ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ശിഖര്‍ ധവാന്‍ തകര്‍പ്പന്‍ ഫോമില്‍ തുടരുകയാണ്. മികച്ച സ്‌ട്രൈക്കറേറ്റില്ലെന്ന കാരണത്താല്‍ ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞ ധവാന്‍ ഐപിഎല്ലില്‍ ബാറ്റിങ് വിരുന്നൊരുക്കിയാണ് പകരം വീട്ടുന്നത്. ആദ്യത്തെ മൂന്ന് മത്സരത്തില്‍ നിന്ന് 225 ശരാശരിയില്‍ 225 റണ്‍സാണ് ധവാന്‍ നേടിയത്. ഇതില്‍ രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. 149 എന്ന ഗംഭീര സ്‌ട്രൈക്കറേറ്റും ധവാനുണ്ട്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ പഞ്ചാബ് കിങ്‌സ് തോറ്റെങ്കിലും ധവാന്റെ ഒറ്റയാള്‍ പോരാട്ടം എല്ലാവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ്. 66 പന്ത് നേരിട്ട് 99 റണ്‍സുമായി ധവാന്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു. പഞ്ചാബ് നിരയിലെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം നിറം മങ്ങിയ മത്സരത്തിലാണ് ധവാന്റെ ഗംഭീര പ്രകടനം. 12 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് ധവാന്റെ അപരാജിത ഇന്നിങ്‌സ്.

ധവാന്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നതോടെ താരത്തെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കണമെന്ന് അഭിപ്രായപ്പെടുകയാണ് ആരാധകര്‍. 86*, 40 എന്നിങ്ങനെയാണ് ആദ്യ രണ്ട് മത്സരങ്ങളിലെ ധവാന്റെ സ്‌കോര്‍. നിലവില്‍ ഓറഞ്ച് ക്യാപ്പില്‍ തലപ്പത്ത് നില്‍ക്കുന്ന ധവാന്‍ എന്തുകൊണ്ടും ഇന്ത്യക്കായി ലോകകപ്പ് കളിക്കാന്‍ യോഗ്യനാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 37ാം വയസിലും ധവാന്റെ മനസിലെ തീ അണഞ്ഞിട്ടില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
രോഹിത് ശര്‍മ നായകനെന്ന നിലയില്‍ ടീമില്‍ കടിച്ചുതൂങ്ങിക്കിടക്കുകയാണ്. അടുത്തിടെയൊന്നും മികച്ച പ്രകടനം രോഹിത്തിന് കാഴ്ചവെക്കാനായിട്ടില്ല. രോഹിത്തിനെക്കാള്‍ മികച്ച ഫോമിലാണ് ധവാനുള്ളതെന്നും ലോകകപ്പില്‍ ഇന്ത്യ ഓപ്പണറാക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ടീം തകര്‍ന്നടിയുന്ന സമയത്തും ഒറ്റക്ക് പൊരുതി ടീമിനെ ഭേദപ്പെട്ട നിലയിലേക്കെത്തിക്കാന്‍ ധവാന് സാധിക്കുന്നു.

ധവാന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് ഈ 99 റണ്‍സ് പ്രകടനമെന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്. ടീമിലെ മറ്റ് താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോഴും ഒറ്റക്ക് പൊരുതി 99 റണ്‍സ് നേടിയെന്നതാണ് ധവാന്റെ ഇന്നിങ്‌സിനെ സവിശേഷമാക്കുന്നത്. ബാക്കപ്പ് ഓപ്പണറായെങ്കിലും ധവാനെ ലോകകപ്പ് കളിപ്പിക്കണമെന്നും അദ്ദേഹം അത് വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ശിഖര്‍ ധവാനില്‍ ഇനിയുമേറെ ക്രിക്കറ്റ് ബാക്കിയുണ്ട്. ഇന്ത്യക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ധവാന് സാധിക്കും. പ്രായം പരിഗണിച്ച് ധവാനെ തഴഞ്ഞ ഇന്ത്യന്‍ സെലക്ടര്‍മാരെ ഓര്‍ത്ത് നിരാശ തോന്നുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. നിലവിലെ ഫോമില്‍ കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരെക്കാള്‍ മികച്ചവന്‍ ധവാനാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
ശിഖാറിന്റെ വേട്ട ഇനിയും കാണാനാവുമെന്നും എഴുതിത്തള്ളിയവര്‍ക്ക് മുന്നിലൂടെ ഗംഭീര തിരിച്ചുവരവ് നടത്താനാവട്ടെയെന്നും ആരാധകര്‍ ആശംസിക്കുന്നു. തന്റെ മുന്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ സര്‍വാധിപത്യം പുലര്‍ത്തുന്ന ബാറ്റിങ്ങാണ് ധവാന്‍ നടത്തിയത്. ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും ഐസിസി ടൂര്‍ണമെന്റിലുമെല്ലാം അര്‍ഹിച്ച പ്രശംസ ലഭിക്കാതെ പോയ പ്രതിഭയാണ് ധവാനെന്നാണ് ആരാധക പക്ഷം.

ലോകകപ്പില്‍ കളിക്കണമെന്ന ആഗ്രഹം ധവാന് മുന്നിലുണ്ട്. ഇത് കൃത്യമായി മനസിലാക്കിയാണ് അദ്ദേഹം ബാറ്റുവീശുന്നത്. മത്സരശേഷം ഹര്‍ഷ ബോഗ്ലെയോട് സംസാരിക്കവെ ഇപ്പോള്‍ തന്റെ സ്‌ട്രൈക്കറേറ്റ് മെച്ചപ്പെട്ടോയെന്ന് ധവാന്‍ ചോദിച്ചിരുന്നു. ധവാനെ പുറത്താക്കാന്‍ കാരണമായി ടീം മാനേജ്‌മെന്റ് സ്‌ട്രൈക്കറേറ്റാണ് പറഞ്ഞത്. ഇവര്‍ക്ക് മുന്നിലാണ് ധവാന്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി ശ്രദ്ധ നേടുന്നത്.
ശേഷിക്കുന്ന മത്സരങ്ങളിലും ധവാന് ഇതേ മികവ് കാട്ടാനാവുമോയെന്നാണ് കണ്ടറിയേണ്ടത്. ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കുന്ന ധവാന് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലും കസറിയാല്‍ ദേശീയ ടീമിലേക്ക് തിരിച്ചുവരവ് സാധ്യമാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.