ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിന് ആശ്വാസ ജയം. നാല് വിക്കറ്റിനാണ് ഡല്‍ഹി വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 127 റണ്‍സിലൊതുങ്ങി. മറുപടിക്കിറങ്ങിയ ഡല്‍ഹി നന്നായി വിറപ്പിക്കാന്‍ കെകെആറിനായെങ്കിലും 19.2 ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കെ ഡല്‍ഹി വിജയം നേടുകയായിരുന്നു. ഡേവിഡ് വാര്‍ണറുടെ (57) ഫിഫ്റ്റിയാണ് ഡല്‍ഹിക്ക് കരുത്തായത്.
അക്ഷര്‍ പട്ടേലും (22 പന്തില്‍ 19*) ലളിത് യാദവും (7 പന്തില്‍ 4*) പുറത്താവാതെ നിന്നു. അവസാന ഓവറുകളില്‍ കെകെആര്‍ നന്നായി പൊരുതിയെങ്കിലും വിജയം നേടാനായില്ല. ലിറ്റന്‍ ദാസ് രണ്ട് സ്റ്റംപിങ് അവസരം പാഴാക്കിയതാണ് കെകെആറിന് തിരിച്ചടിയായത്. അല്ലായിരുന്നെങ്കില്‍ ഡല്‍ഹി ആറാം തോല്‍വി വഴങ്ങേണ്ടിവരുമായിരുന്നു.

കെകെആര്‍ മുന്നോട്ടുവെച്ച 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. സ്‌കോര്‍ ബോര്‍ഡ് 38ല്‍ നില്‍ക്കവെ പൃഥ്വി ഷായെയാണ് (13) ഡല്‍ഹിക്ക് ആദ്യം നഷ്ടമായത്. 11 പന്ത് നേരിട്ട് രണ്ട് ബൗണ്ടറിയടക്കം പായിച്ച പൃഥ്വിയെ വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. സീസണില്‍ പൃഥ്വി മോശം ഫോം തുടരുകയാണെന്നത് ഡല്‍ഹിക്ക് വലിയ തലവേദനയാണ്.
വലിയ പ്രതീക്ഷവെച്ച മിച്ചല്‍ മാര്‍ഷ് വീണ്ടും നിരാശപ്പെടുത്തി. ഒമ്പത് പന്ത് നേരിട്ട് രണ്ട് റണ്‍സ് മാത്രം നേടിയ മാര്‍ഷിനെ കെകെആര്‍ ക്യാപ്റ്റന്‍ നിധീഷ് റാണയാണ് പുറത്താക്കിയത്. വമ്പനടിക്കാരന്‍ ഫില്‍ സാള്‍ട്ടിനും ശോഭിക്കാനായില്ല. 3 പന്തില്‍ 5 റണ്‍സെടുത്ത സാള്‍ട്ടിനെ അനുകുല്‍ റോയ് റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി.
ഒരുവശത്ത് അര്‍ധ സെഞ്ച്വറിയോടെ പൊരുതിയ ഡേവിഡ് വാര്‍ണറെ വരുണ്‍ പുറത്താക്കിയത് കെകെആറിന് പ്രതീക്ഷ നല്‍കി. 41 പന്തില്‍ 11 ബൗണ്ടറി ഉള്‍പ്പെടെ 57 റണ്‍സാണ് വാര്‍ണര്‍ നേടിയത്. വാര്‍ണര്‍ പുറത്താവുമ്പോള്‍ 13.1 ഓവറില്‍ നാലിന് 93 എന്ന നിലയിലായിരുന്നു ഡല്‍ഹി. അല്‍പ്പ സമയം ചെറുത്തുനിന്ന മനീഷ് പാണ്ഡെ (23 പന്തില്‍ 21) വമ്പന്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായി. അനുകുല്‍ റോയിക്കാണ് വിക്കറ്റ്.
