അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 2 വിക്കറ്റിന് 227 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് 20 ഓവറില്‍ 7 വിക്കറ്റിന് 171 റണ്‍സാണ് നേടാനായത്. ശുബ്മാന്‍ ഗില്ലിന്റെയും (94) വൃദ്ധിമാന്‍ സാഹയുടെയും (81) അര്‍ധ സെഞ്ച്വറി പ്രകടനവും മോഹിത് ശര്‍മയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ഗുജറാത്തിന് ജയമൊരുക്കിയത്. മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് ഓരോ വിക്കറ്റും പങ്കിട്ടു.
228 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലഖ്‌നൗവിനും മികച്ച തുടക്കം ലഭിച്ചു. പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 72 റണ്‍സാണ് ലഖ്‌നൗ അടിച്ചെടുത്തത്. കെയ്ല്‍ മെയേഴ്‌സ്-ക്വിന്റന്‍ ഡീകോക്ക് കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 88 റണ്‍സ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 32 പന്തില്‍ 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 48 റണ്‍സ് നേടിയ കെയ്ല്‍ മെയേഴ്‌സിനെ പുറത്താക്കി മോഹിത് ശര്‍മയാണ് കൂട്ടുകെട്ട് പൊളിച്ചത്. റാഷിദ് ഖാന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് മെയേഴ്‌സിന്റെ മടക്കം.

മൂന്നാം നമ്പറില്‍ ദീപക് ഹൂഡയെ അയച്ച ലഖ്‌നൗവിന്റെ തീരുമാനം പിഴച്ചു. 11 പന്തില്‍ 11 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഹൂഡയുടെ മെല്ലെപ്പോക്ക് ബാറ്റിങ് ലഖ്‌നൗവിന്റെ അതുവരെയുണ്ടായിരുന്ന റണ്‍റേറ്റിനെ കുറച്ചു. മധ്യ ഓവറുകളില്‍ പ്രതീക്ഷിച്ചപോലെ റണ്‍സുയര്‍ത്താന്‍ ലഖ്‌നൗവിന് സാധിക്കാതെ പോയി. മാര്‍ക്കസ് സ്റ്റോയിണിസിനെ (9 പന്തില്‍ 4) മോഹിത് ശര്‍മയും മടക്കിയതോടെ മത്സരം ഗുജറാത്തിന് അനുകൂലമായി.
ഒരുവശത്ത് അടിച്ചുകളിച്ച ക്വിന്റന്‍ ഡീകോക്കിനെ റാഷിദ് ഖാന്‍ ക്ലീന്‍ബൗള്‍ഡാക്കി. 42 പന്തില്‍ 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 71 റണ്‍സാണ് ഡീകോക്ക് നേടിയത്. 169.04 സ്‌ട്രൈക്കറേറ്റിലായിരുന്നു ബാറ്റിങ്. വമ്പനടിക്കാരന്‍ നിക്കോളാസ് പൂരന്‍ (6 പന്തില്‍ 3) നൂര്‍ അഹമ്മദിന് വിക്കറ്റിന് നല്‍കി മടങ്ങി. ആയുഷ് ബദോനി (11 പന്തില്‍ 21) ചെറിയ വെടിക്കെട്ട് നടത്തി മടങ്ങി. മധ്യനിരയിലെ മെല്ലപ്പോക്കോടെ തന്നെ ലഖ്‌നൗ തോല്‍വി ഉറപ്പിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനായി ഗംഭീര തുടക്കമാണ് വൃദ്ധിമാന്‍ സാഹയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് സമ്മാനിച്ചത്. പവര്‍പ്ലേയില്‍ ഗില്‍ ആംഗര്‍ റോളിലേക്ക് മാറിയപ്പോള്‍ സാഹ അതിവേഗം റണ്‍സുയര്‍ത്തി. 