മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ദൗര്‍ഭാഗ്യവാന്മാരുടെ നിരയാണ് പഞ്ചാബ് കിങ്‌സ്. സൂപ്പര്‍ താരങ്ങളെറേ കളിച്ചിട്ടും ഇതുവരെ ഐപിഎല്ലില്‍ ഒരു തവണ പോലും കിരീടത്തിലേക്കെത്താന്‍ പഞ്ചാബിനായിട്ടില്ല. കിങ്‌സ് 11 പഞ്ചാബ് എന്ന പേര് പഞ്ചാബ് കിങ്‌സ് എന്നാക്കിയിട്ടും ടീമിന് രക്ഷയില്ല. ഇത്തവണ ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ പഞ്ചാബ് വളരെ പ്രതീക്ഷയിലാണ്. 16ാം സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിക്കാന്‍ പഞ്ചാബിനായി.
മഴ വില്ലനായ മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഏഴ് റണ്‍സിനാണ് പഞ്ചാബ് കെകെആറിനെ തോല്‍പ്പിച്ചത്. ഈ വിജയക്കുതിപ്പ് തുടരാന്‍ ടീമിന് സാധിക്കുമോയെന്നത് കണ്ടറിയാം. ഇതുവരെ കപ്പില്ലാത്ത ടീമാണെങ്കിലും പഞ്ചാബ് കിങ്‌സിന്റെ പേരില്‍ അപൂര്‍വ്വമായൊരു റെക്കോഡുണ്ട്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെയും നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും പിന്നിലാക്കിയ പഞ്ചാബിന്റെ റെക്കോഡിനെക്കുറിച്ചറിയാം.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 190 റണ്‍സിലധികം നേടിയ ടീമെന്ന റെക്കോഡാണ് പഞ്ചാബിന് സ്വന്തമായുള്ളത്. ഇതുവരെ 35 തവണയാണ് പഞ്ചാബ് ടീം ടോട്ടല്‍ 190ന് മുകളിലേക്കെത്തിച്ചത്. ഇക്കാര്യത്തില്‍ വലിയ സ്ഥിരത പഞ്ചാബ് കാഴ്ചവെക്കുന്നു. 33 തവണ ഈ നേട്ടത്തിലെത്തിയ സിഎസ്‌കെ രണ്ടാം സ്ഥാനത്താണ്. 31 തവണ ഈ നേട്ടത്തിലെത്തിയ ആര്‍സിബി ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്തുണ്ട്. രാജസ്ഥാന്‍ റോയല്‍സും 31 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
മുംബൈ ഇന്ത്യന്‍സ് (30), ഡല്‍ഹി ക്യാപിറ്റല്‍സ് (25), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (22), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (19) എന്നിവരാണ് ഈ റെക്കോഡില്‍ പിന്നാലെയുള്ളത്. പഞ്ചാബ് കിങ്‌സ് എല്ലാ സീസണിലും ശരാശരി പ്രകടനം കാഴ്ചവെക്കുന്നവരുടെ നിരയാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇതുവരെ കിരീടം സ്വന്തമാക്കാനായില്ല. യുവരാജ് സിങ്, ജോര്‍ജ് ബെയ്‌ലി, ആദം ഗില്‍ക്രിസ്റ്റ് തുടങ്ങി പല പ്രമുഖരും നയിച്ചിട്ടും പഞ്ചാബിന് രക്ഷയുണ്ടായില്ല.

പ്രഥമ സീസണില്‍ സെമി ഫൈനല്‍ കളിച്ച പഞ്ചാബ് പിന്നീട് കളിച്ച അഞ്ച് സീസണിലും ലീഗ് ഘട്ടം പിന്നിടാതെ നിരാശപ്പെടുത്തി. പ്ലേ ഓഫ് പോലും കടക്കാത്തവരായി പഞ്ചാബ് തഴയപ്പെട്ടപ്പോഴാണ് 2014ല്‍ ടീം അത്ഭുത തിരിച്ചുവരവ് നടത്തിയത്. 2014ല്‍ ഫൈനല്‍ കളിക്കാന്‍ പഞ്ചാബിന് സാധിച്ചെങ്കിലും കിരീട പോരാട്ടത്തില്‍ പരാജയപ്പെട്ടു. പിന്നീട് ഇതുവരെ പ്ലേ ഓഫിലിടം നേടാന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല. എട്ട് തുടര്‍ സീസണുകളിലാണ് പഞ്ചാബ് പ്ലേ ഓഫ് കാണാതെ മടങ്ങുന്നത്.
ഇത്തവണ പ്ലേ ഓഫിലെങ്കിലും പഞ്ചാബ് ഇടം പ്രതീക്ഷിക്കുന്നു. ഇത്തവണയും വലിയ ശക്തരായ നിരയെന്ന് പഞ്ചാബിനെ വിശേഷിപ്പിക്കാനാവില്ല. ധവാനൊപ്പം ബനുക രാജപക്‌സെ, ജിതേഷ് ശര്‍മ, ലിയാം ലിവിങ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍ എന്നിവരടങ്ങുന്നതാണ് പഞ്ചാബിന്റെ ബാറ്റിങ് നിര. ബൗളിങ്ങില്‍ അര്‍ഷദീപ് സിങ്, സാം കറെന്‍, നതാന്‍ ഇല്ലിസ് എന്നിവരെല്ലാം പ്രതീക്ഷ നല്‍കുന്നു. സ്പിന്നര്‍മാരായി രാഹുല്‍ ചഹാറും, ഹര്‍പ്രീത് ബ്രാറുമുണ്ട്.

ഓള്‍റൗണ്ടര്‍മാരായി സിക്കന്തര്‍ റാസയും റിഷി ധവാനുമാണ് പ്രധാനമായുമുള്ളത്. എന്നാല്‍ ഇവരെയെല്ലാം വിശ്വസ്തരെന്ന് വിളിക്കാനാവില്ല. ഇത്തവണ അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം പഞ്ചാബ് പ്ലേ ഓഫില്‍ ഇടം നേടാന്‍ സാധ്യത വളരെ കുറവാണ്. അനുഭവസമ്പന്നനായ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം പഞ്ചാബിലുണ്ട്. മായങ്ക് അഗര്‍വാളിനെ ഓപ്പണിങ്ങില്‍ നിന്ന് വിട്ടുകളഞ്ഞത് മോശം തീരുമാനം. ശിഖര്‍ ധവാന്‍ സ്ഥിരതയോടെ കളിക്കുന്നവനാണ്.
എന്നാല്‍ വമ്പനടിക്കാരായ അന്താരാഷ്ട്ര താരങ്ങളിലേക്ക് വരുമ്പോള്‍ ലിയാം ലിവിങ്‌സ്റ്റണ്‍ മാത്രമാണ് ആശ്രയം. കെകെആറിനെതിരേ ലിവിങ്‌സ്റ്റണ്‍ കളിച്ചുമില്ല. ജോണി ബെയര്‍സ്‌റ്റോക്ക് പരിക്കേറ്റ് സീസണ്‍ നഷ്ടമായത് പഞ്ചാബിനെ സംബന്ധിച്ച് തിരിച്ചടിയാണ്. എന്തായാലും തട്ടകത്തിലെ വിജയത്തുടക്കം പഞ്ചാബിന് ആത്മവിശ്വാസം നല്‍കുമെന്ന കാര്യം ഉറപ്പാണ്. ഈ മികവ് തുടരാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.