For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 59ന് ഓള്‍ഔട്ട്, ആര്‍സിബിയോട് നാണംകെട്ട് രാജസ്ഥാന്‍! പ്ലേ ഓഫ് സീറ്റ് 'ഗോപി'

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിയോട് നാണംകെട്ട് രാജസ്ഥാന്‍ റോയല്‍സ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ 112 റണ്‍സിനാണ് രാജസ്ഥാനെ ആര്‍സിബി തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 5 വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ തട്ടകത്തില്‍ 10.3 ഓവറില്‍ 59 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

ആര്‍സിബിക്കായി വെയ്ന്‍ പാര്‍ണല്‍ മൂന്നും മിച്ചല്‍ ബ്രാസ്വെല്‍, കരണ്‍ ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്‌സ് വെല്ലും ഓരോ വിക്കറ്റും പങ്കിട്ടു. തോല്‍വിയോടെ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റാണ് രാജസ്ഥാനുള്ളത്. ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അവസാനിച്ചിരിക്കുകയാണെന്ന് പറയാം. ജയത്തോടെ 12 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

RCB

172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം പാളി. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ത്തന്നെ യശ്വസി ജയ്‌സ്വാള്‍ (0) കൂടാരം കയറി. തകര്‍പ്പന്‍ ഫോമിലുണ്ടായിരുന്ന താരത്തെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ ജോസ് ബട്‌ലര്‍ (0) വെയ്ന്‍ പാര്‍ണലിന്റെ ഓവറില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കി മടങ്ങി. ഇതേ ഓവറില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും പുറത്തായി.

5 പന്തില്‍ 4 റണ്‍സെടുത്ത സഞ്ജു പാര്‍ണലിനെ സിക്‌സറിന് ശ്രമിച്ച് വിക്കറ്റ് കീപ്പര്‍ അനൂജ് റാവത്തിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഏഴ് റണ്‍സിനിടെ മൂന്ന് വിക്കറ്റ് വീണതോടെ രാജസ്ഥാന്‍ പതറി. പിന്നീടങ്ങോട്ട് കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. ഇംപാക്ട് പ്ലയറായെത്തിയ ദേവ്ദത്ത് പടിക്കല്‍ (4 പന്തില്‍ 4) ബ്രെസ്വെല്ലിന്റെ പന്തില്‍ മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങി. അരങ്ങേറ്റ ബാറ്റിങ്ങിനിറങ്ങിയ ജോ റൂട്ടിനും മികവ് കാട്ടാനായില്ല. 15 പന്തില്‍ 10 റണ്‍സെടുത്ത റൂട്ടിനെ പാര്‍ണല്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

ദ്രുവ് ജുറേല്‍ (7 പന്തില്‍ 1) ബ്രെസ്വെല്ലിനെ സിക്‌സറിന് ശ്രമിച്ച് ലോംറോറിന് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ ആര്‍ അശ്വിന്‍ ഒരു പന്ത് പോലും നേരിടാതെ റണ്ണൗട്ടായി. അശ്വിന്‍ മടങ്ങുമ്പോള്‍ 50 റണ്‍സിന് 7 വിക്കറ്റെന്ന തോല്‍വി ഉറപ്പിച്ച അവസ്ഥയിലായിരുന്നു രാജസ്ഥാന്‍. മഴക്കാറുണ്ടായിരുന്നത് ബാറ്റിങ് ദുഷ്‌കരമാക്കുകയും ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കുകയും ചെയ്തു.

മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ ഷിംറോന്‍ ഹെറ്റ്‌മെയര്‍ ഒരു വശത്ത് റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. വലിയ ഷോട്ടുകള്‍ കളിച്ച താരം 19 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ ഗ്ലെന്‍ മാക്‌സ് വെല്‍ പുറത്താക്കി. 1 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 184ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിച്ച ഹെറ്റ്‌മെയറെ മാക്‌സ് വെല്‍ ബ്രാസ്വെല്ലിന്റെ കൈയിലെത്തിക്കുകയായിരുന്നു. ആദം സാംബയെ (2) കരണ്‍ ശര്‍മ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ കെ എം ആസിഫും (0) ഇതേ ഓവറില്‍ മടങ്ങി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബിക്ക് മികച്ച തുടക്കം തന്നെയാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വിരാട് കോലിയും ഫഫ് ഡുപ്ലെസിസും ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. എന്നാല്‍ പവര്‍പ്ലേയില്‍ വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ ഇരുവര്‍ക്കുമായില്ല. 19 പന്തില്‍ 18 റണ്‍സെടുത്ത കോലിയെ പുറത്താക്കി കെ എം ആസിഫാണ് ആര്‍സിബിക്ക് ആദ്യ പ്രഹരം നല്‍കിയത്. സ്ലോ ബോളില്‍ കോലിക്ക് ഷോട്ട് പിഴച്ചപ്പോള്‍ യശ്വസി ജയ്‌സ്വാളാണ് ക്യാച്ചിലൂടെ മടക്കിയത്.

