Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: തല്ലിക്കൂട്ടി ഗില്‍, മിന്നിച്ച് മോഹിത്! മുംബൈയെ തകര്‍ത്ത് ഗുജറാത്ത് ഫൈനലില്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ 62 റണ്‍സിന് തകര്‍ത്താണ് ഹര്‍ദിക്കും സംഘവും തുടര്‍ച്ചയായ രണ്ടാം ഫൈനലിന് സീറ്റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 3 വിക്കറ്റിന് 233 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 18.2 ഓവറില്‍ 171 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ശുബ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയും (129), മോഹിത് ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് മുംബൈയെ തകര്‍ത്തത്. രണ്ടാമത് ബാറ്റ് ചെയ്ത് വിജയം നേടാമെന്ന രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും കണക്കുകൂട്ടലുകള്‍ ഗില്ലിന്റെ മിന്നും ബാറ്റിങ്ങിന് മുന്നിലാണ് തകര്‍ന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ മികച്ച ക്യാപ്റ്റന്‍സിയും ഗുജറാത്തിന്റെ ജയത്തില്‍ നിര്‍ണ്ണായകമായി.

rashid khan

234 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം പിഴച്ചു. ആദ്യ ഓവറില്‍ത്തന്നെ നിഹാല്‍ വദേര (3 പന്തില്‍ 4) മടങ്ങി. മുഹമ്മദ് ഷമിയുടെ പന്തില്‍ കീപ്പര്‍ സാഹയുടെ ക്യാച്ചിലാണ് നിഹാല്‍ പുറത്തായത്. പരിക്കേറ്റ ഇഷാന്‍ കിഷന് പകരം ഓപ്പണറായെത്തിയ നിഹാലിന് അവസരം മുതലാക്കാനായില്ല. പിന്നാലെയെത്തിയ കാമറൂണ്‍ ഗ്രീനിനെയും പരിക്ക് വേട്ടയാടി.

ഹര്‍ദിക് പാണ്ഡ്യയുടെ പന്ത് കൈയിലടിച്ച് ഗ്രീന്‍ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങി. നായകന്‍ രോഹിത് ശര്‍മ (7 പന്തില്‍ 8) ഷമിക്ക് മുന്നില്‍ കീഴടങ്ങി. വലിയ സ്‌കോറിന് ശ്രമിച്ച രോഹിത്തിന് ടൈമിങ് പിഴച്ചപ്പോള്‍ ജോഷ് ലിറ്റില്‍ പന്ത് കൈയിലൊതുക്കി. തിലക് വര്‍മ ഒരുവശത്ത് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. മുഹമ്മദ് ഷമിയുടെ ഒരോവറില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം പറത്തി തിലക് കത്തിക്കയറി.

14 പന്തില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 43 റണ്‍സ് നേടിയ തിലകിന്റെ മടക്കം മുംബൈക്ക് തിരിച്ചടിയായി. റാഷിദ് ഖാനെ സ്വീപ് ഷോട്ടിന് ശ്രമിച്ച തിലക് ക്ലീന്‍ബൗള്‍ഡായാണ് മടങ്ങിയത്. പിന്നാലെ ഒത്തുകൂടിയ സൂര്യകുമാര്‍ യാദവും കാമറൂണ്‍ ഗ്രീനും പ്രതീക്ഷ നല്‍കി. 20 പന്തില്‍ 2 വീതം സിക്‌സും ഫോറുമടക്കം 30 റണ്‍സ് നേടിയ ഗ്രീനിനെ പുറത്താക്കി ജോഷ് ലിറ്റില്‍ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

ക്ലീന്‍ബൗള്‍ഡായാണ് ഗ്രീനിന്റെ മടക്കം. ഒരുവശത്ത് സൂര്യകുമാര്‍ യാദവ് പോരാട്ടം തുടര്‍ന്നു. 38 പന്തില്‍ 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 61 റണ്‍സ് നേടിയ സൂര്യകുമാറിനെ മോഹിത് ശര്‍മ ക്ലീന്‍ബൗള്‍ഡ് ചെയ്യുമ്പോള്‍ മുംബൈ 5ന് 155 എന്ന നിലയിലായിരുന്നു. ഇതേ ഓവറില്‍ വിഷ്ണു വിനോദിനെയും (7 പന്തില്‍ 5) മോഹിത് ശര്‍മ മടക്കി. ഇതോടെ മുംബൈ തോല്‍വി ഉറപ്പിച്ചു.

വെടിക്കെട്ട് താരം ടിം ഡേവിഡിനെ (3 പന്തില്‍ 2) റാഷിദ് ഖാന്‍ എല്‍ബിയിലും കുടുക്കി.ക്രിസ് ജോര്‍ദാന്‍ (2), പീയൂഷ് ചൗള (0) എന്നിവരെ 17ാം ഓവറില്‍ മോഹിത് പുറത്താക്കി. കുമാര്‍ കാര്‍ത്തികേയയേയും (6) പുറത്താക്കി മോഹിത് അഞ്ച് വിക്കറ്റും പൂര്‍ത്തിയാക്കി. 2.2 ഓവറില്‍ 10 റണ്‍സ് വഴങ്ങിയാണ് മോഹിത്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. റാഷിദും ഷമിയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ലിറ്റില്‍ ഒരു വിക്കറ്റും വീഴ്ത്തി.

