ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 50ാം മത്സരത്തില്‍ ആര്‍സിബിയെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. തട്ടകത്തില്‍ ഏഴ് വിക്കറ്റിനാണ് ഡേവിഡ് വാര്‍ണറും സംഘവും ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാല് വിക്കറ്റിന് 181 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 20 പന്തും ഏഴ് വിക്കറ്റും ബാക്കിയാക്കി വിജയം നേടുകയായിരുന്നു. ഫില്‍ സാള്‍ട്ടിന്റെയും (87) റില്ലി റൂസോയുടെയും (35*) ബാറ്റിങ്ങാണ് ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്.
തോറ്റെങ്കിലും 10 മത്സരത്തില്‍ നിന്ന് അഞ്ച് ജയം നേടിയ ആര്‍സിബി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 10 മത്സരത്തില്‍ നിന്ന് നാലാം ജയം നേടിയ ഡല്‍ഹി അവസാന സ്ഥാനക്കാരില്‍ നിന്ന് ഒരുപടി ഉയര്‍ന്ന് ഒമ്പതാം സ്ഥാനത്തേക്കെത്തി. മോശം ഫോമിലെന്ന് വിശേഷിപ്പിക്കപ്പെട്ട ഡല്‍ഹി ബാറ്റ്‌സ്മാന്‍മാരുടെ കരുത്ത് വ്യക്തമാക്കുന്ന പ്രകടനമാണ് അവര്‍ കാഴ്ചവെച്ചതെന്ന് പറയാം.

182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി അതിവേഗത്തിലാണ് റണ്‍സുയര്‍ത്തിയത്. തുടക്കം മുതല്‍ ഡേവിഡ് വാര്‍ണറും ഫില്‍ സാള്‍ട്ടും ആക്രമിച്ചു. ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം വാര്‍ണറെ പുറത്താക്കി ജോഷ് ഹെയ്‌സല്‍വുഡ് കൂട്ടുകെട്ട് പൊളിച്ചു. 14 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമാണ് വാര്‍ണര്‍ നേടിയത്. ഡല്‍ഹി നായകന്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡ് 5.1 ഓവറില്‍ 60 ആയിരുന്നു.
പിന്നാലെയെത്തിയ മിച്ചല്‍ മാര്‍ഷും വെടിക്കെട്ട് കാഴ്ചവെച്ചു. 17 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 26 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിനെ ഹര്‍ഷല്‍ പട്ടേല്‍ ലോംറോറിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ ഒരുവശത്ത് ഫില്‍ സാള്‍ട്ട് കത്തിക്കയറി. റില്ലി റൂസോയും പിന്തുണ നല്‍കിയതോടെ ഡല്‍ഹി അതിവേഗം വിജയത്തിലേക്കടുത്തു.
45 പന്തില്‍ എട്ട് ഫോറും 6 സിക്‌സും ഉള്‍പ്പെടെ 87 റണ്‍സ് നേടിയ സാള്‍ട്ടിനെ കരണ്‍ ശര്‍മ ക്ലീന്‍ബൗള്‍ഡ് ചെയ്യുമ്പോള്‍ വിജയത്തിന് തൊട്ടടുത്തേക്ക് ആര്‍സിബി എത്തിയിരുന്നു. റില്ലി റൂസോയും (22 പന്തില്‍ 35*) അക്ഷര്‍ പട്ടേലും (3 പന്തില്‍ 8*) കൂടുതല്‍ അപകടം ഇല്ലാതെ ഡല്‍ഹിക്ക് ഗംഭീര ജയമൊരുക്കുകയായിരുന്നു. ജയത്തോടെ ഡല്‍ഹി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബിക്കായി മികച്ച തുടക്കമാണ് ഫഫ് ഡുപ്ലെസിസും വിരാട് കോലിയും ചേര്‍ന്ന് നല്‍കിയത്. ഈ സീസണിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നായ ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 51 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. മോശമല്ലാത്ത സ്‌ട്രൈക്കറേറ്റില്‍ സ്‌കോര്‍ബോര്‍ഡുയര്‍ത്തി ഒന്നാം വിക്കറ്റില്‍ 82 റണ്‍സാണ് സൃഷ്ടിച്ചത്.
