IPL 2023: പടനയിച്ച് സായ്, മിന്നിച്ച് മില്ലര്‍! തട്ടകത്തില്‍ ഡല്‍ഹിയെ നാണംകെടുത്തി ഗുജറാത്ത്
ഡല്‍ഹി: സ്വന്തം തട്ടകത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് ഡല്‍ഹി ക്യാപിറ്റല്‍സ്. ആറ് വിക്കറ്റിനാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും ഡല്‍ഹിയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ട് വിക്കറ്റിന് 162 റണ്‍സടിച്ചപ്പോള്‍ 11 പന്ത് ബാക്കിനിര്‍ത്തി നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് വിജയം നേടുകയായിരുന്നു. സായ് സുദര്‍ശന്റെ (48 പന്തില്‍ 62*) ബാറ്റിങ്ങാണ് ഗുജറാത്തിന് കരുത്തായത്.
4 ഫോറും 2 സിക്‌സുമാണ് യുവതാരം പറത്തിയത്. ഡേവിഡ് മില്ലറുടെ (16 പന്തില്‍ 31*) വെടിക്കെട്ടും ഡല്‍ഹിയുടെ ജയം വേഗത്തിലാക്കി. 2 വീതം സിക്‌സും ഫോറും മില്ലര്‍ പറത്തി. വിജയ് ശങ്കറും (29) തിളങ്ങി. ഡല്‍ഹി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റപ്പോള്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഗുജറാത്ത് കിരീട പ്രതീക്ഷ ഈ സീസണിലും സജീവമാക്കുകയാണ്.

ടോസ് നഷ്ടപ്പെട്ട് തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഡല്‍ഹിയുടെ തുടക്കം അത്ര മികച്ചതായില്ല. വലിയ പ്രതീക്ഷവെച്ച വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായാണ് ആദ്യം മടങ്ങിയത്. അഞ്ച് പന്തില്‍ ഒരു ബൗണ്ടറിയടക്കം ഏഴ് റണ്‍സ് നേടിയ പൃഥ്വിയെ മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്. ഷമിയുടെ ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ടിന് ശ്രമിച്ച പൃഥ്വിക്ക് പിഴച്ചു. സര്‍ക്കിളിനുള്ളില്‍ ഉയര്‍ന്ന പന്ത് അനായാസം അല്‍സാരി ജോസഫ് കൈയിലൊതുക്കി.
ഒന്നാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറുമായി 29 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് പൃഥ്വിയുടെ മടക്കം. ഇന്ത്യന്‍ പരമ്പരയില്‍ തിളങ്ങിയ മിച്ചല്‍ മാര്‍ഷും തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയ താരത്തെ മുഹമ്മദ് ഷമി ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. നാല് പന്ത് നേരിട്ട് നാല് റണ്‍സ് മാത്രമാണ് മാര്‍ഷിന് നേടാനായത്. പവര്‍പ്ലേയില്‍ 52 റണ്‍സെന്ന മോശമല്ലാത്ത സ്‌കോര്‍ നേടാന്‍ ഡല്‍ഹിക്ക് സാധിച്ചെങ്കിലും രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

അല്‍സാരി ജോസഫ് എറിഞ്ഞ ഒമ്പതാം ഓവര്‍ ഡല്‍ഹിക്ക് കടുത്ത പ്രഹരമേല്‍പ്പിച്ചു. മികച്ച ഫോമിലായിരുന്ന നായകന്‍ ഡേവിഡ് വാര്‍ണറെ (32 പന്തില്‍ 37) ജോസഫ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഏഴ് ബൗണ്ടറിയാണ് വാര്‍ണര്‍ നേടിയത്. വമ്പനടിക്കാരനായ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ റില്ലി റൂസോ ഗോള്‍ഡന്‍ഡെക്കായി. ജോസഫിന്റെ ഷോര്‍ട്ട് ബോളില്‍ എഡ്ജ് ചെയ്തുയര്‍ന്ന പന്തിനെ മികച്ച ഡൈവിലൂടെ രാഹുല്‍ തെവാത്തിയ കൈയിലൊതുക്കുകയായിരുന്നു.
അടുത്തടുത്ത പന്തുകളില്‍ രണ്ട് വിക്കറ്റ് വീണതോടെ ഡല്‍ഹി പതറി. റൂസോ പുറത്താവുമ്പോള്‍ 8.3 ഓവറില്‍ 67 റണ്‍സിന് നാല് വിക്കറ്റെന്ന തകര്‍ന്ന നിലയിലായിരുന്നു ഡല്‍ഹി. അരങ്ങേറ്റ താരം അഭിഷേക് പോറല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. 11 പന്തില്‍ 2 സിക്‌സ് ഉള്‍പ്പെടെ 20 റണ്‍സ് നേടിയ താരത്തെ റാഷിദ് ഖാന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയ സര്‍ഫറാസ് ഖാനെയും (34 പന്തില്‍ 30) റാഷിദ് ഖാന്‍ മടക്കി.