പിന്നാലെയെത്തിയ അമാന്‍ ഹക്കിം ഖാനെ നിധീഷ് റാണ ഡെക്കാക്കിയതോടെ മത്സരം ആവേശകരമായി. അക്ഷര്‍ പട്ടേലിന്റെ ക്യാച്ച് കുല്‍വന്ത് ഖജ്‌റോലിയ പാഴാക്കിയത് കെകെആറിന് തിരിച്ചടിയായി. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ലളിത് യാദവിന്റെ സ്റ്റംപിങ് അവസരം ലിറ്റന്‍ ദാസ് പാഴാക്കുകയും ചെയ്തു. 18.5ാം പന്തില്‍ അക്ഷര്‍ പട്ടേലിന്റെ സ്റ്റംപിങ് അവസരവും ലിറ്റന്‍ നഷ്ടപ്പെടുത്തി. ഇതോടെ നാല് വിക്കറ്റിന്റെ ജയം കെകെആര്‍ നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന കെകെആറിനെ കാത്തിരുന്നത് കൂട്ടത്തകര്‍ച്ചയായിരുന്നു. നാല് മാറ്റങ്ങളുമായി ഇറങ്ങിയ കെകെആറിനായി ജേസന്‍ റോയിയും ലിറ്റന്‍ ദാസുമാണ് ഓപ്പണിങ്ങിലെത്തിയത്. ബൗണ്ടറിയോടെ ഐപിഎല്ലിലേക്കുള്ള വരവറിയിച്ച ദാസിന് ഇതേ നാല് റണ്‍സുമായി മടങ്ങേണ്ടി വന്നു. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. മുംബൈ ഇന്ത്യന്‍സിനെതിരേ സെഞ്ച്വറി നേടിയ വെങ്കടേഷ് അയ്യര്‍ ഡെക്കിന് മടങ്ങി.
രണ്ട് പന്ത് നേരിട്ട വെങ്കടേഷിനെ ആന്‍ റിച്ച് നോക്കിയേയുടെ പന്തില്‍ മിച്ചല്‍ മാര്‍ഷ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ക്യാപ്റ്റന്‍ നിധീഷ് റാണയും (4) തീര്‍ത്തും നിരാശപ്പെടുത്തി. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഇഷാന്ത് ശര്‍മയാണ് കെകെആര്‍ നായകന് മടക്ക ടിക്കറ്റ് നല്‍കിയത്. ഇഷാന്തിനെ സിക്‌സറിന് ശ്രമിച്ച നീധീഷണിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് മുകേഷ് കുമാര്‍ മടക്കിയത്.
മന്ദീപ് സിങ്ങിന് മധ്യനിരയില്‍ അവസരം ലഭിച്ചപ്പോള്‍ തിളങ്ങാനായില്ല. 11 പന്തില്‍ 12 റണ്‍സെടുത്ത താരത്തെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡാക്കി. മോശം ഷോട്ടിന് ശ്രമിച്ചാണ് മന്ദീപിന്റെ മടക്കം. റിങ്കു സിങ് സ്വീപ് ബൗണ്ടറിയോടെ പ്രതീക്ഷ നല്‍കിയില്ലെങ്കിലും നിരാശപ്പെടുത്തി. എട്ട് പന്തില്‍ ആറ് റണ്‍സെടുത്ത റിങ്കുവിനെ അക്ഷര്‍ പട്ടേലാണ് മടക്കിയത്. സുനില്‍ നരെയ്‌നും (4) കാര്യമായൊന്നും ചെയ്യാതെ മടങ്ങി. ഒരുവശത്ത് ജേസന്‍ റോയ് പിടിച്ചുനിന്നു.
39 പന്തില്‍ അഞ്ച് ഫോറും 1 സിക്‌സുമടക്കം 43 റണ്‍സ് നേടിയ റോയിയെ കുല്‍ദീപ് യാദവാണ് മടക്കിയത്. തൊട്ടടുത്ത പന്തില്‍ അനുകുല്‍ റോയിയെ എല്‍ബിയിലും കുടുക്കി. ആന്‍ഡ്രേ റസലിന്റെ (31 പന്തില്‍ 38*) പ്രകടനമാണ് കെകെആര്‍ സ്‌കോര്‍ബോര്‍ഡ് 100 കടത്തിയത്. ഒരു ഫോറും നാല് സിക്‌സും ഉള്‍പ്പെടെ റസല്‍ പുറത്താവാതെ നിന്നു.ഡല്‍ഹിക്കായി ഇഷാന്ത് ശര്‍മ, ആന്‍ റിച്ച് നോക്കിയോ, ആക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുകേഷ് കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി.
പ്ലേയിങ് 11- കെകെആര്‍- വെങ്കടേഷ് അയ്യര്‍, ലിറ്റന്‍ ദാസ്, ജേസന്‍ റോയ്, സുനില്‍ നരെയ്ന്‍, നീതീഷ് റാണ (c), റിങ്കു സിങ്, മന്ദീപ് സിങ്, ആന്‍ഡ്രേ റസല്‍, വരുണ്‍ ചക്രവര്‍ത്തി, ഉമേഷ് യാദവ്, കുല്‍വന്ത് ഖജ്‌റോലിയ
ഡല്‍ഹി ക്യാപിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍ (c), മിച്ചല്‍ മാര്‍ഷ്, മനീഷ് പാണ്ഡെ, ഫില്‍ സാള്‍ട്ട്, ലളിത് യാദവ്, അമാന്‍ ഖാന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആന്‍ റിച്ച് നോക്കിയേ, ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