മൊഹാലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 16ാം സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ തോല്‍പ്പിച്ചതിന് പഞ്ചാബ് കിങ്‌സിനോട് കണക്കുവീട്ടി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. 56 റണ്‍സിന്റെ വമ്പന്‍ ജയമാണ് ലഖ്‌നൗ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലാണ് പടുത്തുയര്‍ത്തിയത്.
അഞ്ച് വിക്കറ്റിന് 257 റണ്‍സ് നേടിയ ലഖ്‌നൗ മുന്നോട്ടുവെച്ച വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് 19.5 ഓവറില്‍ 201 റണ്‍സിന് കൂടാരം കയറേണ്ടി വന്നു. ലഖ്‌നൗവിനായി മാര്‍ക്കസ് സ്‌റ്റോയിണിസ് (72) ഫിഫ്റ്റി നേടി ടോപ് സ്‌കോററായി. നാല് വിക്കറ്റുമായി യാഷ് ഠാക്കൂര്‍ ലഖ്‌നൗവിനായി ബൗളിങ്ങില്‍ തിളങ്ങി. നവീന്‍ ഉല്‍ ഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവി ബിഷ്‌നോയ് രണ്ടും മാര്‍ക്കസ് സ്‌റ്റോയിണിസ് ഒരു വിക്കറ്റും സ്വന്തമാക്കി.

258 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് തുടക്കം പിഴച്ചു. നായകന്‍ ശിഖര്‍ ധവാനെ (2 പന്തില്‍ 1) തുടക്കത്തിലേ നഷ്ടമായി. മാര്‍ക്കസ് സ്റ്റോയിണിസാണ് ധവാനെ മടക്കിയത്. പവര്‍പ്ലേ പൂര്‍ത്തിയാവും മുമ്പെ പ്രഭ്‌സിംറാന്‍ സിങ്ങിനെയും (13 പന്തില്‍ 9) പഞ്ചാബിന് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ അദര്‍വ ടെയ്‌ഡെയും സിക്കന്തര്‍ റാസയും ചേര്‍ന്ന് 78 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു.
22 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 36 റണ്‍സ് നേടിയ റാസയെ യാഷ് ഠാക്കൂര്‍ പുറത്താക്കി. ഒരുവശത്ത് അതിവേഗം റണ്‍സുയര്‍ത്തിയ അതര്‍വയെ രവി ബിഷ്‌നോയ് റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. 36 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 66 റണ്‍സുമായാണ് യുവതാരം പുറത്തായത്. അതര്‍വ പുറത്താവുമ്പോള്‍ 13 ഓവറില്‍ നാലിന് 127 എന്ന നിലയിലായിരുന്നു പഞ്ചാബ്.
പഞ്ചാബ് വലിയ പ്രതീക്ഷവെച്ച വമ്പനടിക്കാരന്‍ ലിയാം ലിവിങ്സ്റ്റണെ (14 പന്തില്‍ 23) ബിഷ്‌നോയ് എല്‍ബിയില്‍ കുടുക്കി. രണ്ട് ഫോറും ഒരു സിക്‌സും പറത്തിയാണ് ലിവിങ്സ്റ്റണിന്റെ മടക്കം. സാം കറെന്‍ (11 പന്തില്‍ 21) നവീന്‍ ഉല്‍ ഹഖിന് വിക്കറ്റ് നല്‍കി മടങ്ങി. ജിതേഷ് ശര്‍മ (10 പന്തില്‍ 24) ചെറിയൊരു കാമിയോ കാഴ്ചവെച്ചു. പിന്നീട് അത്ഭുതങ്ങള്‍ സംഭവിക്കാതെ വന്നതോടെ പഞ്ചാബിന് ലഖ്‌നൗവിനോട് തലകുനിക്കേണ്ടി വന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ലഖ്‌നൗ പഞ്ചാബ് കിങ്‌സിനെ ഞെട്ടിക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. പവര്‍പ്ലേയില്‍ പതിവില്‍ നിന്ന് വിപരീതമായി തുടക്കം മുതല്‍ റണ്‍സുയര്‍ത്താന്‍ ലഖ്‌നൗവിന് സാധിച്ചു. നായകന്‍ കെ എല്‍ രാഹുല്‍ (9 പന്തില്‍ 12) പുറത്താവുമ്പോള്‍ 3.2 ഓവറില്‍ 41 റണ്‍സ് ലഖ്‌നൗ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. കഗിസോ റബാഡയുടെ പന്തില്‍ ഷാരൂഖ് ഖാന് ക്യാച്ച് നല്‍കിയാണ് രാഹുലിന്റെ മടക്കം.