2 ബൗണ്ടറിയാണ് സര്‍ഫറാസ് നേടിയത്. സ്‌ട്രൈക്കറേറ്റ് 88.23 മാത്രം. അമാന്‍ ഹക്കിമും (8 പന്തില്‍) റാഷിദ് ഖാന് മുന്നില്‍ കീഴടങ്ങി. ഒരുവശത്ത് ആക്രമിച്ചുകളിച്ച അക്ഷര്‍ പട്ടേലാണ് ഡല്‍ഹി സ്‌കോര്‍ബോര്‍ഡ് 150 കടത്തിയത്. 22 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 36 റണ്‍സ് നേടിയ അക്ഷറിനെ ഷമിയാണ് പുറത്താക്കിയത്. കുല്‍ദീപ് യാദവ് (1*) ആന്‍ റിച്ച് നോക്കിയേ (4*) പുറത്താവാതെ നിന്നു.
ഗുജറാത്തിനായി ഷമിയും റാഷിദ് ഖാനും മൂന്ന് വിക്കറ്റ് പങ്കിട്ടപ്പോള്‍ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും നേടി. മറുപടിക്കിറങ്ങിയ ഗുജറാത്തിന്റെ ഓപ്പണര്‍മാര്‍ ശോഭിച്ചില്ല. വൃദ്ധിമാന്‍ സാഹയേയും (14) ശുബ്മാന്‍ ഗില്ലിനേയും (14) ആന്‍ റിച്ച് നോക്കിയേ ക്ലീന്‍ബൗള്‍ഡാക്കി. നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ (5) നിലയുറപ്പിക്കും മുമ്പെ ഖലീല്‍ അഹമ്മദും പുറത്താക്കി.
ഇംപാക്ട് പ്ലയറായെത്തിയ വിജയ് ശങ്കറും സായ് സുദര്‍ശനും ചേര്‍ന്നാണ് ഗുജറാത്തിന്റെ തിരിച്ചടിക്ക് കരുത്ത് നല്‍കിയത്. 23 പന്തില്‍ 29 റണ്‍സെടുത്ത വിജയ് ശങ്കറെ മിച്ചല്‍ മാര്‍ഷ് എല്‍ബിയില്‍ കുടുക്കി പിന്നീടെത്തിയ ഡേവിഡ് മില്ലര്‍ അതിവേഗം റണ്‍സുയര്‍ത്തിയതോടെ ഗുജറാത്ത് തുടര്‍ച്ചയായ രണ്ടാം ജയം നേടുകയായിരുന്നു.
പ്ലേയിങ് 11-ഡല്‍ഹി ക്യാപിറ്റല്‍സ്- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍ (c), മിച്ചല്‍ മാര്‍ഷ്, സര്‍ഫറാസ് ഖാന്‍, റില്ലി റൂസോ, അമാന്‍ ഹക്കിം ഖാന്‍, അക്ഷര്‍ പട്ടേല്‍, അഭിഷേക് പോറല്‍, കുല്‍ദീപ് യാദവ്, ആന്‍ റിച്ച് നോക്കിയേ, മുകേഷ് കുമാര്‍
ഗുജറാത്ത് ടൈറ്റന്‍സ്- വൃദ്ധിമാന്‍ സാഹ, ശുബ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹര്‍ദിക് പാണ്ഡ്യ (c), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ജോഷ്വാ ലിറ്റില്‍, അല്‍സാരി ജോസഫ്, യാഷ് ദയാല്‍, മുഹമ്മദ് ഷമി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications