ലഖ്‌നൗ: അനായാസം ജയിക്കേണ്ട കളി പടിക്കല്‍ കലമുടച്ച് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ 10 ഓവര്‍ പിന്നീടുമ്പോള്‍ വിജയം ഉറപ്പിച്ചിരുന്നെങ്കിലും പിന്നീടുള്ള 10 ഓവറില്‍ അവിശ്വസനീയ തിരിച്ചുവരവിലൂടെ ഗുജറാത്ത് വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറില്‍ ലഖ്‌നൗവിന് ജയിക്കാന്‍ 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
അവസാന ഓവര്‍ എറിയാനെത്തിയ മോഹിത് ശര്‍മ രണ്ടാം പന്തില്‍ കെ എല്‍ രാഹുലിനെ പുറത്താക്കി. 61 പന്തില്‍ 8 ബൗണ്ടറിയടക്കം 68 റണ്‍സ് നേടിയ രാഹുല്‍ മടങ്ങിയതോടെ ഗുജറാത്ത് പിടിമുറുക്കി. തൊട്ടടുത്ത പന്തില്‍ മാര്‍ക്കസ് സ്റ്റോയിണിസും (0) മടങ്ങിയതോടെ ലഖ്‌നൗവിന് ജയിക്കാന്‍ 3 പന്തില്‍ 10 റണ്‍സ്. നാലാം പന്തില്‍ ആയുഷ് ബദോനിയും (6 പന്തില്‍ 8) റണ്ണൗട്ടായതോടെ ഗുജറാത്ത് ജയമുറപ്പിച്ചു. അഞ്ചാം പന്തില്‍ ദീപക് ഹൂഡയും (2 പന്തില്‍ 2) റണ്ണൗട്ട്.

അവസാന പന്തില്‍ മഹാത്ഭുതം സംഭവിക്കാതിരുന്നതോടെ ലഖ്്‌നൗവിനെതിരേ ഏഴ് റണ്‍സിന്റെ ആവേശ ജയം ഗുജറാത്തിന് സ്വന്തം. അവസാന ഓവര്‍ എറിഞ്ഞ് കളി പിടിച്ച മോഹിത് ശര്‍മയുടെ പ്രകടനം നിര്‍ണ്ണായകമായി. ഗുജറാത്തിനായി മോഹിത് ശര്‍മയും നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് പങ്കിട്ടപ്പോള്‍ റാഷിദ് ഖാന്‍ ഒരു വിക്കറ്റും നേടി.
ഗുജറാത്ത് മുന്നോട്ടുവെച്ച 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന്റെ ആദ്യ ഓവര്‍ നിരാശപ്പെടുത്തുന്നതായിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവര്‍ കെ എല്‍ രാഹുല്‍ മെയ്ഡനാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രാഹുല്‍ ആദ്യ ഓവര്‍ മെയ്ഡനാക്കിയത്. എന്നാല്‍ പിന്നീടങ്ങോട്ട് രാഹുലും കെയ്ല്‍ മെയേഴ്‌സും ചേര്‍ന്ന് റണ്‍സുയര്‍ത്തി.
പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 53 റണ്‍സ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. കൂട്ടുകെട്ട് 55ല്‍ നില്‍ക്കെ മെയേഴ്‌സിനെ റാഷിദ് ഖാന്‍ പുറത്താക്കി. 19 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 24 റണ്‍സാണ് മെയേഴ്‌സ് നേടിയത്. ആദ്യ ഓവര്‍ മെയ്ഡനാക്കിയെങ്കിലും പിന്നീട് താളം കണ്ടെത്തിയ രാഹുല്‍ ടി20യില്‍ 7000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു. ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യക്കാരനാണ് രാഹുല്‍.
മൂന്നാമതായെത്തിയ ക്രുണാല്‍ പാണ്ഡ്യയും മികവ് കാട്ടിയതോടെ അനായാസം ലഖ്‌നൗ വിജയത്തോടടുത്തു. നൂര്‍ അഹമ്മദിന്റെ പന്തില്‍ ക്രുണാല്‍ പാണ്ഡ്യയെ സാഹ സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോള്‍ ലഖ്‌നൗ സ്‌കോര്‍ബോര്‍ഡില്‍ 106 റണ്‍സുണ്ടായിരുന്നു. 23 പന്തില്‍ രണ്ട് ഫോറും 1 സിക്‌സും ഉള്‍പ്പെടെ 23 റണ്‍സാണ് ക്രുണാല്‍ നേടിയത്.