32 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 45 റണ്‍സ് നേടിയ ഡുപ്ലെസിസിനെ മടക്കി മിച്ചല്‍ മാര്‍ഷാണ് ആര്‍സിബിക്ക് ആദ്യ പ്രഹരം നല്‍കിയത്. സീസണിലെ റണ്‍വേട്ടക്കാരനിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചാണ് ഡുപ്ലെസിസിന്റെ മടക്കം. മൂന്നാമനായെത്തിയ ഗ്ലെന്‍ മാക്‌സ് വെല്ലിനെ ഗോള്‍ഡന്‍ ഡെക്കാക്കി മാര്‍ഷ് ഞെട്ടിച്ചു. വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കിയാണ് മാക്‌സ് വെല്‍ പുറത്തായത്. ഡല്‍ഹിക്കെതിരേ ഇത് നാലാം തവണയാണ് മാക്‌സ് വെല്‍ ഡെക്കാവുന്നത്.

ഒരുവശത്ത് പിടിച്ചുനിന്ന് കളിച്ച വിരാട് കോലി സീസണിലെ അഞ്ചാം ഫിഫ്റ്റി നേടി. 46 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 55 റണ്‍സാണ് കോലി നേടിയത്. 119.56 സ്‌ട്രൈക്കറേറ്റില്‍ കളിച്ച കോലിയെ മുകേഷ് കുമാറിന്റെ പന്തില്‍ ഖലീല്‍ അഹമ്മദ് തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. കോലി പുറത്താവുമ്പോള്‍ 16 ഓവറില്‍ 3ന് 137 എന്ന നിലയിലായിരുന്നു ആര്‍സിബി.
മഹിപാല്‍ ലോംറോര്‍ അതിവേഗം റണ്‍സുയര്‍ത്തി. ദിനേഷ് കാര്‍ത്തിക് (9 പന്തില്‍ 11) അവസാന ഓവറിലെ ആദ്യ പന്തില്‍ പുറത്തായി. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ഡേവിഡ് വാര്‍ണറുടെ ക്യാച്ചിലാണ് കാര്‍ത്തികിന്റെ മടക്കം. ലോംറോര്‍ ഐപിഎല്ലിലെ ആദ്യത്തെ ഫിഫ്റ്റി നേടിയെടുത്തു. 29 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് ലാംറോര്‍ 54 റണ്‍സുമായി പുറത്താവാതെ നിന്നത്. 186 സ്‌ട്രൈക്കറേറ്റിലായിരുന്നു ലോംറോറിന്റെ ബാറ്റിങ് വെടിക്കെട്ട്.
അനൂജ് റാവത്ത് 3 പന്തില്‍ 8 റണ്‍സും നേടി പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറില്‍ നാല് വിക്കറ്റിന് 181 എന്ന മികച്ച സ്‌കോറിലേക്കെത്താനും ആര്‍സിബിക്കായി. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദും മുകേഷ് കുമാറും ഓരോ വിക്കറ്റ് പങ്കിട്ടപ്പോള്‍ മിച്ചല്‍ മാര്‍ഷ് 2 വിക്കറ്റും നേടി.
പ്ലേയിങ് 11- ആര്‍സിബി- വിരാട് കോലി, ഫഫ് ഡുപ്ലെസിസ് (c), അനൂജ് റാവത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, വനിന്‍ഡു ഹസരങ്ക, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ജോഷ് ഹെയ്‌സല്‍വുഡ്
ഡല്‍ഹി ക്യാപിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍ (c), ഫില്‍ സാള്‍ട്ട്, മിച്ചല്‍ മാര്‍ഷ്, റില്ലി റൂസോ, അമാന്‍ ഹക്കിം ഖാന്‍, മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്