മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. റണ്‍മല കണ്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റിന് 191 റണ്‍സാണ് നേടിയത്. അനായാസ വിജയം സ്വപ്‌നം കണ്ട മുംബൈയെ റാഷിദ് ഖാന്റെ അപ്രതീക്ഷിത പ്രകടനം വിറപ്പിച്ചെങ്കിലും ഭാഗ്യം മുംബൈയെ തുണക്കുകയായിരുന്നു.
55 റണ്‍സിന് ഗുജറാത്തിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്താന്‍ മുംബൈക്ക് സാധിച്ചെങ്കിലും 191 റണ്‍സെന്ന ടോട്ടലിലേക്കെത്താന്‍ ഗുജറാത്തിനായി. നെറ്റ് റണ്‍റേറ്റില്‍ വലിയ മെച്ചമുണ്ടാക്കാന്‍ ലഭിച്ച അവസരമാണ് മുംബൈ നഷ്ടപ്പെടുത്തിയതെന്ന് പറയാം. ജയത്തോടെ പ്ലേ ഓഫ് സീറ്റുറപ്പിക്കാനിറങ്ങിയ ഗുജറാത്തിനെ തോല്‍പ്പിക്കാന്‍ മുംബൈക്ക് സാധിച്ചെങ്കിലും നായകനെന്ന നിലയില്‍ രോഹിത് ശര്‍മ വീണ്ടും നിരാശപ്പെടുത്തിയെന്ന് തന്നെ പറയാം.

പ്ലേ ഓഫ് സാധ്യത മുംബൈ സജീവമാക്കിയെങ്കിലും നിലവിലെ ടീമിന്റെ ജയത്തില്‍ നായകന്റെ മികവിന് കൈയടിക്കുക പ്രയാസം. നായകനെന്ന നിലയില്‍ രോഹിത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നത് തന്നെ. ഗുജറാത്തിനെതിരേ രോഹിത്തിന്റെ ബാറ്റിങ് അല്‍പ്പം ഭേദപ്പെട്ടതായിരുന്നു. 18 പന്തില്‍ 29 റണ്‍സാണ് രോഹിത് നേടിയത്. മൂന്ന് ഫോറും 2 സിക്‌സും രോഹിത് പറത്തി. എന്നാല്‍ ബൗളിങ്ങിനിറങ്ങിയ മുംബൈ നിരയില്‍ രോഹിത്തിന്റെ നായക മികവ് ഒരിക്കല്‍ പോലും കണ്ടില്ലെന്ന് പറയാം.
ജേസന്‍ ബെഹറന്‍ഡോര്‍ഫും ആകാശ് മദ്‌വാളും സ്വാഭാവികമായും പവര്‍പ്ലേയിലേക്ക് ഉപയോഗിക്കപ്പെടുന്ന ബൗളര്‍മാരാണ്. ഇരുവരും വിക്കറ്റ് നേടി ഗുജറാത്തിന്റെ ടോപ് ഓഡറിനെ തകര്‍ത്തു. ഇതിന് പിന്നില്‍ രോഹിത്തിന്റെ നായകമികവിനെ പ്രശംസിക്കാനാവില്ല. രോഹിത് നായകനെന്ന നിലയില്‍ മികവ് കാട്ടേണ്ടിയിരുന്നത് റാഷിദ് ഖാന്‍ വെടിക്കെട്ട് കാഴ്ചവെച്ചപ്പോഴായിരുന്നു. എന്നാല്‍ ആ സമയത്ത് കാഴ്ചക്കാരനായി രോഹിത് ഒതുങ്ങി.
അവസാന ഓവറുകളില്‍ സിക്‌സുകളും ബൗണ്ടറികളും തുടര്‍ച്ചയായി പിറന്നപ്പോള്‍ നിരായുധനായ ക്യാപ്റ്റനായിരുന്നു രോഹിത് ശര്‍മ. ബൗളര്‍ക്ക് ആത്മവിശ്വാസം നല്‍കാനോ ഫീല്‍ഡിങ് വിന്യാസം മെച്ചപ്പെടുത്താനോ രോഹിത് തയ്യാറായില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ എംഎസ് ധോണി, വിരാട് കോലി, ഹര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെ പ്രമുഖ നായകന്മാരെല്ലാം ബൗളര്‍മാര്‍ക്കടുത്തെത്തി നിര്‍ദേശം നല്‍കാന്‍ തയ്യാറാവാറുണ്ട്. എന്നാല്‍ രോഹിത്തില്‍ നിന്ന് ഇതുണ്ടാവുന്നില്ല.