20 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ സാഹയുടെ മികവില്‍ പവര്‍പ്ലേ പൂര്‍ത്തിയാക്കിയപ്പോള്‍ വിക്കറ്റ് പോവാതെ 78 റണ്‍സെന്ന നിലയിലായിരുന്നു ഗുജറാത്ത്.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 142 റണ്‍സിലെത്തിച്ച ശേഷമാണ് സാഹ മടങ്ങിയത്. 43 പന്ത് നേരിട്ട് 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 81 റണ്‍സ് നേടിയാണ് അദ്ദേഹം പുറത്തായത്. 188.37 സ്‌ട്രൈക്കറേറ്റിലായിരുന്നു സാഹയുടെ ബാറ്റിങ്. ആവേശ് ഖാന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ച സാഹ പകരക്കാരനായി ഫീല്‍ഡിങ്ങിനിറങ്ങിയ പിഎന്‍ മങ്കാദ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
സാഹ മടങ്ങിയ ശേഷം ആക്രമണത്തിന്റെ ചുമതല ശുബ്മാന്‍ ഗില്‍ ഏറ്റെടുത്തു. ഹര്‍ദിക് പാണ്ഡ്യയും പിന്നാലെയെത്തിയ ഡേവിഡ് മില്ലറും തരക്കേടില്ലാതെ ബാറ്റുവീശിയതോടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. മൂന്നാമനായെത്തിയ ഹര്‍ദിക് 15 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 25 റണ്‍സുമായാണ് പുറത്തായത്. മൊഹ്‌സിന്‍ ഖാന്റെ പന്തില്‍ ക്രുണാല്‍ പാണ്ഡ്യയുടെ ക്യാച്ചിലാണ് ഹര്‍ദിക് മടങ്ങിയത്.
ഒരുവശത്ത് തല്ലിത്തകര്‍ത്ത ഗില്ലിന് ദൗര്‍ഭാഗ്യവശാല്‍ സെഞ്ച്വറി നേടാനായില്ല. 51 പന്തില്‍ 2 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 94 റണ്‍സുമായി ഗില്‍ പുറത്താവാതെ നിന്നു. അഹമ്മദാബാദ് പിച്ചിലെ അനുഭവസമ്പത്ത് പൂര്‍ണ്ണമായും മുതലാക്കിക്കളിക്കാന്‍ ഗില്ലിനായി. 184.31 സ്‌ട്രൈക്കറേറ്റിലായിരുന്നു ഗില്ലിന്റെ പ്രകടനം. ഡേവിഡ് മില്ലര്‍ 12 പന്തില്‍ 21 റണ്‍സുമായി പുറത്താവാതെ നിന്നു. 2 ഫോറും 1 സിക്‌സുമാണ് മില്ലര്‍ നേടിയത്.
ഇതോടെ 20 ഓവറില്‍ രണ്ട് വിക്കറ്റിന് 227 എന്ന കൂറ്റന്‍ സ്‌കോര്‍ ഗുജറാത്തിന്റെ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തിരുന്നു. ഗുജറാത്തിനായി മൊഹ്‌സിന്‍ ഖാന്‍, ആവേശ് ഖാന്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ മൊഹ്‌സിന്‍ ഖാന് പഴയ മികവ് കാട്ടാനായില്ല. 3 ഓവറില്‍ 42 റണ്‍സാണ് ഇടം കൈയന്‍ പേസര്‍ വിട്ടുകൊടുത്തത്.
പ്ലേയിങ് 11-ഗുജറാത്ത് ടൈറ്റന്‍സ്- വൃദ്ധിമാന്‍ സാഹ, ശുബ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ (c), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍, രാഹുല്‍ തെവാത്തിയ, അഭിനവ് മനോഹര്‍, മോഹിത് ശര്‍മ, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- ക്വിന്റന്‍ ഡീകോക്ക്, കെയ്ല്‍ മെയേഴ്‌സ്, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ (c), മാര്‍ക്കസ് സ്റ്റോയിണിസ്, നിക്കോളാസ് പൂരന്‍, സ്വപ്‌നില്‍ സിങ്, യാഷ് ഠാക്കൂര്‍, രവി ബിഷ്‌നോയ്, മൊഹ്‌സിന്‍ ഖാന്‍, ആവേശ് ഖാന്‍