ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ പഞ്ചാബ് കിങ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്‍കി ഡല്‍ഹി ഡല്‍ഹി ക്യാപിറ്റല്‍സ്. നേരത്തെ തന്നെ പുറത്തായ ഡല്‍ഹി രണ്ട് വിക്കറ്റിന് 213 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന് 8 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടാനായത്. ലിയാം ലിവിങ്സ്റ്റണ്‍ (94) അവസാന പന്തുവരെ പൊരുതിനോക്കിയെങ്കിലും വിജയം നേടിയെടുക്കാനായില്ല.
48 പന്തില്‍ 5 ഫോറും 9 സിക്‌സും ഉള്‍പ്പെടെയാണ് ലിവിങ്സ്റ്റണിന്റെ പ്രകടനം. 13 മത്സരത്തില്‍ നിന്ന് ഏഴാം തോല്‍വി വഴങ്ങിയ പഞ്ചാബ് എട്ടാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ സീസണിലെ അഞ്ചാം ജയത്തോടെ അവസാന സ്ഥാനക്കാരില്‍ നിന്ന് ഒമ്പതാം സ്ഥാനത്തേക്കുയരാന്‍ ഡല്‍ഹിക്ക് സാധിച്ചു. തോല്‍വിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും വലിയ തിരിച്ചടിയായി.

214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് കിങ്‌സിന്റെ തുടക്കം പിഴച്ചു. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവര്‍ പ്രഭ്‌സിംറാന്‍ സിങ് മെയ്ഡനാക്കി. രണ്ടാം ഓവര്‍ എറിയാനെത്തിയ ഇഷാന്ത് ശര്‍മ ആദ്യ പന്തില്‍ത്തന്നെ ശിഖര്‍ ധവാനെ ഗോള്‍ഡന്‍ ഡെക്കാക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിംറാനും അതര്‍വ ടെയ്‌ഡെയും ചേര്‍ന്ന് പതിയ സ്‌കോര്‍ ഉയര്‍ത്തി. 49 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചപ്പോഴേക്കും പ്രഭ്‌സിംറാനെ (19 പന്തില്‍ 22) അക്ഷര്‍ പട്ടേല്‍ യാഷ് ദൂളിന്റെ കൈയിലെത്തിച്ചു.
മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ലിയാം ലിവിങ്‌സ്റ്റണും അതര്‍വ ടെയ്‌ഡെയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി ഡല്‍ഹി ഫീല്‍ഡര്‍മാര്‍ മികച്ച പിന്തുണ നല്‍കിയത് ഇരുവര്‍ക്കും കൂടുതല്‍ ആത്മവിശ്വാസം നല്‍കി. 42 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 55 റണ്‍സെടുത്ത ടെയ്‌ഡെ റിട്ടേര്‍ഡ് ഔട്ടായി. പിന്നീട് ക്രീസിലെത്തിയ ജിതേഷ് ശര്‍മയെ അക്കൗണ്ട് തുറക്കും മുമ്പെ ആന്‍ റിച്ച് നോക്കിയേ ഖലീല്‍ അഹമ്മദിന്റെ കൈയിലെത്തിച്ചു.
പ്രതീക്ഷ നല്‍കിയെങ്കിലും ഷാരൂഖ് ഖാനും (3 പന്തില്‍ 6) കാര്യമായൊന്നും ചെയ്യാനായില്ല. ഖലീല്‍ അഹമ്മദാണ് ഷാരൂഖിനെ പുറത്താക്കിയത്. സാം കറെന്‍ (5 പന്തില്‍ 11) നോക്കിയേക്ക് മുന്നില്‍ ക്ലീന്‍ബൗള്‍ഡായി മടങ്ങി. ഹര്‍പ്രീത് ബ്രാര്‍ (0) റണ്ണൗട്ടാവുകയും ചെയ്തതോടെ പഞ്ചാബ് പതറി. ലിയാം ലിവിങ്സ്റ്റണ്‍ പരമാവധി പൊരുതിനോക്കിയെങ്കില്‍ ജയിപ്പിക്കാനായില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി തകര്‍പ്പന്‍ തുടക്കമാണ് ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും നല്‍കിയത്. പതിയെ തുടങ്ങിയ രണ്ട് പേരും പിന്നീട് 10 റണ്‍സ് റണ്‍റേറ്റില്‍ സ്‌കോര്‍ ഉയര്‍ത്തി. ഒന്നാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം ഡേവിഡ് വാര്‍ണറെയാണ് ഡല്‍ഹിക്ക് ആദ്യം നഷ്ടമായത്. സാം കറെന്റെ സ്ലോ ബോളില്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഡല്‍ഹി നായകന്റെ മടക്കം.