rcb

രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന ഫഫ് ഡുപ്ലെസിസും ഗ്ലെന്‍ മാക്‌സ് വെല്ലും ചേര്‍ന്ന് ആര്‍സിബിക്ക് അടിത്തറ പാകാന്‍ ശ്രമിച്ചു. 44 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 55 റണ്‍സ് നേടിയ ഡുപ്ലെസിസിനെ പുറത്താക്കി ആസിഫ് വീണ്ടും രാജസ്ഥാന്റെ രക്ഷകനായി. സീസണിലെ മികച്ച ഫോം തുടരുന്ന ഡുപ്ലെസിസ് 12 മത്സരത്തില്‍ നിന്ന് 621 റണ്‍സാണ് അടിച്ചെടുത്തത്. 62.10 ശരാശരിയും 153.33 സ്‌ട്രൈക്കറേറ്റും ഉള്‍പ്പെടെയാണ് ഡുപ്ലെസിസിന്റെ ബാറ്റിങ്.

സീസണില്‍ ആറ് ഫിഫ്റ്റിയാണ് താരം നേടിയത്. എന്നാല്‍ പതിവ് പോലെ ആര്‍സിബിയുടെ മധ്യനിര വീണ്ടും നിരാശപ്പെടുത്തി. മഹിപാല്‍ ലോംറോര്‍ (2 പന്തില്‍ 1) ആദം സാംബയുടെ പന്തില്‍ ദ്രുവ് ജുറേലിന് ക്യാച്ച് നല്‍കി പുറത്തായി. ഇതേ ഓവറില്‍ ദിനേഷ് കാര്‍ത്തികിനെ (2 പന്തില്‍ 0) ആദം സാംബ എല്‍ബിയിലും കുടുക്കി. അംപയര്‍ ഔട്ട് നല്‍കാതിരുന്നതോടെ റിവ്യൂവിലൂടെയാണ് താരം ഔട്ട് നേടിയത്.

ഒരുവശത്ത് ഗ്ലെന്‍ മാക്‌സ് വെല്‍ അടി തുടര്‍ന്നു. 33 പന്തില്‍ 54 റണ്‍സ് നേടിയ മാക്‌സ് വെല്‍ അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിക്കവെ സന്ദീപ് ശര്‍മക്ക് വിക്കറ്റ് നല്‍കി പുറത്തായി. 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 163.63 സ്‌ട്രൈക്കറേറ്റിലാണ് മാക്‌സ് വെല്‍ കളിച്ചത്. മിച്ചല്‍ ബ്രാസ്വെല്ലിന് (9 പന്തില്‍ 9) അതിവേഗത്തില്‍ റണ്‍സുയര്‍ത്താനായില്ല.

എന്നാല്‍ അനൂജ് റാവത്ത് അവസാന ഓവറില്‍ ആഞ്ഞടിച്ചു. (11 പന്തില്‍ 29) റണ്‍സുമായി അനൂജ് പുറത്താവാതെ നിന്നു. കെ എം ആസിഫ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 18 റണ്‍സാണ് പിറന്നത്. ഇതോടെ 20 ഓവറില്‍ 5ന് 171 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്താനും ആര്‍സിബിക്കായി. രാജസ്ഥാനായി ആസിഫും സാംബയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ സന്ദീപ് ശര്‍മ ഒരു വിക്കറ്റും നേടി.

പ്ലേയിങ് 11- ആര്‍സിബി- വിരാട് കോലി, ഫഫ് ഡുപ്ലെസിസ് (c), അനൂജ് റാവത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക്, മിച്ചല്‍ ബ്രാസ്വെല്‍, വെയ്ന്‍ പാര്‍ണല്‍, കരണ്‍ ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്

രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (c), ജോ റൂട്ട്, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍, ആദം സാംബ, സന്ദീപ് ശര്‍മ, കെ എം ആസിഫ്, യുസ് വേന്ദ്ര ചഹാല്‍

Story first published: Sunday, May 14, 2023, 11:55 [IST]
Other articles published on May 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+