയാന്‍ ആര്‍സിബിക്ക് സാധിക്കുന്നില്ല. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കാത്തതിന് കാരണം ബൗളിങ് നിരയാണ്. എന്നാല്‍ ഇൗ വിഭാഗത്തെ മെച്ചപ്പെടുത്താന്‍ ഒരു സീസണിലും ആര്‍സിബി മാനേജ്‌മെന്റ് ശ്രമിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഈ സീസണിലും വലിയ സ്‌കോര്‍ നേടിയിട്ടും പ്രതിരോധിക്കാനാവാതെ ടീം തോല്‍ക്കുന്നത്.
ആര്‍സിബിയുടെ ബൗളിങ് എത്രത്തോളം ദുര്‍ബലമാണെന്നത് ഈ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. ഐപിഎല്ലില്‍ കൂടുതല്‍ തവണ 200ലധികം റണ്‍സ് നേടിയ ടീം ആര്‍സിബിയാണ്. 23 തവണയാണ് ആര്‍സിബി ഈ നേട്ടത്തിലേക്കെത്തിയത്. എന്നാല്‍ ഏറ്റവും കൂടുതല്‍ തവണ 200ലധികം റണ്‍സ് വഴങ്ങിയ ടീമും ആര്‍സിബിയാണ്. 22 തവണയാണ് ടീം 200ലധികം റണ്‍സ് വഴങ്ങിയത്. ഇതില്‍ നിന്ന് തന്നെ ടീമിന്റെ ബൗളിങ് എത്രത്തോളം ദുര്‍ബലമാണെന്ന് വ്യക്തം.

200ലധികം റണ്‍സ് പ്രതിരോധിക്കാനാവാതെ കൂടുതല്‍ തവണ തോല്‍ക്കുന്ന ടീം ആര്‍സിബിയാണ്. ഇത് അഞ്ചാം തവണയാണ് ഈ നാണക്കേട് ആര്‍സിബിയെ വേട്ടയാടുന്നത്. മൂന്ന് തവണ സിഎസ്‌കെയും രണ്ട് തവണ വീതം കെകെആറും പഞ്ചാബ് കിങ്‌സും ഈ നേട്ടത്തിന്റെ ഭാഗമായിട്ടുണ്ട്. ഇത്തവണയും ആര്‍സിബിയുടെ ബാറ്റിങ് നിര ശക്തമാണ്. എന്നാല്‍ ബൗളിങ്ങിന്റെ കാര്യത്തില്‍ അവര്‍ അലസത കാട്ടുന്നു.
മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ എന്നീ ഇന്ത്യന്‍ പേസര്‍മാരെ എന്തടിസ്ഥാനത്തിലാണ് ടീം ഇത്രയും വിശ്വസിക്കുന്നതെന്നതാണ് വ്യക്തമാവാത്തത്. പ്രഥമ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിച്ച പരിശീലകനാണ് ആശിഷ് നെഹ്‌റ. നേരത്തെ ആര്‍സിബിയുടെ പരിശീലക സംഘത്തിലും നെഹ്‌റ ഭാഗമായിരുന്നു. ആര്‍സിബി വിട്ടപ്പോള്‍ നെഹ്‌റ ടീം മാനേജ്‌മെന്റിനെതിരേ പറഞ്ഞത് ഇപ്പോള്‍ സത്യമായിരിക്കുകയാണ്.
ആര്‍സിബി കപ്പടിക്കാത്തതിന് കാരണം അവരുടെ ടീം മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണെന്നാണ് 2020ല്‍ നെഹ്‌റ പറഞ്ഞത്. താരങ്ങളെ നിരന്തരം മാറ്റിമാറ്റി പരീക്ഷിക്കുന്ന ശീലം ആര്‍സിബി നിര്‍ത്തണമെന്നും മികച്ച ബാറ്റ്‌സ്മാന്‍മാരെപ്പോലെ ബൗളര്‍മാരെയും വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രദ്ധ നല്‍കണമെന്നും എപ്പോഴെങ്കിലും ടീം മാനേജ്‌മെന്റ് ഇത് മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് നെഹ്‌റ പറഞ്ഞത്.

അന്ന് നെഹ്‌റ ചൂണ്ടിക്കാട്ടിയ അതേ പ്രശ്‌നമാണ് ഇപ്പോഴും ടീമിനെ പിന്നോട്ടടിക്കുന്നത്. ടി20യില്‍ തിളങ്ങി നില്‍ക്കുന്ന മികച്ച ബൗളര്‍മാര്‍ ഒപ്പമില്ലാതെ ആര്‍സിബിക്ക് കപ്പടിക്കാന്‍ സാധിക്കില്ലെന്നത് 100 ശതമാനം ഉറപ്പിച്ച് പറയാവുന്ന കാര്യമാണ്. മുഹമ്മദ് സിറാജ് ഈ സീസണില്‍ ഭേദപ്പെട്ട് നില്‍ക്കുന്നു. എന്നാല്‍ ഹര്‍ഷല്‍ പട്ടേല്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടുന്നില്ല. ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് തടയാന്‍ ആരുമില്ല.
ആര്‍സിബി കപ്പടിക്കാന്‍ അടുത്ത തവണയെങ്കിലും മികച്ച ബൗളിങ് നിരയെ ഒപ്പം കൂട്ടണം. മികച്ച യുവതാരങ്ങളെ കണ്ടെത്താനും ആര്‍സിബി പിന്നിലാണ്. ആര്‍സിബിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയെന്ന് പറയാവുന്ന രണ്ട് താരങ്ങള്‍ മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും മാത്രമാണ്. എല്ലാ തവണ ബാറ്റിങ് കരുത്ത് മാത്രം വര്‍ധിപ്പിക്കുകയും ബൗളിങ്ങില്‍ ശ്രദ്ധ നല്‍കാതെയും ടീം മുന്നോട്ട് പോകുന്നിടത്തോളം കപ്പ് സ്വപ്‌നമായി അവശേഷിച്ചേക്കും.