മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 18ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടിയപ്പോള്‍ ഒരു പന്തും നാല് വിക്കറ്റും ബാക്കിനിര്‍ത്തി ഗുജറാത്ത് വിജയം നേടി. ശുബ്മാന്‍ ഗില്‍ (67) ഗുജറാത്തിനായി അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന്റെ തുടക്കം അത്ര മികച്ചതായില്ല. രണ്ടാം പന്തില്‍ത്തന്നെ ഓപ്പണര്‍ പ്രഭ്‌സിംറാന്‍ (0) പുറത്തായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. പഞ്ചാബ് നായകനും വിശ്വസ്തനായ ബാറ്റ്‌സ്മാനുമായ ശിഖര്‍ ധവാന് ഫോം തുടരാനായില്ല. എട്ട് പന്തില്‍ രണ്ട് ബൗണ്ടറിയടക്കം എട്ട് റണ്‍സെടുത്ത ധവാനെ ജോഷ്വ ലിറ്റില്‍ അല്‍സാരി ജോസഫിന്റെ കൈയിലെത്തിക്കുകയായിരുന്നു.

മാത്യു ഷോര്‍ട്ട് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നാമനായി ഇറങ്ങി 24 പന്തില്‍ 36 റണ്‍സെടുത്ത ഷോര്‍ട്ടിനെ റാഷിദ് ഖാന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ആറ് ഫോറും ഒരു സിക്‌സുമാണ് ഷോര്‍ട്ട് പറത്തിയത്. പരിക്കിന് ശേഷം പ്ലേയിങ് 11ലേക്കെത്തിയ ഭനുക രാജപക്‌സെക്ക് അതിവേഗം സ്‌കോര്‍ ഉയര്‍ത്താനായില്ല. ജിതേഷ് ശര്‍മയും സ്‌ട്രൈക്കറേറ്റില്‍ നിരാശപ്പെടുത്തി. 23 പന്തില്‍ അഞ്ച് ബൗണ്ടിയടക്കം 25 റണ്‍സാണ് ജിതേഷിന് നേടാനായത്.
26 പന്ത് നേരിട്ട് 20 റണ്‍സാണ് രാജപക്‌സെ നേടിയത്. ഒരു ബൗണ്ടറിയാണ് അദ്ദേഹത്തിന് ആകെ നേടാനായത്. സാം കറെനും (22 പന്തില്‍ 22) വലിയൊരു ഇംപാക്ട് സൃഷ്ടിച്ചില്ല. ഓരോ ഫോറും സിക്‌സുമാണ് അദ്ദേഹത്തിന് നേടാനായത്. ഷാരൂഖ് ഖാന്‍ (9 പന്തില്‍ 22) നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് പഞ്ചാബ് സ്‌കോര്‍ബോര്‍ഡിനെ 150 കടത്തിയത്. ഹര്‍പ്രീത് ബ്രാര്‍ (5 പന്തില്‍ 8) റിഷി ധവാന്‍ (1) പുറത്താവാതെ നിന്നു.
ഗുജറാത്തിനായി മോഹിത് ശര്‍മ രണ്ട് വിക്കറ്റും മുഹമ്മദ് ഷമി, ജോഷ് ലിറ്റില്‍, അല്‍സാരി ജോസഫ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. കെകെആറിനെതിരേ കളി തോല്‍പ്പിച്ച യാഷ് ദയാലിനെ പുറത്തിരുത്തിയാണ് ഗുജറാത്തിറങ്ങിയത്. 2020ന് ശേഷം മോഹിത് ശര്‍മ വീണ്ടും ഐപിഎല്‍ കളിച്ചുവെന്ന സവിശേഷതയുമുണ്ട്. അവസാന സീസണില്‍ ഗുജറാത്തിന്റെ നെറ്റ് ബൗളറായിരുന്നു മോഹിത്.

മറുപടിക്കിറങ്ങിയ ഗുജറാത്തിന് മികച്ച തുടക്കം ലഭിച്ചു. വൃദ്ധിമാന്‍ സാഹ (19 പന്തില്‍ 30) വെടിക്കെട്ട് തുടക്കം നല്‍കി മടങ്ങി. കഗിസോ റബാഡക്കായിരുന്നു വിക്കറ്റ്. ഒന്നാം വിക്കറ്റില്‍ ശുബ്മാന്‍ ഗില്ലുമായി ചേര്‍ന്ന് 48 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ സായ് സുദര്‍ശന്‍ നിലയുറപ്പിച്ച് ഗില്ലിന് പിന്തുണയേകി.
20 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 19 റണ്‍സുമായാണ് സുദര്‍ശന്റെ മടക്കം. നായകന്‍ ഹര്‍ദിക് പാണ്ഡ്യയും (11 പന്തില്‍ 8) വലിയ സ്‌കോര്‍ നേടാതെ പുറത്തായി. ഫിഫ്റ്റി നേടിയ ഗില്ലിനെ അവസാന ഓവറിലെ രണ്ടാം പന്തില്‍ സാം കറെന്‍ മടക്കി. 49 പന്തില്‍ 7 ഫോറും 1 സിക്‌സുമടക്കം 67 റണ്‍സാണ് ഗില്‍ നേടിയത്. രണ്ട് പന്തില്‍ ഗുജറാത്തിന് ജയിക്കാന്‍ നാല് റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറി നേടി രാഹുല്‍ തെവാത്തിയ ഗുജറാത്തിന് ജയമൊരുക്കി.

ഡേവിഡ് മില്ലര്‍ (18 പന്തില്‍ 17), രാഹുല്‍ തെവാത്തിയ (2 പന്തില്‍ 5) പുറത്താവാതെ നിന്നു. ഒരിക്കല്‍ക്കൂടി തന്റെ ഫിനിഷിങ് മികവിലൂടെ കൈയടി നേടുകയാണ് തെവാത്തിയ. പഞ്ചാബിനായി അര്‍ഷദീപ് സിങ്, കഗിസോ റബാഡ, ഹര്‍പ്രീത് ബ്രാര്‍, സാം കറെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
പ്ലേയിങ് 11-ഗുജറാത്ത് ടൈറ്റന്‍സ്- വൃദ്ധിമാന്‍ സാഹ, ശുബ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹര്‍ദിക് പാണ്ഡ്യ (c), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വാ ലിറ്റില്‍
പഞ്ചാബ് കിങ്‌സ്-പ്രഭ്‌സിംറാന്‍ സിങ്, ശിഖര്‍ ധവാന്‍ (c), മാത്യു ഷോര്‍ട്ട്, ബനുക രാജപക്‌സ, ജിതേഷ് ശര്‍മ, സാം കറെന്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാഡ, റിഷി ധവാന്‍, അര്‍ഷദീപ് സിങ്