ഗുജറാത്തിനെതിരേ ബൗളര്‍മാര്‍ ഡെത്തോവറില്‍ തല്ലുവാങ്ങുമ്പോള്‍ യാതൊരു തന്ത്രവും കൈവശമില്ലാതെ നിരാശപ്പെട്ടിരിക്കുന്ന നായകനെയാണ് കണ്ടതാണ്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് പറയുമ്പോള്‍ എപ്പോഴും അഞ്ച് കിരീടത്തിന്റെ കണക്കുകളാണ് പറയുന്നത്. അഞ്ച് തവണ മുംബൈ കിരീടം നേടിയത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. എന്നാല്‍ അപ്പോഴെല്ലാം ലോക ക്രിക്കറ്റിലെ അതിശക്തരായ താരനിര മുംബൈക്കുണ്ടായിരുന്നു.
മുന്‍ മുംബൈ ഇന്ത്യന്‍സ് താരവും നിലവിലെ ഗുജറാത്ത് ടൈറ്റന്‍സ് നായകനുമായ ഹര്‍ദിക് പാണ്ഡ്യ മുംബൈയെക്കുറിച്ച് പറഞ്ഞതാണ് വസ്തുത. മുംബൈ എല്ലായപ്പോഴും മികച്ച താരങ്ങളെ സ്വന്തമാക്കി കപ്പിലേക്കെത്താന്‍ ശ്രമിക്കുന്ന ടീമാണ്. ഇത് എല്ലാവര്‍ക്കും സാധ്യമാണ്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെപ്പോലെ മികച്ച അന്തരീക്ഷം സൃഷ്ടിച്ച് കപ്പിലേക്കെത്താന്‍ പ്രയാസമാണെന്നാണ് ഹര്‍ദിക് പറഞ്ഞത്. രോഹിത് കപ്പടിച്ചപ്പോഴും മികച്ച താരങ്ങളുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.
നെറ്റ് റണ്‍റേറ്റ് മൈനസിലുള്ള മുംബൈക്ക് പോസിറ്റീവാക്കാന്‍ സാധിക്കുന്ന അവസരമാണ് രോഹിത് നഷ്ടപ്പെടുത്തിയത്. എട്ട് വിക്കറ്റുകള്‍ വീഴുമ്പോള്‍ 103 റണ്‍സ് മാത്രമായിരുന്നു ഗുജറാത്തിന്റെ സ്‌കോര്‍. അവിടെ നിന്നാണ് 191ലേക്കെത്തിയത്. 32 പന്തില്‍ 79 റണ്‍സുമായാണ് റാഷിദ് കടന്നാക്രമിച്ചത്. 3 ഫോറും 10 സിക്‌സും ഉള്‍പ്പെടെ ബാറ്റിങ് വെടിക്കെട്ട്. റാഷിദിനെപ്പോലൊരു ഓള്‍റൗണ്ടറെ പൂട്ടാന്‍ പോലും രോഹിത്തിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥ.
ഈ സീസണിലെ മുംബൈയുടെ മുന്നേറ്റത്തില്‍ രോഹിത്തിന് യാതൊരു പങ്കും അവകാശപ്പെടാനാവില്ല. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, നേഹല്‍ വദേര, ടിം ഡേവിഡ് തുടങ്ങിയവരുടെ വിയര്‍പ്പിലാണ് മുംബൈയുടെ കുതിപ്പ്. അതുകൊണ്ട് തന്നെ നായകനെന്ന നിലയില്‍ രോഹിത്തിന് ഇത്തവണ ഒന്നും അവകാശപ്പെടാനാവില്ലെന്ന് പറയാം.