31 പന്ത് നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 46 റണ്‍സാണ് വാര്‍ണര്‍ക്ക് നേടാനായത്. ഇടവേളക്ക് ശേഷം പ്ലേയിങ് 11 തിരിച്ചെത്തിയ പൃഥ്വി ഷാ 35 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. മൂന്നാമനായെത്തി റില്ലി റൂസോയും അടിച്ചുതകര്‍ത്തതോടെ രണ്ടാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടുകെട്ട് പിറന്നു. ഫിഫ്റ്റിക്ക് പിന്നാലെ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച പൃഥ്വിയെ സാം കറെന്‍ പുറത്താക്കി. 38 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 54 റണ്‍സാണ് പൃഥ്വിക്ക് നേടാനായത്.

പൃഥ്വി പുറത്താവുമ്പോള്‍ 15 ഓവറില്‍ 2 വിക്കറ്റിന് 148 എന്ന മികച്ച നിലയിലായിരുന്നു ഡല്‍ഹി. അടി തുടര്‍ന്ന റില്ലി റൂസോ 25 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. ഒപ്പം ഫില്‍ സാള്‍ട്ടും ചേര്‍ന്നതോടെ ഡല്‍ഹി മികച്ച സ്‌കോറിലേക്കെത്തി. അവസാന ഓവറില്‍ ഹര്‍പ്രീത് ബ്രാറിനെ ഇട്ടുകൊടുത്ത ശിഖര്‍ ധവാന്റെ പിഴവിനെ റൂസോയും സാള്‍ട്ടും നന്നായി മുതലാക്കി. റൂസോ 37 പന്തില്‍ 6 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 82 റണ്‍സുമായി പുറത്താവാതെ നിന്നു.
221.62 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. ഫില്‍ സാള്‍ട്ട് 14 പന്ത് നേരിട്ട് 2 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 26 റണ്‍സും സ്വന്തമാക്കി പുറത്താവാതെ നിന്നു. അഞ്ച് എക്‌സ്ട്രാസും ഉള്‍പ്പെടെ 20 ഓവറില്‍ 2 വിക്കറ്റിന് 213 എന്ന ഗംഭീര ടോട്ടലും ഡല്‍ഹി സ്വന്തമാക്കി. സാം കറെന്‍ രണ്ട് വിക്കറ്റ് നേടിയതൊഴികെ മറ്റാര്‍ക്കും വിക്കറ്റ് വീഴ്ത്താനായില്ല.
പ്ലേയിങ് 11- ഡല്‍ഹി ക്യാപിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍ (c), പൃഥ്വി ഷാ, ഫില്‍ സാള്‍ട്ട്, റില്ലി റൂസോ, അക്ഷര്‍ പട്ടേല്‍, അമാന്‍ ഹക്കിം ഖാന്‍, യാഷ് ദൂള്‍, കുല്‍ദീപ് യാദവ്, ആന്‍ റിച്ച് നോക്കിയേ, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്
പഞ്ചാബ് കിങ്‌സ്- ശിഖര്‍ ധവാന്‍ (c), അധര്‍വ ടെയ്‌ഡെ, ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, സാം കറെന്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹാര്‍, കഗിസോ റബാഡ, നതാന്‍ ഇല്ലിസ്, അര്‍ഷദീപ് സിങ്