എന്നാല്‍ ഡെത്ത് ഓവറുകളില്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച് ഗുജറാത്ത് പിടിമുറുക്കിയതോടെ ലഖ്‌നൗ ബാറ്റിങ് നിര വിയര്‍ത്തു. നിക്കോളാസ് പൂരന്‍ (7 പന്തില്‍ 1) നൂര്‍ അഹമ്മദിന് മുന്നില്‍ കീഴടങ്ങി. അവസാന ഓവറില്‍ ജയിക്കാന്‍ ലഖ്‌നൗവിന് 12 റണ്‍സ് വേണമായിരുന്നു. എന്നാല്‍ അവസാന ഓവറില്‍ തകര്‍പ്പന്‍ ബൗളിങ്ങിലൂടെ മോഹിത് ഗുജറാത്തിന് അവിശ്വസനീയ ജയം സമ്മാനിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഗുജറാത്ത് ടൈറ്റന്‍സിനെ തുടക്കം മുതല്‍ പ്രതിരോധത്തിലാക്കാന്‍ ലഖ്‌നൗ ബൗളര്‍മാര്‍ക്കായി. ഗുജറാത്തിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ശുബ്മാന്‍ ഗില്ലിനെ അക്കൗണ്ട് തുറക്കും മുമ്പെ ക്രുണാല്‍ പാണ്ഡ്യ പുറത്താക്കി. രണ്ട് പന്ത് മാത്രം നേരിട്ട ശുബ്മാനെ സ്പിന്‍ കെണിയൊരുക്കി വീഴ്ത്തിയതിന് പിന്നില്‍ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ കൈയടി അര്‍ഹിക്കുന്നു.
തുടക്കത്തിലേ പതറിയ ഗുജറാത്തിനായി മൂന്നാമനായി നായകന്‍ ഹര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി. പവര്‍പ്ലേയില്‍ പ്രതീക്ഷക്കൊത്തുയരാതിരുന്ന ഗുജറാത്തിന് 40 റണ്‍സാണ് നേടാനായത്. മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന വൃദ്ധിമാന്‍ സാഹയെ ക്രുണാല്‍ പാണ്ഡ്യ മടക്കി. 37 പന്തില്‍ ആറ് ബൗണ്ടറി ഉള്‍പ്പെടെ 47 റണ്‍സാണ് സാഹ നേടിയത്. വലിയ ഷോട്ടിന് ശ്രമിച്ച സാഹയെ ദീപക് ഹൂഡ കൈയിലൊതുക്കുകയായിരുന്നു.

നാലാം നമ്പറില്‍ ക്രീസിലെത്തിയ അഭിനവ് മനോഹറിന് (5 പന്തില്‍ 3) കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. അമിത് മിശ്രയെ സിക്‌സറിന് ശ്രമിച്ച അഭിനവ് നവീന്‍ ഉല്‍ ഹഖിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് മടങ്ങിയത്. ലഖ്‌നൗവിലെ വലിയ പിച്ചില്‍ അതിവേഗം റണ്‍സുയര്‍ത്താനാവാതെ ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ത്തു. വിജയ് ശങ്കര്‍ (12 പന്തില്‍ 10) നവീന്‍ ഉല്‍ ഹഖിന് മുന്നില്‍ ക്ലീന്‍ബൗള്‍ഡായി മടങ്ങി.
ഒരുവശത്ത് പിടിച്ചുനിന്ന ഹര്‍ദിക് പാണ്ഡ്യ അര്‍ധ സെഞ്ച്വറിയോടെ ഗുജറാത്ത് ഇന്നിങ്‌സിന് അടിത്തറ പാകി. 50 പന്ത് നേരിട്ട് രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 66 റണ്‍സ് നേടിയാണ് ഹര്‍ദിക് മടങ്ങിയത്. അവസാന ഓവറില്‍ മാര്‍ക്കസ് സ്‌റ്റോയിണിസിനെ തുടര്‍ച്ചയായി രണ്ടാം സിക്‌സിന് ശ്രമിച്ചാണ് ഹര്‍ദിക്കിന്റെ മടക്കം. വമ്പനടിക്കാരനായ ഡേവിഡ് മില്ലര്‍ (12 പന്തില്‍ 6) നിരാശപ്പെടുത്തി.
സ്ലോ ബോളുകളിലൂടെ മില്ലറെ ലഖ്‌നൗ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. രാഹുല്‍ തെവാത്തിയ (2 പന്തില്‍ 2) പുറത്താവാതെ നിന്നു. ആറ് വിക്കറ്റിന് 135 എന്ന മോശം ടോട്ടലിലേക്ക് ഗുജറാത്തിനെ ഒതുക്കാന്‍ ലഖ്‌നൗവിന് സാധിച്ചു. ലഖ്‌നൗവിനായി സ്റ്റോയിണിസും ക്രുണാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ നവീന്‍ ഉല്‍ ഹഖ്, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
പ്ലേയിങ് 11- ഗുജറാത്ത് ടൈറ്റന്‍സ്- വൃദ്ധിമാന്‍ സാഹ, ശുബ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- കെ എല്‍ രാഹുല്‍ (c), കെയ്ല്‍ മെയേഴ്‌സ്, മാര്‍ക്കസ് സ്റ്റോയിണിസ്, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, അമിത് മിശ്ര, നവീന്‍ ഉല്‍ ഹഖ്