മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തി നിരവധി തവണ വിമര്‍ശനം നേരിട്ട താരമാണ് കെ എല്‍ രാഹുല്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ചുവെന്ന പേരില്‍ വലിയ വിമര്‍ശനം നേരിട്ടാണ് രാഹുല്‍ പഞ്ചാബിനെതിരേ ഇറങ്ങിയത്. എന്നാല്‍ താരത്തിന് വലിയ പ്രകടനം കാഴ്ചവെക്കാനാവാതെ മടങ്ങേണ്ടി വന്നിരിക്കുകയാണ്.
ഒമ്പത് പന്ത് നേരിട്ട് ഒരു സിക്‌സും ഫോറുമടക്കം 12 റണ്‍സ് നേടിയാണ് രാഹുലിന്റെ മടക്കം. കഗിസോ റബാഡയുടെ പന്തില്‍ ഷാരൂഖ് ഖാന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ പുറത്തായത്. ആക്രമണോത്സകത കാട്ടിയ രാഹുല്‍ റബാഡയുടെ പന്തില്‍ കുടുങ്ങുകയായിരുന്നു. റബാഡയെ സിക്‌സറോടെ വരവേറ്റ രാഹുലിന് തൊട്ടടുത്ത പന്തില്‍ പിഴക്കുകയായിരുന്നു. ഫുഡ് സ്റ്റെപ്പില്‍ പറ്റിയ പിഴവാണ് വൈഡ് സ്ലിപ്പില്‍ ക്യാച്ചായി മാറിയത്.

എന്നാല്‍ ഫ്‌ളോപ്പായിട്ടും രാഹുലിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ആദ്യ ഓവര്‍ മെയ്ഡനാക്കാത്ത വലിയ മനസിനെയാണ് ആരാധകര്‍ ട്രോളി അഭിനന്ദിക്കുന്നത്. അഞ്ച് പന്തില്‍ ഒരു റണ്‍സാണ് ആദ്യ ഓവറില്‍ രാഹുല്‍ നേടിയത്. മെയ്ഡനാക്കാതിരിക്കാന്‍ രാഹുല്‍ നടത്തിയ പോരാട്ടവീര്യത്തിന് അഭിനന്ദനം എന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഈ സീസണില്‍ത്തന്നെ രണ്ട് തവണ രാഹുല്‍ ആദ്യ ഓവര്‍ മെയ്ഡനാക്കി.
ഐപിഎല്ലില്‍ 12 തവണ ആദ്യ ഓവര്‍ മെയ്ഡനാക്കിയ ബാറ്റ്‌സ്മാനാണ് രാഹുല്‍. അതുകൊണ്ട് തന്നെ ഇത്തവണ ആ പതിവ് ആവര്‍ത്തിക്കാതിരുന്നത് നന്ദി പറയേണ്ട കാര്യമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ പെട്ടെന്ന് പുറത്തായപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ലഖ്‌നൗവാണെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. മറ്റുള്ളവര്‍ റണ്‍സ് അതിവേഗമുയര്‍ത്തും. എന്നാല്‍ രാഹുല്‍ ക്രീസില്‍ നിന്നാല്‍ പഞ്ചാബിന് ആശ്വാസമാണെന്നും ട്രോളുകളുണ്ട്.
രാഹുലിന്റെ തുടക്കം വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു. റബാഡയെ സിക്‌സര്‍ പറത്തിയ ഷോട്ട് താരത്തിന്റെ ക്ലാസ് വ്യക്തമാക്കുന്നതായിരുന്നു. മികച്ച ടൈമിങ്ങില്‍ കളിച്ച ഷോട്ട് കൃത്യമായി ബാറ്റില്‍ മിഡില്‍ ചെയ്തു. എന്നാല്‍ രാഹുലിന് അല്‍പ്പം ആവേശം കൂടിപ്പോയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. റബാഡയുടെ പന്തുകളെ അല്‍പ്പം കൂടി കരുതലോടെ കളിക്കേണ്ടിയിരുന്നുവെന്നും മറ്റുള്ളവരെ ലക്ഷ്യംവെച്ച് ആക്രമിക്കണമായിരുന്നുവെന്നും ചില ആരാധകര്‍ ഉപദേശിക്കുന്നു.
ഇത്തവണ ഓറഞ്ച് ക്യാപ്പ് രാഹുലിന് വേണ്ടേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇത്തവണത്തെ റണ്‍വേട്ടക്കാരിലെ ടോപ് ഫൈവില്‍ രാഹുലില്ല. എട്ട് മത്സരത്തില്‍ നിന്ന് 274 റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്. 37ന് മുകളില്‍ ശരാശരിയുണ്ടെങ്കിലും 113.91 മാത്രമാണ് സ്‌ട്രൈക്കറേറ്റ്. ലഖ്‌നൗവിന്റെ നായകനായ ശേഷം രാഹുലിന്റെ സ്‌ട്രൈക്കറേറ്റില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാഹുലിന്റെ ഈ സീസണിലെ സ്‌കോറും സ്‌ട്രൈക്കറേറ്റും പരിഗണിച്ചാല്‍ നിരാശപ്പെടേണ്ടി വരും. 12 പന്തില്‍ 8, 18 പന്തില്‍ 20, 41 പന്തില്‍ 35, 20 പന്തില്‍ 18, 56 പന്തില്‍ 74, 32 പന്തില്‍ 39, 61 പന്തില്‍ 68, 9 പന്തില്‍ 12 എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോര്‍. സ്‌ട്രൈക്കറേറ്റ് 67, 111, 112, 90, 132, 121, 111, 133 എന്നിങ്ങനെയാണ്.
രണ്ട് തവണ മാത്രമാണ് 130ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ രാഹുല്‍ ബാറ്റ് ചെയ്തത്. പവര്‍പ്ലേയില്‍ ബാറ്റ് ചെയ്തിട്ടും രാഹുലിന് അതിവേഗം റണ്‍സുയര്‍ത്താനാവാത്തത് നിരാശപ്പെടുത്തുന്ന കണക്കാണ്. നായകനെന്ന നിലയില്‍ 50 ഐപിഎല്‍ മത്സരം പൂര്‍ത്തിയാക്കിയ മത്സരത്തില്‍ മികച്ചൊരു ബാറ്റിങ് പ്രകടനം നടത്താന്‍ രാഹുലിന് സാധിച്ചില്ല. ബാറ്റിങ്ങിന് അനുയോജ്യമായ സാഹചര്യമായിട്ടും രാഹുലിന് തിളങ്ങാനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.