പിന്നീടെത്തിയവരെല്ലാം ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. കത്തിക്കയറിയ ഓപ്പണര്‍ കെയ്ല്‍ മെയേഴ്‌സ് 20 പന്തിലാണ് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. 24 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 54 റണ്‍സ് നേടി ലഖ്‌നൗവിന് ഗംഭീര തുടക്കം സമ്മാനിച്ചാണ് മെയേഴ്‌സിന്റെ മടക്കം. 225 സ്‌ട്രൈക്കറേറ്റിലായിരുന്നു താരം ബാറ്റുവീശിയത്. മൂന്നാം നമ്പറിലെത്തിയ ആയുഷ് ബദോനിയും നാലാമനായെത്തിയ മാര്‍ക്കസ് സ്‌റ്റോയിണിസും ചേര്‍ന്ന് അതിവേഗം റണ്‍സുയര്‍ത്തി.
24 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 43 റണ്‍സുമായി ബദോനി പുറത്താവുമ്പോള്‍ 13.3 ഓവറില്‍ 163 എന്ന ശക്തമായ നിലയിലേക്ക് ലഖ്‌നൗ എത്തിയിരുന്നു. 89 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് ബദോനിയുടെ മടക്കം. പിന്നാലെത്തിയ നിക്കോളാസ് പൂരന്‍ ലിയാം ലിവിങ്സ്റ്റണെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ പറത്തിയാണ് വരവറിയിച്ചത്.
ഒരുവശത്ത് വെടിക്കെട്ട് തുടര്‍ന്ന സ്റ്റോയിണിസ് 40 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 72 റണ്‍സുമായി പുറത്താവുമ്പോഴേക്കും ലഖ്‌നൗ സ്‌കോര്‍ബോര്‍ഡ് 239ലേക്കെത്തിയിരുന്നു. സാം കറാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ ക്യാച്ചിലാണ് സ്റ്റോയിണിസിന്റെ മടക്കം. ലഖ്‌നൗ ഐപിഎല്ലിലെ ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോഡ് തകര്‍ക്കുമോയെന്നറിയാനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്.

എന്നാല്‍ അവസാന ഓവറിലെ നാലാം പന്തില്‍ നിക്കോളാസ് പൂരനെ അര്‍ഷദീപ് സിങ് എല്‍ബിയില്‍ കുടുക്കിയത് തിരിച്ചടിയായി. 19 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 45 റണ്‍സാണ് പൂരന്‍ അടിച്ചെടുത്തത്. ദീപക് ഹൂഡയും (6 പന്തില്‍ 11) ക്രുണാല്‍ പാണ്ഡ്യയും (2 പന്തില്‍ 5) പൊരുതിനോക്കിയെങ്കിലും 20 ഓവറില്‍ അഞ്ചിന് 257 എന്ന സ്‌കോറിലേക്കെത്തിക്കാനെ സാധിച്ചുള്ളൂ.
ഏഴ് റണ്‍സകലെയാണ് ആര്‍സിബിയുടെ പേരിലുള്ള ഐപിഎല്ലിലെ ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോഡ് തകര്‍ക്കാനുള്ള അവസരം ലഖ്‌നൗവിന് നഷ്ടമായത്. പഞ്ചാബിനായി കഗിസോ റബാഡ രണ്ടും സാം കറെന്‍, അര്‍ഷദീപ് സിങ്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
പ്ലേയിങ് 11- ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- കെ എല്‍ രാഹുല്‍ (c), കെയ്ല്‍ മെയേഴ്‌സ്, മാര്‍ക്കസ് സ്റ്റോയിണിസ്, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, നവീന്‍ ഉല്‍ ഹഖ്, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, യാഷ് ഠാക്കൂര്‍
പഞ്ചാബ് കിങ്‌സ്- ശിഖര്‍ ധവാന്‍ (c), അധര്‍വ ടെയ്‌ഡെ, സിക്കന്തര്‍ റാസ, ലിയാം ലിവിങ്സ്റ്റണ്‍, സാം കറെന്‍, ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷദീപ് സിങ്