shubman gill

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ഗുജറാത്തിന് തകര്‍പ്പന്‍ തുടക്കമാണ് ശുബ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇരുവര്‍ക്കുമായി. ശുബ്മാന്‍ ഗില്ലിലെ ക്രിസ് ജോര്‍ദാന്റെ പന്തില്‍ ടിം ഡേവിഡ് കൈവിട്ടുകളഞ്ഞത് മുംബൈക്ക് വലിയ തിരിച്ചടിയായി. പവര്‍പ്ലേക്ക് പിന്നാലെ പീയൂഷ് ചൗളക്ക് പന്ത് നല്‍കിയ രോഹിത് ശര്‍മക്ക് തെറ്റിയില്ല. ഓവറിലെ രണ്ടാം പന്തില്‍ സാഹ (16 പന്തില്‍ 18) പുറത്തായി.

വൈഡ് പന്തെറിഞ്ഞ ചൗളയെ ക്രീസില്‍ നിന്ന് കയറിക്കളിച്ച സാഹക്ക് തെറ്റി. ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ സാഹയെ മടക്കി. മൂന്ന് ബൗണ്ടറിയാണ് സാഹ നേടിയത്. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനെ കൂട്ടുപിടിച്ച് സാഹ റണ്‍സുയര്‍ത്തി. 32 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ഗില്‍ പിന്നീടങ്ങോട്ട് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റി. മുംബൈയുടെ വജ്രായുധമായ ആകാശ് മധ് വാളിനെ മൂന്ന് സിക്‌സറടക്കം പറത്തിയ ഗില്‍ അതിവേഗം റണ്‍സുയര്‍ത്തി.

കുമാര്‍ കാര്‍ത്തികേയുടെ പന്തില്‍ തിലക് വര്‍മയും ഗില്ലിനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. ഭാഗ്യം തുണച്ചതോടെ ഗില്‍ വെടിക്കെട്ട് തുടര്‍ന്നു. സായ് സുദര്‍ശനും പിന്തുണ നല്‍കിയതോടെ 10ന് മുകളില്‍ റണ്‍റേറ്റിലാണ് ഗുജറാത്ത് സ്‌കോര്‍ബോര്‍ഡ് ഉയര്‍ന്നത്. ഗില്‍ അടിച്ചുതകര്‍ത്തതോടെ മുംബൈ ബൗളര്‍മാര്‍ നോക്കുകുത്തിയായി. 49 പന്തില്‍ സീസണിലെ മൂന്നാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗില്‍ സീസണില്‍ ഓറഞ്ച് ക്യാപ് പട്ടം ഉറപ്പിക്കുകയും ചെയ്തു.

60 പന്തില്‍ 7 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 129 റണ്‍സുമായി ഗില്‍ പുറത്താവുമ്പോള്‍ 16.5 ഓവറില്‍ 192 എന്ന മികച്ച നിലയിലേക്ക് ഗുജറാത്ത് എത്തിയിരുന്നു. 215 സ്‌ട്രൈക്കറേറ്റിലായിരുന്നു ഗില്ലിന്റെ പ്രകടനം. ആകാശ് മധ് വാളിന്റെ പന്തില്‍ ടിം ഡേവിഡിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. ഐപിഎല്‍ പ്ലേ ഓഫില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗില്‍ സ്വന്തം പേരിലാക്കി.

സായ് സുദര്‍ശന്‍ (31 പന്തില്‍ 43) റിട്ടേര്‍ഡ് ഔട്ടായി. 5 ഫോറും 1 സിക്‌സുമാണ് താരം നേടിയത്. ഹര്‍ദിക് പാണ്ഡ്യ (13 പന്തില്‍ 28) ഡെത്തോവറില്‍ ആഞ്ഞടിച്ചു. 2 ഫോറും സിക്‌സും പറത്തിയ താരം ഓവറിലെ അവസാന പന്ത് സിക്‌സര്‍ പറത്തി 3 വിക്കറ്റിന് 233 എന്ന വമ്പന്‍ സ്‌കോറിലേക്ക് ഗുജറാത്തിനെയെത്തിച്ചു. റാഷിദ് ഖാന്‍ (2 പന്തില്‍ 5) പുറത്താവാതെ നിന്നു.

മുംബൈക്കായി ആകാശ് മധ് വാളും പീയൂഷ് ചൗളയും ഓരോ വിക്കറ്റ് പങ്കിട്ടു. ആകാശ് 52 റണ്‍സ് വഴങ്ങിയപ്പോള്‍ ജോര്‍ദാന്‍ 56 റണ്‍സാണ് വിട്ടുകൊടുത്തത്.

പ്ലേയിങ് 11- ഗുജറാത്ത് ടൈറ്റന്‍സ്- വൃദ്ധിമാന്‍ സാഹ, ശുബ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ (c), സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, വിജയ് ശങ്കര്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (c), ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ്, ക്രിസ് ജോര്‍ദാന്‍, കുമാര്‍ കാര്‍ത്തികേയ, പീയൂഷ് ചൗള, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, ആകാശ് മധ്‌വാള്‍

Story first published: Friday, May 26, 2023, 11:50 [IST]
Other articles published on May 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+