For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇതാ കാത്തിരുന്ന മുംബൈ, കെകെആറിനെ തകര്‍ത്തടുക്കി- ഗംഭീര ജയം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. അഞ്ച് വിക്കറ്റിനാണ് മുംബൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ വെങ്കടേഷ് അയ്യരുടെ (104) സെഞ്ച്വറിക്കരുത്തില്‍ ആറ് വിക്കറ്റിന് 185 റണ്‍സാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ മുംബൈ 14 പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ വിജയം നേടുകയായിരുന്നു.

ഇഷാന്‍ കിഷന്റെയും (58) സൂര്യകുമാര്‍ യാദവിന്റെയും (43) തിലക് വര്‍മയുടെയും (30) പ്രകടനമാണ് മുംബൈയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. ടിം ഡേവിഡും (25 പന്തില്‍ 30*) കാമറൂണ്‍ ഗ്രീനും (1*) പുറത്താവാതെ നിന്നു. കെകെആറിനായി സുയാഷ് ശര്‍മ രണ്ടും ശര്‍ദുലും വരുണും ഫെര്‍ഗൂസനും ഓരോ വിക്കറ്റും പങ്കിട്ടു.

ishan kishan

186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് ഗംഭീര തുടക്കം ലഭിച്ചു. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് 65 റണ്‍സ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. രണ്ട് പേരും തുടക്കം മുതല്‍ ആക്രമിച്ച് മുന്നേറി. 13 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 20 റണ്‍സ് നേടിയ രോഹിത്തിനെ സുയാഷ് ശര്‍മ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്.

വെടിക്കെട്ട് കാഴ്ചവെച്ച ഇഷാന്‍ 25 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറുമടക്കം 58 റണ്‍സുമായി കസറി. 232 സ്‌ട്രൈക്കറേറ്റിലാണ് ഇഷാന്റെ വെടിക്കെട്ട്. വരുണിന് മുന്നില്‍ ഇഷാന്‍ വീണതോടെ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകവെ തിലകിനെ സുയാഷ് ശര്‍മ മടക്കി. 25 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 30 റണ്‍സാണ് തിലക് നേടിയത്.

ഫോമിലേക്ക് തിരിച്ചെത്തിയ സൂര്യകുമാര്‍ 25 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 43 റണ്‍സുമായി പുറത്തായി. ശര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുല്ല ഗുര്‍ബാസിന് അനായാസ ക്യാച്ച് നല്‍കിയാണ് സൂര്യയുടെ മടക്കം. നേഹല്‍ വദേര (4 പന്തില്‍ 6) വിജയത്തിലേക്കെത്തിക്കാനാവാതെ മടങ്ങി. ലോക്കി ഫെര്‍ഗൂസനായിരുന്നു വിക്കറ്റ്. എന്നാല്‍ നിലയുറപ്പിച്ച ടിം ഡേവിഡ് ടീമിന് ജയമൊരുക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന കെകെആറിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ രണ്ട് ഓവറില്‍ റണ്‍സ് ഉയര്‍ത്താനാവാതെ കെകെആര്‍ പ്രയാസപ്പെട്ടു. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ നാരായണ്‍ ജഗദീശനെ കെകെആറിന് നഷ്ടമായി. അഞ്ച് പന്ത് നേരിട്ട ജഗദീശനെ കാമറൂണ്‍ ഗ്രീനാണ് പുറത്താക്കിയത്.

venkatesh iyer

ഒരുവശത്ത് റഹ്‌മാനുല്ല ഗുര്‍ബാസ് മെല്ലപ്പോക്ക് നടത്തിയപ്പോള്‍ മൂന്നാമനായി ഇറങ്ങിയ വെങ്കടേഷ് അയ്യര്‍ തല്ലിത്തകര്‍ത്തു. ആറാം ഓവറിന്റെ മൂന്നാം പന്തില്‍ റഹ്‌മാനുല്ല ഗുര്‍ബാസ് പുറത്തായി. 12 പന്തില്‍ എട്ട് റണ്‍സ് മാത്രമെടുത്ത ഗുര്‍ബാസിനെ പീയൂഷ് ചൗളയാണ് മടക്കിയത്. നായകന്‍ നിധീഷ് റാണക്ക് പ്രതീക്ഷിച്ച മികവ് കാട്ടാനായില്ല. 10 പന്തില്‍ അഞ്ച് റണ്‍സെടുത്ത നിധീഷിനെ ഹൃതിക് ഷൊക്കീനാണ് മടക്ക ടിക്കറ്റ് നല്‍കിയത്.

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ നിധീഷും ഹൃതിക് ഷൊക്കീനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. അഞ്ചാമനായി ശര്‍ദുല്‍ ഠാക്കൂറിനെയാണ് കെകെആര്‍ ഇറക്കിയത്. എന്നാല്‍ വലിയ പ്രകടനം നടത്താനായില്ല. 11 പന്തില്‍ 13 റണ്‍സെടുത്ത ശര്‍ദുലിനെ ഷൊക്കീനാണ് പുറത്താക്കിയത്. ഇതിനിടെ ഒരുവശത്ത് വെങ്കടേഷ് തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചു.

ഐപിഎല്ലില്‍ കെകെആറിനായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന വമ്പന്‍ റെക്കോഡ് നേടാനും വെങ്കടേഷിനായി. അരങ്ങേറ്റ സീസണില്‍ ബ്രണ്ടന്‍ മക്കല്ലം കെകെആറിനായി സെഞ്ച്വറി നേടിയ ശേഷം ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യത്തെ താരമാണ് മക്കല്ലം. കെകെആറിന്റെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം നിറം മങ്ങിയപ്പോഴും അയ്യര്‍ വെടിക്കെട്ട് തുടര്‍ന്നു.

NITHISH RANA

51 പന്തില്‍ 104 റണ്‍സുമായി കെകെആറിനെ മികച്ച നിലയിലേക്കെത്തിച്ചാണ് വെങ്കടേഷ് മടങ്ങിയത്. ആറ് ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു വെങ്കടേഷ് വെടിക്കെട്ട്. റിങ്കു സിങ് (18 പന്തില്‍ 18) കാര്യമായി ശോഭിക്കാതെ മടങ്ങി. ആന്‍ഡ്രേ റസല്‍ (11 പന്തില്‍ 21) അവസാന ഓവറുകളില്‍ ആഞ്ഞടിച്ചു. 3 ഫോറും 1 സിക്‌സുമാണ് റസല്‍ നേടിയത്. സുനില്‍ നരെയ്ന്‍ (2 പന്തില്‍ 2) പുറത്താവാതെ നിന്നു.

മുംബൈക്കായി കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കോ യാന്‍സന്‍, പീയൂഷ് ചൗള, റില്ലി മെറിഡിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ ഹൃതിക് ഷൊക്കീന്‍ രണ്ട് വിക്കറ്റും വീഴ്ത്തി

പ്ലേയിങ് 11-മുംബൈ ഇന്ത്യന്‍സ്- കാമറൂണ്‍ ഗ്രീന്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), ടിം ഡേവിഡ്, നേഹല്‍ വദേര, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ഹൃതിക് ഷൊക്കീന്‍, പീയൂഷ് ചൗള, ഡുവാന്‍ യാന്‍സന്‍, റില്ലി മെറീഡത്ത്

കെകെആര്‍- റഹ്‌മാനുല്ല ഗുര്‍ബാസ്, വെങ്കടേഷ് അയ്യര്‍, നാരായണ്‍ ജഗദീശന്‍, സുനില്‍ നരെയ്ന്‍, നിധീഷ് റാണ (c), ആന്‍ഡ്രേ റസല്‍, റിങ്കു സിങ്, ശര്‍ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, ലോക്കി ഫെര്‍ഗൂസന്‍, വരുണ്‍ ചക്രവര്‍ത്തി

Story first published: Sunday, April 16, 2023, 11:23 [IST]
Other articles published on Apr 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+